എതിരില്ലാതെ 25 പേർ; എല്ലാവരും ഇടതുപക്ഷം
text_fieldsഅങ്കം മുറുകുേമ്പാൾ സംസ്ഥാനത്ത് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത് 25 പേർ. ഇതിൽ 18 പേരും കണ്ണൂർ ജില്ലക്കാർ. അഞ്ചുപേർ കാസർകോട്. ഒരാൾ ആലപ്പുഴയിലും മറ്റൊരാൾ ഇടുക്കിയിലുമാണ്. ഇവർ എല്ലാവരും ഇടതുമുന്നണിയുടെ പടയാളികളാണ്. മത്സരം മുറുകുംമുമ്പുതന്നെ 25 ഇടത്ത് ഏകപക്ഷീയ ജയം ഇടതുപക്ഷം കൈപ്പിടിയിലാക്കി കഴിഞ്ഞു.
കണ്ണൂർ ആന്തൂർ നഗരസഭയിലെ ആറ്, മലപ്പട്ടം പഞ്ചായത്തിലെ അഞ്ച്, തളിപ്പറമ്പ്, തലശ്ശേരി നഗരസഭകളിൽ ഒന്നു വീതം, കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്തിൽ മൂന്ന്, കോട്ടയം മലബാർ, ഏഴോം പഞ്ചായത്തുകളിൽ ഒന്നുവീതം സീറ്റുകളിലാണ് ഇടതിന് എതിരില്ലാത്തത്. 15 സീറ്റുകളിൽ പത്രികസമർപ്പണം അവസാനിപ്പിച്ചപ്പോൾതന്നെ ഇടതുസ്ഥാനാർഥികൾ വിജയിച്ചു.
ഇവർക്കെതിരെ പത്രിക നൽകാൻപോലും ആരുമുണ്ടായില്ല. മൂന്നിടങ്ങളിൽ എതിർ സ്ഥാനാർഥികൾ പത്രിക പിൻവലിച്ചതോടെയാണ് ഇടതിന് മത്സരമില്ലാത്ത വിജയം ലഭിച്ചത്. പ്രതിപക്ഷമില്ലാത്ത സംസ്ഥാനത്തെ ഏക നഗരസഭയായ ആന്തൂരിൽ കഴിഞ്ഞ തവണ 14 സീറ്റുകളിൽ സി.പി.എം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇത്തവണ അത് ആറായി.
മലപ്പട്ടം, കോട്ടയം മലബാർ, കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്തുകളിൽ നേരത്തേയും ഇടത് സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തളിപ്പറമ്പ്, തലശ്ശേരി നഗരസഭകളിൽ ആദ്യമായാണ് സി.പി.എമ്മിന് എതിരില്ലാത്തത്. തലശ്ശേരി കോടിയേരി മമ്പള്ളിക്കുന്ന് വാർഡിൽ വ്യാജ ഒപ്പുമായി ബന്ധപ്പെട്ട പരാതിയാണ് യു.ഡി.എഫ് സ്ഥാനാർഥി പത്രിക പിൻവലിക്കാൻ കാരണമായത്.
പിന്താങ്ങാൻ ആളില്ലാതെ മടിക്കൈ
കാസർകോട്: മടിക്കൈ, കയ്യൂർ ചീമേനി പഞ്ചായത്തുകളിലെ അഞ്ചു വാർഡുകളിൽ ഇടതുപക്ഷത്തിന് എതിരില്ല. മടിക്കൈ പഞ്ചായത്തിലെ 10, 11, 12,13 വാർഡുകളിലാണിത്. കയ്യൂർ-ചീമേനി പഞ്ചായത്തിലെ ഏഴാം വാർഡായ പള്ളിപ്പാറയിൽനിന്നാണ് പ്രസിഡൻറ് സ്ഥാനാർഥിയായ കെ.പി. വത്സലൻ തെരഞ്ഞെടുക്കപ്പെട്ടത്. മടിക്കൈയിൽ ബി.ജെ.പി സ്ഥാനാർഥിയെ പ്രഖ്യാപിച്ചെങ്കിലും പിന്താങ്ങാൻ ആളില്ലാത്തതിനാൽ പത്രിക നൽകാൻ സാധിച്ചില്ല.
എന്നും എതിരില്ലാതെ കടവരി; ഇക്കുറി ചെമ്മലർ
തൊടുപുഴ: വട്ടവട ഗ്രാമപഞ്ചായത്തിലെ കടവരി വാർഡിൽ എതിരില്ലാതെ സി.പി.എം വനിത സ്ഥാനാർഥിക്ക് ജയം. ഈ ഗ്രാമം 20 വർഷമായി തുടർച്ചയായി സി.പി.എമ്മിനെയാണ് വിജയിപ്പിക്കുന്നത്. അതും എതിരാളികളില്ലാത്ത ജയം. വട്ടവട പഞ്ചായത്തിലെ മൂന്നാം വാർഡായ കടവരി പഞ്ചായത്ത് ഏത് പാർട്ടി ഭരിച്ചാലും ചുവപ്പ് കൊടിക്കൊപ്പമാണ്.
ഇത്തവണ വനിത സംവരണമായ ഇവിടെനിന്ന് വിജയിച്ചത് പാർട്ടി ബ്രാഞ്ച് കമ്മിറ്റി അംഗമായ ചെമ്മലർ. മറ്റാരും നോമിനേഷൻ പോലും നൽകിയിരുന്നില്ല. ആകെയുള്ള 210 കുടുംബങ്ങളിൽ ഒരു കുടുംബമാണ് കോൺഗ്രസ് എന്നും മറ്റുള്ളവരെല്ലാം സി.പി.എം കാരാണെന്നും ഇക്കുറി ഗ്രാമപഞ്ചായത്ത് പ്രസിഡൻറായിരുന്ന പി. രാമരാജ് 'മാധ്യമ'ത്തോട് പറഞ്ഞു. 2005 ൽ രാമരാജാണ് ആദ്യം എതിരില്ലാതെ ജയിച്ചത്. 2010 ൽ രാജമ്മാൾ ഷൺമുഖം, 2015 ൽ വീണ്ടും രാമരാജ് എതിരില്ലാതെ. ഇപ്പോൾ ചെമ്മലറും.
ഒരേ തെറ്റ്; മൂന്ന് പേരുടെ പത്രിക തള്ളി
കുട്ടനാട്: എതിർ സ്ഥാനാർഥികളുടെയെല്ലാം പത്രിക തള്ളിയതോടെ കൈനകരി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡ് മെംബറായിരിക്കുകയാണ് പ്രമോദ്. എതിരില്ലാതെ വിജയിച്ച സി.പി.എമ്മുകാരനായ കെ.എ. പ്രമോദിന് റിട്ടേണിങ് ഓഫിസർ സ്വാനിമോൾ വിജയപത്രിക കൈമാറി.
എതിർ സ്ഥാനാർഥികളായ മൂന്നു പേരുടെയും പത്രിക തള്ളിയതാണ് പ്രമോദ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടാൻ കാരണം. എതിരാളികളായ മൂന്നുപേരും മറ്റ് വാർഡുകളിൽനിന്നുള്ളവരായതിനാൽ വോട്ടർപട്ടികയുടെ ഗസറ്റഡ് ഓഫിസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ് അപേക്ഷയോടൊപ്പം നൽകണമായിരുന്നു. സാക്ഷ്യപ്പെടുത്താത്ത പകർപ്പ് നൽകിയതാണ് പത്രിക തള്ളാൻ കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.