കോവിഡ് ഭീതി; 25 ആദിവാസി കുടുംബങ്ങള്‍ വനത്തില്‍ അഭയം തേടി
text_fieldsകേളകം: കോവിഡിനെ പേടിച്ച് കൊട്ടിയൂർ മേലെ പാല്‍ച്ചുരം ആദിവാസി കോളനിയിലെ കുടുംബങ്ങള്‍ വനത്തില്‍ അഭയം തേടി. 25ലധികം കുടുംബങ്ങളാണ് കോവിഡിനെ പേടിച്ച് വനത്തില്‍ അഭയം തേടിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ഗര്‍ഭിണികളടക്കമുള്ള ആദിവാസി കുടുംബങ്ങള്‍ കോളനി വിട്ട് വനത്തിലേക്ക് പോയത്.
ആറളം ഫാമിലുള്ള ഒരാള്‍ കോവിഡ് ചികിത്സ കഴിഞ്ഞ് ബന്ധു താമസിക്കുന്ന മേലെ പാല്‍ച്ചുരം കോളനിയിലേക്ക് വരുമെന്ന് അറിഞ്ഞതിനെതുടര്‍ന്നാണ് കുടുംബങ്ങള്‍ ഒന്നടങ്കം വനത്തിലേക്ക് പോയതെന്ന് ഇവർ തന്നെ പറയുന്നു. നാല് കുടുംബങ്ങള്‍ ഒഴികെ എല്ലാവരും വനത്തില്‍ അഭയം തേടിയതോടെ വാര്‍ഡ് അംഗവും പഞ്ചായത്ത് പ്രസിഡൻറും വനംവകുപ്പും ചേര്‍ന്ന് വനത്തില്‍ തിരച്ചില്‍ നടത്തി. ഒടുവില്‍ ഇവരെ വയനാട് അതിര്‍ത്തിയായ ലങ്കയ്ക്ക് സമീപം കുടില്‍ കെട്ടി താമസിക്കുന്ന നിലയില്‍ കണ്ടെത്തി.
തുടർന്ന് ഞായറാഴ്ച ഉച്ചയോടെ ഇവരെ തിരിച്ചെത്തിച്ചു. കൊട്ടിയൂര്‍ പഞ്ചായത്ത് പ്രസിഡൻറ് റോയി നമ്പുടാകം, സെക്രട്ടറി സത്യന്, പഞ്ചായത്തംഗങ്ങളായ ഷാജി പൊട്ടയില്‍, ബാബു കാരുവേലില്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സംഘമാണ് വനത്തില്‍ തിരച്ചില്‍ നടത്തിയത്. കേളകം പൊലീസ് സംഘവും കോളനികളില്‍ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.