Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
krishi bhavan
cancel
Homechevron_rightNewschevron_rightKeralachevron_rightഒരു ബൈക്കിൽ യാത്ര...

ഒരു ബൈക്കിൽ യാത്ര ചെയ്​തത്​ 25 പേർ!! ; തട്ടിപ്പിന്‍റെ വിളനിലമായി കൃഷി ഭവനുകൾ

text_fields
bookmark_border

തിരുവനന്തപുരം: സംസ്​ഥാനത്തെ കൃഷി ഭവനുകളിൽ പകൽകൊള്ളയെന്ന് ധനകാര്യ പരിശോധനാ വിഭാഗത്തിന്‍റെ റിപ്പോർട്ട്. വയനാട്ടിലെ കൃഷിഭവനുകളിൽ പദ്ധതികൾക്ക് അനുവദിക്കുന്ന പണം ഉദ്യോഗസ്ഥർ നേരിട്ട് കൊയ്തെടുക്കുകയാണ്.

കൃഷിവകുപ്പ് വിഭാവനം ചെയ്യുന്ന പദ്ധതികൾ താഴെ തട്ടിൽ നടപ്പാക്കുന്നത് കൃഷിഭവനുകൾ വഴിയാണ്. കൃഷി ഓഫിസറും രണ്ടോ മൂന്നോ ഫീൽഡ് അസിസ്റ്റൻറും ആണ്​ ഇവിടെയുള്ളത്. ഈ ഉദ്യോഗസ്ഥർ പദ്ധതി നിർവഹണം നടത്തി അർഹതയുള്ളവർക്ക് ആനുകൂല്യം നൽകാനുള്ള ശുപാർശ അസി. ഡയറക്ടർ ഓഫിസിലേക്ക് സമർപ്പിക്കുന്നു. ഈ ഓഫിസിൽനിന്ന് കർഷകരുടെ അക്കൗണ്ട് വഴി ധനസഹായം നൽകുകയാണ് പതിവ്.


നിർദേശിക്കപ്പെട്ട മാനദണ്ഡങ്ങൾ പ്രകാരമാണോ പദ്ധതി നടപ്പാക്കിയിരിക്കുന്നതെന്നും ഫീൽഡ് തലത്തിൽ പദ്ധതി നിർവഹിക്കപ്പെട്ടോയെന്നും തുടർപരിശോധനയും വിലയിരുത്തലും നടത്തേണ്ടത് അസി. ഡയറക്ടർ മുതൽ മുകളിലുള്ള ഉദ്യോഗസ്ഥരാണ്. ഇത്തരത്തിൽ സമയബന്ധിതമായ പരിശോധനയും വിലയിരുത്തലും കടലാസിൽ മാത്രമാണ്​. അത് പദ്ധതി നിർവഹണത്തിന്‍റെ കാര്യക്ഷമതയെ ബാധിക്കുന്നു. കൃഷി ഭവനുകളുമായി ബന്ധപ്പെട്ട് ഇത്തരം പരിശോധനകളൊന്നും കാര്യക്ഷമമായി നടന്നിട്ടില്ല.

അനർഹർക്ക് 'എ' ഗ്രേഡുകൾ

കൃഷി വകുപ്പ് നടപ്പാക്കിയ പ്രധാന പദ്ധതികളിലൊന്നാണ് പച്ചക്കറി വികസനം. പച്ചക്കറി ഉൽപ്പാദനത്തിൽ സംസ്ഥാനം സ്വയം പര്യാപ്തമാക്കാൻ ആവിഷ്കരിച്ച പദ്ധതി. വയനാട്ടിലെ തൊണ്ടർനാട് കൃഷി ഭവനിൽ കർഷകരുടെ കൂട്ടായ്മ (ക്ലസ്റ്ററുകൾ) രൂപീകരിച്ച ധനസഹായം അനുവദിച്ചു. പിന്നീട് അവയുടെ പ്രവർത്തനം വിലയിരുത്തി ഗ്രേഡ് നൽകി. കൃഷിഭവനിൽ അനർഹർക്കാണ് 'എ' ഗ്രേഡും നൽകിയത്. അവർക്ക് റിവോൾവിങ്​ ഫണ്ട് ഉൾപ്പെടെ വിവിധ ഇനങ്ങളിലായി ധനസഹായവും ലഭിച്ചു.

