വ്യാജരേഖ ചമച്ച് വാഹന ഇൻഷുറൻസ് തുക തട്ടിയ കേസിൽ പൊലീസുകാർ ഉൾപ്പെടെ 26 പ്രതികൾ
text_fieldsതിരുവനന്തപുരം: വ്യാജ രേഖ ചമച്ച് വാഹന ഇൻഷുറൻസ് തുക തട്ടിയ കേസിൽ പൊലീസുകാർ ഉൾപ്പെടെ 26 പേരെ പ്രതിചേർത്തു. അഞ്ച് പൊലീസുകാരും അഭിഭാഷകനും ഉൾപ്പെടെ 26 പേരെ പ്രതി ചേര്‍ത്ത് ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കേസന്വേഷിച്ച് വ്യാജ റിപ്പോര്‍ട്ട് തയാറാക്കിയ തിരുവനന്തപുരം സിറ്റി ട്രാഫിക് സ്റ്റേഷനിലെ അഞ്ച് പൊലീസുകാരാണ് പ്രതികള്‍. ഇതില്‍ നാല് പേരും വിരമിച്ചു. അഞ്ച് കേസും വാദിച്ച അഭിഭാഷകന് പൂവച്ചൽ അരുൺ, ഏജന്റ്, അപകടം പറ്റിയതായി പരാതി നല്കിയവര് സാക്ഷികള്‍ എന്നിവരാണ് മറ്റ് പ്രതികള്‍.
കുന്നുകുഴി സ്വദേശി സെബാസ്റ്റ്യന്റെ ബൈക്ക് ഇടിച്ചുവെന്ന് വ്യാജ രേഖയുണ്ടാക്കിയാണ് അഞ്ച് കേസും രജിസ്റ്റർ ചെയ്തത്. സെബാസ്റ്റ്യനെ കൂടാതെ സഹോദരങ്ങളായ വിമൽരാജും ആൻറണിയും പ്രതികളാണ്. ഇവർ വാഹനം ഓടിച്ചപ്പോഴും അപകടമുണ്ടാക്കിയെന്ന് വ്യാജ കേസെടുത്തിരുന്നു. അപകടത്തിൽ പരിക്കേറ്റുവെന്ന് മൊഴി നൽകുകയും കേസ് നൽകുകയും ചെയ്തവരാണ് മറ്റ് പ്രതികള്‍. തെങ്ങിൽനിന്നു വീണും വീട്ടിൽ തെന്നിവീണും പരിക്കേറ്റവരെ വാഹനാപകടത്തിൽ പരിക്കേറ്റതായി രേഖയുണ്ടാക്കിയാണ് ഇൻഷുറൻസ് തുക തട്ടിയത്.
പരിശോധനഫലം ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിലാകും ഡോക്ടർമാരെ പ്രതി ചേർക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. കേസിലെ മൊഴികളും മഹസറും മെഡിക്കൽ സർട്ടിഫിക്കറ്റുമെല്ലാം വ്യാജമാണെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. വ്യാജ കേസെടുത്ത പൊലീസുകാരാണ് കോടതിയെയും ഇൻഷുറൻസ് കമ്പനിയെയും കബളിപ്പിക്കാൻ കളമൊരുക്കിയത്. തട്ടിപ്പിനുപയോഗിച്ച ബൈക്ക് ഒ.എൽ.എക്സ് വഴി ഉടമ വിറ്റിരുന്നു. ബൈക്ക് വാങ്ങിയ കാട്ടാക്കട സ്വദേശിയിൽ നിന്നാണ് വാഹനം പിടിച്ചെടുത്തത്. ക്രൈംബ്രാഞ്ച് ഡിവെ.എസ്.പി കെ.ആർ. ബിജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം. വാഹനാപകട ഇൻഷുറൻസിന്റെ മറവിൽ സംസ്ഥാനത്ത് നടന്നത് വൻ തട്ടിപ്പാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. വിദേശത്തും തമിഴ്നാട്ടിലും നടന്ന അപകടങ്ങള്‍ പോലും തിരുവനന്തപുരത്തെ വിവിധ ഭാഗങ്ങളിൽ നടന്നെന്ന് എഫ്.ഐ.ആറുണ്ടാക്കി കോടികൾ തട്ടാൻ ശ്രമമുണ്ടായതായി ക്രൈംബ്രാഞ്ച് കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.