സ്വിഫ്റ്റിനായി 263 ഇ-ബസുകൾ വാങ്ങുന്നു
text_fieldsതിരുവനന്തപുരം: സ്വിഫ്റ്റിനായി 263 ഇലക്ട്രിക് ബസുകൾ വാങ്ങാൻ കെ.എസ്.ആർ.ടി.സി തീരുമാനം. ഒമ്പത് മീറ്റർ നീളമുള്ള 113, 12 മീറ്റർ നീളമുള്ള 150 ബസുകൾക്കാണ് ഓർഡർ നൽകിയത്. ബസുകൾ എത്തുന്ന മുറക്ക് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലേക്ക് വിന്യസിക്കാനാണ് തീരുമാനം.
നിലവിൽ സ്വിഫ്റ്റിന് കീഴിൽ 40 ഇ-ബസുകളുണ്ട്. ഇവ തിരുവനന്തപുരം നഗരത്തിൽ സിറ്റി സർക്കുലറുകളായാണ് ഓടുന്നത്. 50 ബസുകൾ ഓർഡർ ചെയ്തതിൽ 10 എണ്ണം കൂടി ഇനി കിട്ടാനുണ്ട്. തലസ്ഥാന നഗരത്തിൽ പൂർണമായും ഇലക്ട്രിക് ബസുകൾ മാത്രമാക്കണമെന്ന ലക്ഷ്യത്തോടെയാണ് കെ.എസ്.ആർ.ടി.സിയുടെ നീക്കം. ബസുകൾ വൈദ്യുതോർജത്തിലേക്ക് മാറ്റാനുള്ള പ്രധാന തടസ്സം പമ്പിൽനിന്ന് ഇന്ധനം നിറക്കുന്നതുപോലെ ബാറ്ററി മാറ്റുന്ന സ്വാപിങ് സംവിധാനം ഇല്ലാത്തതാണെന്ന് മന്ത്രി ആന്‍റണി രാജു പറഞ്ഞു. സ്വാപിങ് സംവിധാനമുണ്ടെങ്കിൽ ഓരോ 50 കിലോമീറ്റർ ഇടവിട്ട് സൗകര്യം ഒരുക്കാമായിരുന്നു. ഒപ്പം ഇലക്ട്രിക് ബസുകൾ നിർമിച്ചുകിട്ടാനുള്ള കാലതാമസവുമുണ്ട്. സി.എൻ.ജിയും എൻ.എൽ.ജിയുമാണ് ബദൽ ഇന്ധനമായുള്ളത്.
ബസുകൾ സി.എൻ.ജിയിലേക്ക് മാറ്റാൻ ആലോചിച്ചിരുന്നെങ്കിലും ഡീസൽ വിലയോളം നിരക്കെത്തിയതോടെ തൽക്കാലത്തേക്ക് നടപടി നിർത്തി. ഇലക്ട്രിക് വാഹനങ്ങൾ പ്രതീക്ഷിച്ച രീതിയിൽ വർധിക്കാത്തതിന് പ്രധാന കാരണം ചാർജിങ്ങിന് എടുക്കുന്ന കൂടിയ സമയമാണ്. ഉയർന്ന വില, ചാർജിങ് സ്റ്റേഷനുകളുടെ ലഭ്യതക്കുറവ്, ബാറ്ററിയുടെ ക്ഷമതയെക്കുറിച്ച ആശങ്കകൾ എന്നിവയും കാരണങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.