'എ' ഗ്രേഡ് ക്ലസ്റ്ററുകളായി തെരഞ്ഞെടുത്ത പ്രിയങ്ക, ഉദയം എന്നീ സംഘങ്ങൾ യാതൊരു പ്രവർത്തനവും നടത്തിയില്ല. ഉദയത്തിന് 10.30 ലക്ഷമാണ് ധനസഹായം അനുവദിച്ചത്. നഴ്സറി തുടങ്ങാൻ ഷെഡ് നിർമിച്ചതായും വളം വാങ്ങിയതായും ട്രാൻസ്പോർട്ട് സബ്സിഡി നൽകിയതായുമുള്ള രേഖകൾ സമർപ്പിച്ചാണ് തുക കൈപ്പറ്റിയത്.


അനുവദിച്ച തുകയിൽനിന്നും 75,000 രൂപ വീതം രണ്ടുതവണയായി അന്നത്തെ കൃഷി ഓഫിസർ രജനിക്കും അസിസ്റ്റന്‍റുമാരായ പി. പ്രദീപൻ, കെ.കെ. രജ്ഞിത് എന്നിവർക്കും നൽകാനായി കൃഷിഭവനിലെ പ്രദീപ് ഏൽപ്പിച്ചുവെന്നാണ്​ ക്ലസ്റ്റർ കൺവീനർ ജോബി രേഖാമൂലം നൽകിയ മൊഴി. ക്ലസ്റ്റർ കച്ചവടത്തിൽ രജനിക്ക് 1.15 ലക്ഷവും പ്രദീപന് 75,000, രഞ്​ജിത്തിന് 60,000 രൂപയും കൈപ്പറ്റിയതായി അവർ തന്നെ അന്വേഷണ സംഘത്തിന് മുന്നിൽ സമ്മതിച്ചു. കോഴ വാങ്ങിയത് പിടികൂടിയപ്പോഴാണ് ഉദ്യോഗസ്ഥർ കുറ്റം സമ്മതിച്ചത്.

മറ്റൊരു ഉദാഹകരണം തിരുനെല്ലിയാണ്. കൃഷി ഓഫിസറായിരുന്ന ഗുണശേഖരൻ വയനാട് പാക്കേജിൽ ഉൾപ്പെടുത്തി 13ാം വാർഡ് കുരുമുളക് സമിതിക്ക് 30,000 രൂപ സബ്സിഡി അനുവദിച്ചു. നഴ്സറി നേരിട്ട് പരിശോധിച്ചപ്പോൾ കേവലം ഷെഡ് നിർമിച്ചതല്ലാതെ മറ്റൊരു പ്രവർത്തനവും നടന്നില്ല. ജീവാണുവളങ്ങൾ പോലുള്ളവ ഉപയോഗിക്കുന്നത് പൂർണമായും കാലാവസ്ഥയെ ആശ്രയിച്ചാണ്. കർഷകർക്ക് 69,045 രൂപ വിലവരുന്ന ട്രൈക്കോസർമ, ബ്യൂഡോ മൊണാസ് സമയബന്ധമായി വിതരണം ചെയ്യാതെ കാലാവധി കഴിഞ്ഞു. കൃഷിഭവന് പിറകിലുള്ള ഗോഡൗണിൽ ഇവ കൂട്ടിയിട്ടിരിക്കുന്നത് ഗുരുതര വീഴ്ചയാണ്.

