ചോരുന്ന വീടുകളിൽ ദുരിത ജീവിതവുമായി കാടിന്റെ മക്കൾ
text_fieldsഅടിമാലി: ചോരുന്ന വീടുകളിൽ ദുരിത ജീവിതവുമായി ദിനരാത്രങ്ങൾ തള്ളി നീക്കുകയാണ് മാങ്കുളം പഞ്ചായത്തിലെ വിവിധ ആദിവാസി കോളനികളിലെ ജനങ്ങൾ. സർക്കാർ വർഷങ്ങൾക്ക് മുമ്പ് വാർക്ക വീടുകൾ നിർമിച്ച് നൽകിയെങ്കിലും ഭൂരിഭാഗവും ചോർന്ന് കിടക്കാൻ പറ്റാത്ത അവസ്ഥയിലാണ്. വാർക്കയാണെങ്കിലും മഴ പെയ്താൽ വാർക്കയിലൂടെയും ഭിത്തികളിലൂടെയും വെള്ളം വീട്ടിനകത്ത് എത്തുകയാണ്.
വർഷങ്ങളായി ഇത് തുടരുന്നതിനാൽ ഈർപ്പം മൂലം ഏത് നിമിഷവും വീഴാവുന്ന അവസ്ഥയിലാണ് വീടുകൾ. പലരും വീടുകൾക്ക് മുകളിൽ പ്ലാസ്റ്റിക്ക് പടുതകൾ ഉപയോഗിച്ച് മൂടിയിട്ടുണ്ടെങ്കിലും രണ്ടോ മൂന്നോ മാസങ്ങൾക്കകം പടുതകൾ നശിക്കുന്നു. വീടുകൾ അറ്റകുറ്റപ്പണി നടത്താനോ പുതിയവ വെച്ച് നൽകാനോ ട്രൈബൽ വകുപ്പിനോ, പഞ്ചായത്തിനോ കഴിയുമെങ്കിലും ഇവരാരും തിരിഞ്ഞ് പോലും നോക്കുന്നില്ലെന്ന് ആദിവാസി സമൂഹം പറയുന്നു.
മാങ്കുളം പഞ്ചായത്തിൽ താളുംകണ്ടം, കമ്പനികുടി, ശേവൽകുടി, സിങ്ക്കുടി, ചിക്കണംകുടി, കള്ളകുട്ടികുടി, വേലിയാം പാറകുടി ഉൾപ്പെടെ 13 കോളനികളിലായി 250ലേറെ വീടുകളാണ് ഇത്തരത്തിൽ അപകടാവസ്ഥയിലുള്ളത്. പല വീടുകളിലും അടുക്കളയിൽ പാചകം ചെയ്യാൻ പറ്റാത്ത അവസ്ഥയുണ്ട്. ഇവർ മുറ്റത്ത് പടുത ഷെഡ് നിർമിച്ചാണ് പാചകവും മറ്റും നടത്തുന്നത്. ഇ.എം.എസ് പദ്ധതിയിൽ പലർക്കും വീടുകൾ അനുവദിച്ചതായി പഞ്ചായത്ത് അധികൃതർ പറയുന്നുണ്ടെങ്കിലും ഭൂരിഭാഗം പേർക്കും പുതിയ വീടുകൾ ലഭിച്ചിട്ടില്ല.
അതുപോലെ ഗതാഗതയോഗ്യമായ റോഡില്ലാത്തതിനാൽ ഏറെ ബുദ്ധിമുട്ടുന്നവരാണ് അദിവാസികൾ. 2018ലെ പ്രളയത്തിൽ കള്ളകുട്ടി കുടിയിലേക്കുള്ള ഏകപാലം തകർന്നിരുന്നു. പിന്നെ ഈറ്റയും മുളയും ഉപയോഗിച്ചുള്ള തൂക്ക് പാലമാണ് ഇവർക്ക് പുറംനാട്ടിലേക്ക് എത്താനുള്ള ഏക മാർഗ്ഗം. കാലവർഷത്തിൽ പുഴ കരകവിയുന്നതോടെ ഭക്ഷണ സാധനങ്ങൾ എത്തിക്കുന്നതിനും കുട്ടികളെ സ്കൂളിൽ വിടുന്നതിനുമടക്കം സമാനതകളില്ലാത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഈ സാഹചര്യത്തിൽ ചിക്കണം കുടി എൽ.പി സ്കൂൾ, ഹൈസ്കൂളാക്കി ഉയർത്തണമെന്ന ആവശ്യം ശക്തമാണ്. കുടിവെള്ള പ്രശ്നമാണ് പിന്നെ നേരിടുന്ന പ്രധാന പ്രശ്നം. ജലനിധി അടക്കം നിരവധി പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടെങ്കിലും എല്ലാം പാഴായ അവസ്ഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.