ജനകീയാസൂത്രണത്തിന്‍റെ 25ാം വാർഷികം: വികസന അനുഭവങ്ങളുടെ വിശദ വിലയിരുത്തലിലേക്ക്
text_fieldsതിരുവനന്തപുരം: ജനകീയാസൂത്രണത്തിന്‍റെ രജത ജൂബിലി വർഷത്തിൽ 25 വർഷത്തെ വികസന അനുഭവങ്ങളുടെ വിശദ വിലയിരുത്തലിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ. 14ാം പഞ്ചവൽസര പദ്ധതി (2022- 27) രൂപീകരണത്തിന് മുന്നോടിയായി അവസ്ഥാരേഖ തയ്യാറാക്കാനും വികസന രേഖ പരിഷ്കരിക്കാനുമുള്ള മാർഗരേഖയിലാണ് ഇൗ നിർദ്ദേശം.
ഈ വർഷം ഡിസംബർ -2022 ജനുവരി മാസത്തോടെ 25 വർഷത്തെ പ്രവർത്തനം വിലയിരുത്തി അവസ്ഥാരേഖ (സ്റ്റാറ്റസ് റിപ്പോർട്ട്) തയ്യാറാക്കുകയും വികസന രേഖ പരിഷ്കരിക്കുകയും ചെയ്യണം. കാൽനൂറ്റാണ്ടിലുണ്ടായ മാറ്റങ്ങളും നേട്ടങ്ങളും സമസ്ത മേഖലകളെയും പ്രത്യേക വിഭാഗങ്ങളും ഉൾപെടുത്തി വേണം അവസ്ഥാ വിശകലനം നടത്താൻ. പോരായ്മകളും കണ്ടെത്തണം.
1996ലെ അവസ്ഥയും നിലവിലെ അവസ്ഥയും താരതമ്യം ചെയ്യണം. 25 വർഷത്തെ പ്രധാന ഇടപെടലുകൾ, മാറ്റങ്ങൾ, നേട്ടങ്ങൾ, പോരായ്മകൾ, ഒാരോ പഞ്ചവൽസര പദ്ധതിയിലും സ്വീകരിച്ച വികസന തന്ത്രം എന്നിവ വ്യക്തമാക്കണം. വിജയം കൈവരിച്ച പ്രധാന പദ്ധതികൾ, പരാജയപെട്ടവ, ലക്ഷ്യമിട്ട് പ്രയോജനം ലഭിക്കാത്ത പ്രോജക്ടുകൾ, അതിന്‍റെ കാരണങ്ങൾ, പ്രധാന നിഗമനങ്ങൾ എന്നിവ വ്യക്തമാക്കണം.
വികസന പരിപ്രേക്ഷ്യത്തിൽ ഒാരോ മേഖലയിലെയും വികസന ലക്ഷ്യങ്ങൾ, ലക്ഷ്യം കൈവരിക്കാനുള്ള തന്ത്രം എന്നിവ വ്യക്തമാക്കണം. 10 വർഷത്തെ ദീർഘകാല ലക്ഷ്യവും 14ാം പഞ്ചവൽസര പദ്ധതി ലക്ഷ്യവും നിർവചിക്കണം. മറ്റ് മേഖലകളുമായും കേന്ദ്ര- സംസ്ഥാന പദ്ധതികളുമായും മിഷനുകളുമായും മേൽത്തട്ട്, കീഴ്ത്തട്ട് തദ്ദേശ ഭരണ സ്ഥാപനങ്ങളുമായുമുള്ള സംയോജന സാധ്യതകൾ, സംയോജിത പരിപാടികൾ, സംയുക്ത പദ്ധതികൾ എന്നിവയും വ്യക്തമാക്കണം.
കഴിഞ്ഞ 25 വർഷത്തെ മാറ്റവും നേട്ടവും കണ്ടെത്താൻ മുൻകാല വികസന രേഖകൾ, അവസ്ഥാ രേഖകൾ, വാർഷിക പദ്ധതി രേഖകൾ, ജനകീയാസൂത്രണ റൗണ്ട് സർവ്വേ, ഇൗസ് ഒാഫ് ലിവിങ് സർവേ, െഎ.കെ.എമ്മിെൻറ സ്ഥിതിവിവര കണക്ക് എന്നിവ അവലംബമാക്കണം. പഠന റിപ്പോർട്ടുകളോ മുൻകാല ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവരുമായി കൂടിയാലോചനയോ നടത്താം. അവസ്ഥാരേഖ തയ്യാറാക്കുന്നതിന് സമാന്തരമായി തന്നെ വികസന രേഖ പരിഷ്കരണ പ്രക്രിയയും വേണം.
25 വർഷത്തെ വിലയിരുത്തലും പ്രധാന നിഗമനവും വികസന രേഖയിൽ പ്രതിഫലിക്കണം. അതിദാരിദ്ര്യ ലഘൂകരണം, സംരംഭകത്വ വികസനം, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, ഖര- ദ്രവ മാലിന്യ സംസ്കരണം എന്നീ മുൻനിര പരിപാടി പരിഗണിച്ചാവണം വികസന പരിപ്രേക്ഷ്യവും ലക്ഷ്യവും നിശ്ചയിക്കേണ്ടത്. കരട് വികസന രേഖ തയ്യാറാക്കൽ 2022 ജനുവരി 20നുള്ളിൽ പൂർത്തീകരിക്കണമെന്നും നിഷ്കർഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.