വയനാട് പാക്കേജിൽ ഉൾപ്പെടുത്തി പച്ചക്കറി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി 2014 മാർച്ച 25ന് കർഷകർക്ക് പരിശീലനം നൽകി. ഇതിനായി 40,000 രൂപ ഗുണശേഖരൻ കൈപ്പറ്റി. പരിശീലനത്തിൽ 100 പേർ പങ്കെടുത്തതായും ഇവർക്കായി 15,000 രൂപക്ക്​ 150 രൂപ വിലയുള്ള 100 ഫയൽ പാഡുകളും ആറ്​ രൂപ വിലയുള്ള 1200 പന്നിയൂർ ഒന്ന് കുരുമുളക് തൈകളും (10,200 രൂപ) വാങ്ങിയതായി ബില്ലുകൾ ഹാജരാക്കിയാണ് തുക കൈപ്പറ്റിയത്.

എന്നാൽ, 100 പേർ പരിശീലനത്തിൽ പങ്കെടുത്തിട്ടില്ല. സാധനങ്ങൾ വിതരണം ചെയ്തിട്ടുമില്ല. പരിശീലനത്തിൽ പങ്കെടുത്ത ആളുകളുടെ എണ്ണം പെരുപ്പിച്ച് വ്യാജ ബില്ലുകൾ സമർപ്പിച്ച്​ പണം തട്ടിയെടുക്കുകയാണ് കൃഷി ഓഫിസർ ചെയ്തത്.

തവിഞ്ഞാലിലെ പഠനയാത്രകൾ

തവിഞ്ഞാലിലെ കൃഷി ഓഫിസർക്ക് താൽപ്പര്യം പഠനയാത്രകളോടാണ്. ക്രമക്കേട് നടത്താനുള്ള എളുപ്പവഴി പഠനയാത്രകളാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. 2015-16ൽ 25 പേർ വീതമുള്ള യാത്രകൾ നടത്താൻ 25,000 രൂപയുടെ രേഖകൾ സമർപ്പിച്ചു. എന്നാൽ, ഗതാഗതവകുപ്പിലെ രേഖകൾ പ്രകാരം 25 പേർ യാത്ര ചെയ്തത് ഒരു ഇരുചക്രവാഹനത്തിലാണ്. ഏകദേശം 60 കിലോമീറ്ററിൽ താഴെ മാത്രം ദൂരം വരുന്ന അമ്പലവയൽ ഫാമിലേക്ക് 280 കിലോമീറ്റർ ദൂരം യാത്ര ചെയ്തതായി ട്രിപ്പ് ഷീറ്റിൽ രേഖപ്പെടുത്തി.


യാത്രയിലെ 2,520 രൂപയുടെ ഭക്ഷണ ബിൽ തിരുത്തി 12,820 രൂപയാക്കി. ഇങ്ങനെ അധികപണം കൃഷി ഓഫിസർ അരുൺകുമാർ തട്ടിയെടുത്തു. പിന്നീട് വന്ന കൃഷി ഓഫിസറും പഠനയാത്രക്ക് കുറവ് വരുത്തിയില്ല. അദ്ദേഹം 2016-17 വയനാട് പാക്കേജിൽ ഉൾപ്പെടുത്തി 25 പേർ വീതമുള്ള നാല് യാത്രകൾ നടത്തി. അതിന് ബില്ല് ഹാജരാക്കി 40,000 രൂപ കൈപ്പറ്റി. വാഹന നമ്പർ പരിശോധിച്ചപ്പോൾ കൃത്രിമം കണ്ടെത്തി. അഞ്ച്, ഏഴ്, 13 പേർക്ക് മാത്രം സഞ്ചരിക്കാൻ കഴിയുന്ന വാഹനങ്ങളാണ് യാത്രക്ക് ഉപയോഗിച്ചത്. യഥാർത്ഥത്തിൽ നടത്താത്ത യാത്രയുടെ പേരിലും ഓഫിസർ മുഹമ്മദ് ഷഫീക്ക് 10,000 രൂപ കൈപ്പറ്റി. വിവിധ പദ്ധതികൾക്ക്​ ധനസഹായം അനുവദിച്ചപ്പോൾ അനർഹമായി പലരുടെയും പേരുകൾ ഇരട്ടിച്ചു.

