മാധ്യമം ആഴ്ചപ്പതിപ്പിെൻറ 25ാം വാർഷികാഘോഷം: നിലപാടിെൻറ വെള്ളിവെളിച്ചത്തിൽ...
text_fieldsകോഴിക്കോട്: അക്ഷരോജ്ജ്വലമായ കാൽനൂറ്റാണ്ടിലൂടെ മലയാളിയുടെ സാംസ്കാരിക-സാമൂഹിക ബോധ്യങ്ങളെ മാറ്റിമറിച്ച മാധ്യമം ആഴ്ചപ്പതിപ്പിന്റെ രജതജൂബിലി ആഘോഷങ്ങൾക്ക് ഗാംഭീര്യമാർന്ന തുടക്കം. കണ്ടുനിൽക്കാതെ ഇടപെടലിലൂടെ ചരിത്രംകുറിച്ച കാൽനൂറ്റാണ്ടിന്റെ രജതരേഖകൂടിയായി സരോവരം കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടന്ന ആഘോഷത്തുടക്കം. ജ്ഞാനപീഠം ജേതാവ് ദാമോദർ മൗജോ രജതജൂബിലി ആഘോഷപരിപാടികൾക്ക് ഔദ്യോഗികമായി തുടക്കംകുറിച്ചു. സാഹിത്യത്തിലും ജീവിതത്തിലും ഇടമില്ലാതിരുന്നവരെ ചേർത്തുപിടിച്ച 25 വർഷമാണ് മാധ്യമം ആഴ്ചപ്പതിപ്പ് പിന്നിട്ടതെന്ന് ദാമോദർ മൗജോ പറഞ്ഞു.
മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ രജതജൂബിലി പ്രഖ്യാപനം നിർവഹിച്ചു. കാലോചിതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് മാധ്യമം ആഴ്ചപ്പതിപ്പ് മുന്നോട്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു.
മലയാളത്തിലെ ഏതു പ്രസിദ്ധീകരണത്തിനും ഒപ്പം നിൽക്കുന്നതാണ് മാധ്യമം ആഴ്ചപ്പതിപ്പെന്ന് തെളിയിച്ച കാൽ നൂറ്റാണ്ടാണ് പിന്നിട്ടതെന്ന് മുഖ്യപ്രഭാഷണം നിർവഹിച്ച ടി. പത്മനാഭൻ അഭിപ്രായപ്പെട്ടു. മാധ്യമം ആഴ്ചപ്പതിപ്പിന്റെ വെബ്സീൻ പ്രശസ്ത പത്രപ്രവർത്തകൻ സഈദ് നഖ്‍വി പ്രകാശനം ചെയ്തു. ഐഡിയൽ പബ്ലിക്കേഷൻസ് ട്രസ്റ്റ് വൈസ് ചെയർമാൻ വി.ടി. അബ്ദുല്ലക്കോയ അധ്യക്ഷത വഹിച്ചു. രജതജൂബിലിയുടെ ഭാഗമായി നടത്തിയ മത്സരങ്ങളിലെ വിജയികളെ ടി.ഡി. രാമകൃഷ്ണനും പി.എൻ. ഗോപീകൃഷ്ണനും കെ.ഇ.എന്നും പ്രഖ്യാപിച്ചു. ദാമോദർ മൗജോ രചിച്ച് രാജേശ്വരി ജി. നായർ പരിഭാഷപ്പെടുത്തി മാധ്യമം ബുക്സ് പ്രസിദ്ധീകരിച്ച 'ഇവർ എന്റെ കുട്ടികൾ' എന്ന പുസ്തകം നോവലിസ്റ്റ് എസ്. ഹരീഷ് പ്രകാശനം ചെയ്തു. കെ.കെ. ബാബുരാജ് ഏറ്റുവാങ്ങി. രാജേശ്വരി ജി. നായർ പങ്കെടുത്തു. 25ാം വാർഷിക പതിപ്പ് മാധ്യമം മുൻ പീരിയോഡിക്കൽസ് എഡിറ്റർ വി.എ. കബീർ പ്രകാശനം ചെയ്തു. എഴുത്തുകാരൻ ഫ്രാൻസിസ് നൊറോണ ഏറ്റുവാങ്ങി.
മാധ്യമം എഡിറ്റർ വി.എം. ഇബ്രാഹിം സ്വാഗതവും ഡെപ്യൂട്ടി എഡിറ്റർ പി.എ. അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു. ആഴ്ചപ്പതിപ്പിന്റെ ഇടപെടലുകളുടെ നേർചിത്രമായി സംഘടിപ്പിച്ച എക്സിബിഷൻ ടെലിഗ്രാഫ് എഡിറ്റർ ആർ. രാജഗോപാൽ ഉദ്ഘാടനം ചെയ്തു.
'മഹാമാരിയുടെയും ജനാധിപത്യ സിദ്ധാന്തങ്ങളുടെയും കാലത്തെ മാധ്യമങ്ങളുടെ പ്രതിസന്ധി' വിഷയത്തിൽ നടന്ന മാധ്യമ സെമിനാറിൽ 'ദ വയർ' ഓൺലൈൻ പത്രത്തിന്‍റെ സ്ഥാപക എഡിറ്റർ എം.കെ. വേണു, 'ദ ടെലിഗ്രാഫ്' എഡിറ്റർ ആർ. രാജഗോപാൽ, 'കാരവൻ' എക്സിക്യൂട്ടിവ് എഡിറ്റർ വിനോദ് ജോസ്, ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റോറിയൽ ഉപദേശകൻ എം.ജി. രാധാകൃഷ്ണൻ, സ്വതന്ത്ര മാധ്യമപ്രവർത്തക എം. സുചിത്ര, മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ, മാധ്യമം അസോസിയേറ്റ് എഡിറ്ററും മീഡിയവൺ എം.ഡിയുമായ ഡോ. യാസീൻ അശ്റഫ് എന്നിവർ പങ്കെടുത്തു.
'മീറ്റ് ദ റൈറ്റേഴ്സി'ൽ മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ സഈദ് നഖ്‍വി, കെ.പി. രാമനുണ്ണി, വി.ആർ. സുധീഷ്, ടി.ഡി. രാമകൃഷ്ണൻ, പി.കെ. പാറക്കടവ്, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് എന്നിവർ പങ്കെടുത്തു. മീറ്റ് ദി ആർട്ടിസ്റ്റിൽ ചിത്രകാരന്മാരായ കബിത മുഖോപാധ്യായ, കെ. സുധീഷ്, സുധീഷ് കോട്ടേമ്പ്രം എന്നിവർ പങ്കെടുത്തു. സിത്താര കൃഷ്ണകുമാറും ഹരീഷ് ശിവരാമകൃഷ്ണനും അവതരിപ്പിച്ച 'മായാഗീതങ്ങൾ' ആഘോഷത്തിന് മാറ്റുകൂട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.