പീക്ക് സമയ വൈദ്യുതി ഉപയോഗ വർധന 26 ശതമാനം; ആഭ്യന്തര ഉൽപാദനവും കുറയുന്നു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് വൈകീട്ട് ആറു മുതൽ 10 മണിവരെയുള്ള പീക്ക് മണിക്കൂറിൽ വൈദ്യുതി ഉപഭോഗത്തിലുണ്ടാകുന്നത് വൻവർധന. 2022 മാർച്ച് മാസത്തെ അപേക്ഷിച്ച് ഈ മാർച്ചിൽ 26 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. നിലവിലെ സാഹചര്യം തുടർന്നാൽ ഏപ്രിലിലെ പീക്ക് സമയ പ്രതിദിന ഉപയോഗം 5650 മെഗവാട്ടിന് മുകളിലെത്തും.
രണ്ടാഴ്ചയായി ഓരോ ദിവസവും വൈദ്യുതി ഉപയോഗം പുതിയ ‘റെക്കോഡ്’ കുറിച്ച് കുതിക്കുന്ന സാഹചര്യമാണ്. കഴിഞ്ഞ ദിവസം ഇത് സർവകാല റെക്കോഡായ 104.63 ദശലക്ഷം യൂനിറ്റിലെത്തി. 100 ദശലക്ഷം യൂനിറ്റ് പിന്നിടുന്നത് തുടർച്ചയായതോടെ പവർ എക്സ്ചേഞ്ചിൽനിന്ന് അധിക വിലനൽകി വൈദ്യുതി വാങ്ങിയാണ് പ്രതിസന്ധി പരിഹരിക്കുന്നത്. വേനൽക്കാലമായതിനാൽ ഇതര സംസ്ഥാനങ്ങളിലും വൈദ്യുതിക്ക് ആവശ്യകത കൂടുതലാണ്.
അതിനാൽ പുറത്തുനിന്ന് വാങ്ങുന്ന വൈദ്യുതിക്ക് വില കൂടുന്ന സ്ഥിതിയാണ്. 2022-23 വർഷത്തെ കെ.എസ്.ഇ.ബിയുടെ കടബാധ്യതയുടെ 75 ശതമാനമായ 767.715 കോടി സർക്കാർ അനുവദിച്ചതിനാൽ മേയ് വരെ വൈദ്യുതി വാങ്ങൽ ചെലവടക്കം വലിയ ബുദ്ധിമുട്ടില്ലാതെ കൈകാര്യം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ.
2023-24 വർഷത്തെ നഷ്ടം 1500 കോടിയിലേക്കെത്തിയേക്കും. വർധിച്ച ഉപഭോഗം മൂലം ഈ മാസം മിക്ക ദിവസവും 15 കോടിയിലേറെ രൂപ വൈദ്യുതി വാങ്ങാൻ ചെലവിടേണ്ടിവരുന്നുണ്ട്. ഈ സാഹചര്യത്തിൽ നഷ്ടത്തിന്റെ തോത് ഉയർന്നേക്കാം. ഡാമുകളിലെ ജലനിരപ്പ് കുറഞ്ഞതോടെ, ആഭ്യന്തര വൈദ്യുതോൽപാദനവും കുറഞ്ഞു. കഴിഞ്ഞ ദിവസം പീക്ക് സമയ ഉപഭോഗം 5197 മെഗാവാട്ടിലെത്തിയപ്പോൾ ഉൽപാദനം 1628 മെഗാവാട്ടായിരുന്നു. പകൽ സമയത്തെ ഉപഭോഗം 4577 മെഗാവാട്ടായിരുന്നപ്പോൾ ഉൽപാദനം 1044 മെഗാവാട്ടും. ഡാമുകളിൽ ജലനിരപ്പ് കുറഞ്ഞതോടെ, ഉൽപാദനം ക്രമീകരിച്ച് അധികം വേണ്ട വൈദ്യുതി ഏറക്കുറെ പൂർണമായി പുറത്തുനിന്ന് വാങ്ങുകയാണ്. സംസ്ഥാനത്ത് വേണ്ടതിന്റെ 30 ശതമാനം മാത്രമാണ് ആഭ്യന്തര ഉൽപാദനശേഷി. അത് 20 ശതമാനമായി പരിമിതപ്പെടുത്തേണ്ട അവസ്ഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.