ക്ലസ്റ്ററുകളില്ലാത്ത എടവക

എടവക കൃഷിഭവന് കീഴിൽ 'എ' വെജിറ്റബിൾ ക്ലസ്റ്ററായി തെരഞ്ഞെടുക്കപ്പെട്ട് 2014 മുതൽ ധനസഹായം അനുവദിച്ച നാല് ക്ലസ്റ്ററുകളിൽ ഒന്നുപോലും പ്രവർത്തനം ആരംഭിച്ചിട്ടില്ല. 40 ലക്ഷം രൂപ ഈ ക്ലസ്റ്ററുകളിൽ അക്കൗണ്ടിൽ ഉപയോഗിക്കപ്പെടാതെ കിടക്കുന്നു. പരിശോധനാ കാലത്ത് ചുമതലയേറ്റ കൃഷി ഓഫിസർ ഈ ക്ലസ്റ്ററുകൾ പ്രവർത്തനക്ഷമമാക്കാൻ ശ്രമങ്ങൾ നടത്തി. എന്നാൽ, അവ രൂപീകരിച്ചതുതന്നെ പദ്ധതി മാനദണ്ഡങ്ങൾ പാലിക്കാതെയാണ്.

മാനദണ്ഡപ്രകാരം പ്രവർത്തിക്കാൻ കഴിയാത്തതിനാൽ, അനുവദിച്ച പണം പിൻവലിച്ച് എന്തെങ്കിലും പ്രവർത്തനങ്ങൾ നടത്തിയാൽ തന്നെ തങ്ങളുടെ വ്യക്തിഗത ബാധ്യതയാവുമെന്നതിനാൽ ഒരു രൂപ പോലും ക്ലസ്റ്റർ ഭാരവാഹികൾ പിൻവലിച്ചില്ല. യാതൊരു പരിശോധനയും നടത്താതെ 40 ലക്ഷം രൂപ അനുവദിക്കുകയും യോഗം ചേരാതെ തുക ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്തു.

വെള്ളമുണ്ട കൃഷിഭവനിൽ മാർഗനിർദേശപ്രകാരം പ്രവർത്തിക്കാത്ത ക്ലസ്റ്ററുകൾക്ക് അനർഹമായി ധനസഹായം ലഭിച്ചു. 'എ' ഗ്രേഡ്​ ലഭിച്ച ഫ്രഷ് - 7.06 ലക്ഷം, ബ്ലൂ മൗണ്ട് - 8.76, പഴശ്ശി - 23.11 ലക്ഷം, ഹൈറേഞ്ച് (പൊട്ടൻഷ്യൽ) -80,000 എന്നിങ്ങനെയാണ് തുക അനുവദിച്ചത്. ഈ ക്ലസ്റ്ററുകളൊന്നും മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് പൂർണതോതിൽ പ്രവർത്തിച്ചിട്ടില്ല. ഗുണഭോക്തൃ ലിസ്റ്റിൽ ഇരട്ടിപ്പ് ഉണ്ടായി. 1.67 ലക്ഷം അനഹർക്ക് സഹായം നൽകിയെന്നും അന്വേഷണത്തിൽ കണ്ടെത്തി.

പതിറ്റാണ്ടുകളായി ആഴത്തിൽ വേരൂന്നിയ അഴിമതി, ഉന്നത ഉദ്യോഗസ്ഥർ മുതൽ കൃഷിഭവൻ വരെ വ്യാപിച്ചപ്പോൾ തകർന്നത് നാട്ടിലെ കർഷകരുടെ നട്ടെല്ലാണ്. ഉദ്യോഗസ്ഥരിൽ പലരും സർവിസിൽനിന്ന്​ കോടീശ്വന്മാരായിട്ടാണ് പടിയിറങ്ങുന്നത്. മറുവശത്ത് ഉയരുന്നത് കടക്കെണിയിലകപ്പെട്ട് ആത്മഹത്യ ചെയ്ത കർഷകരുടെ കുടുംബങ്ങളിലെ നിലക്കാത്ത നിലവിളികൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Agriculture Newskrishi bhavan
News Summary - 25 people traveled on one bike !! ; krishi bhavan are breeding ground for fraud
Next Story