ജെ.ഡി.ടി സ്ഥാപനങ്ങളിൽ മാനേജ്മെന്റ് ക്വാട്ടയിലെ 25 ശതമാനം സീറ്റുകൾ അനാഥർക്ക്; ‘ജെ.ഡി.ടി ഓർഫൻ സപ്പോർട്ട്’ പദ്ധതി പ്രഖ്യാപിച്ചു
text_fieldsകോഴിക്കോട്: തങ്ങളുടെ കീഴിലുള്ള മുഴുവൻ സ്ഥാപനങ്ങളിലെയും മാനേജ്മെന്റ് ക്വാട്ടയിലെ 25 ശതമാനം സീറ്റുകൾ അനാഥർക്ക് സംവരണം ചെയ്യുന്ന ‘ജെ.ഡി.ടി ഓർഫൻ സപ്പോർട്ട്’ പദ്ധതിയുമായി കോഴിക്കോട് വെള്ളിമാടുകുന്നിലെ ജെ.ഡി.ടി ഇസ്‍ലാം മാനേജ്മെന്റ്. പദ്ധതിയുടെ പ്രഖ്യാപനം ജെ.ഡി.ടി ഇസ്‍ലാം മഹാചരിത്ര സമ്മേളനം ‘ഹിസ്റ്റോറിയ 23’ൽ കുവൈത്തിലെ അൽ നൂരി ഗ്രൂപ് ഓഫ് കമ്പനീസ് ചെയർമാൻ നൂരി അൽ നൂരി നിർവഹിച്ചു.
സംസ്ഥാനത്ത് കോടിക്കണക്കിന് രൂപയുടെ വഖഫ് സ്വത്തുക്കളാണ് ഇതിനകം അന്യാധീനപ്പെട്ടതെന്നും ഇതിൽ ആയിരം കോടിയുടേതെങ്കിലും തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് സർക്കാറെന്നും പരിപാടി ഉദ്ഘാടനം ചെയ്ത മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. മെഡിക്കൽ കോളജ് തുടങ്ങൽ അടക്കമുള്ള ജെ.ഡി.ടിയുടെ ആവശ്യങ്ങൾക്ക് സർക്കാർ പിന്തുണയുണ്ടാകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ആവശ്യമായ രേഖകളും മതിയായ പ്രോജക്ടുകളും സമർപ്പിച്ചാൽ സർക്കാറിനെ സംബന്ധിച്ച് ഇക്കാര്യത്തിൽ മടിയൊന്നുമില്ല. എല്ലാ കാര്യങ്ങളും സുതാര്യമായി പോകണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജെ.ഡി.ടി പ്രസിഡന്റ് ഡോ. വി. ഇദ്‍രീസ് അധ്യക്ഷതവഹിച്ചു. ഇഖ്റ ഹെൽത്ത് ചാരിറ്റി സ്കീം ഉദ്ഘാടനം കുവൈത്തിലെ ജമാൽ അൽ നൂരി നിർവഹിച്ചു. പഞ്ചാബിൽ നിന്നുള്ള ഗുർമീത് സിങ് മുഖ്യാതിഥിയായിരുന്നു. ഡിജിറ്റൽ മ്യൂസിയത്തിന്റെ ലോഞ്ച് മേയർ ഡോ. ബീന ഫിലിപ്പും സിവിൽ സർവിസ് പരിശീലന പദ്ധതി ഉദ്ഘാടനം ഇ.ടി. മുഹമ്മദ് ബഷീർ എം.പിയും പോളിടെക്നിക് ഫാബ് ലാബ് ഉദ്ഘാടനം പി.ടി.എ. റഹീം എം.എൽ.എയും മത്സര പരീക്ഷ സെൻറർ ഉദ്ഘാടനം ടി. സിദ്ദീഖ് എം.എൽ.എയും ഗ്ലോബൽ അലുമ്നി ലോഞ്ച് ജെ.ഡി.ടി മുൻ പ്രസിഡന്റ് സി.പി. കുഞ്ഞിമുഹമ്മദും നിർവഹിച്ചു.
ജെ.ഡി.ടിയുടെ മുൻ സാരഥികളായ ഡോ. എച്ച്.എസ്. അബ്ദുറഹ്മാനുള്ള ആദരം പൗത്രി ഡോ. ഷബ്ന മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദിൽനിന്നും അസ്‍ലമിനുള്ള ആദരം പുത്രി ബീവി ഫാത്തിമ ജെ.ഡി.ടി ജോയന്റ് സെക്രട്ടറി എം.പി. അബ്ദുൽ ഗഫൂറിൽനിന്നും ഹസൻ ഹാജിക്കുള്ള ആദരം പത്നി സുബൈദ ഇ.വി. ലുഖ്മാനിൽനിന്നും ഏറ്റുവാങ്ങി.
ഒളവട്ടൂർ ഹയാത്തുൽ ഇസ്‍ലാം ഓർഫനേജ്, മുട്ടിൽ ഡബ്ല്യു.എം.ഒ, മുക്കം മുസ്‍ലിം ഓർഫനേജ്, തിരൂരങ്ങാടി മുസ്‍ലിം ഓർഫനേജ് എന്നിവയെയും ചടങ്ങിൽ ആദരിച്ചു. ജെ.ഡി.ടിയും മലബാർ ചരിത്രവും എന്ന വിഷയത്തിൽ കെ.ഇ.എൻ. കുഞ്ഞഹമ്മദ് പ്രഭാഷണം നടത്തി. പി.കെ. അഹമ്മദ്, ഹംസ തയ്യിൽ, സി.എ. ആരിഫ്, പി.എൻ. ഹംസക്കോയ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി ഡോ. പി.സി. അൻവർ സ്വാഗതവും ജോയന്റ് സെക്രട്ടറി എം.പി. അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.