മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ 270 തസ്തികകള്‍; നഗരനയ കമീഷൻ രൂപവത്കരിക്കാനും മന്ത്രിസഭാ തീരുമാനം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ 270 തസ്തികകള്‍ സൃഷ്ടിക്കാന്‍ കൊല്ലത്ത് ചേർന്ന മന്ത്രിസഭായോഗം അനുമതി നൽകി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളുടെ സുഗമമായി പ്രവര്‍ത്തനത്തിനും ആശുപത്രികളിലെ സൂപ്പര്‍ സ്‌പെഷാലിറ്റി വിഭാഗം ഡോക്ടര്‍മാരുടെ അനിവാര്യത കണക്കിലെടുത്തുമാണ് ഇത്രയും തസ്തികകള്‍ ഒരുമിച്ച് സൃഷ്ടിക്കുന്നത്.
262 അധ്യാപക തസ്തികകളും എട്ട് അനധ്യാപക തസ്തികകളുമാണ് സൃഷ്ടിക്കുന്നത്. തിരുവനന്തപുരം -25, കൊല്ലം -29, കോന്നി -37, ആലപ്പുഴ -8, കോട്ടയം -4, എറണാകുളം -43, ഇടുക്കി -50, തൃശൂര്‍ -7, മഞ്ചേരി -15, കോഴിക്കോട് -9, കണ്ണൂര്‍ -31, കാസര്‍ഗോഡ് -1, അറ്റെല്‍ക് -3 എന്നിങ്ങനെ മെഡിക്കല്‍ കോളജുകളില്‍ അധ്യാപക തസ്തികകളും കോന്നി -1, ഇടുക്കി -1, അറ്റെല്‍ക് -6 എന്നിങ്ങനെ അനധ്യാപക തസ്തികകളുമാണ് സൃഷ്ടിച്ചത്.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, മഞ്ചേരി, കോഴിക്കോട്, കണ്ണൂര്‍ മെഡിക്കല്‍ കോളജുകളില്‍ സൂപ്പര്‍ സ്‌പെഷാലിറ്റി സേവനം ശക്തിപ്പെടുത്താനും ഇത് സഹായകമാകും.
നഗരനയ കമീഷൻ രൂപവത്കരിക്കും
സമഗ്രമായ കേരള നഗരനയ കമീഷൻ രൂപവത്കരിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. നഗരവത്കരണവുമായി ബന്ധപ്പെടുത്തി കേരളത്തിന്റെ വികസനത്തെ സഹായിക്കുന്നതിന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചതനുസരിച്ചാണിത്.
ഈ മേഖലയിലെ വിദഗ്ധനായ ഡോ. എം. സതീഷ് കുമാര്‍ ആയിരിക്കും കീഷന്‍ അധ്യക്ഷന്‍. യു.കെയിലെ ബെല്‍ഫാസ്റ്റ് ക്വീന്‍സ് യൂനിവേഴ്സിറ്റിയില്‍ സീനിയര്‍ അസോഷിയേറ്റ് പ്രഫസർ ആണ് ഇദ്ദേഹം.
സഹ അധ്യക്ഷരായി കൊച്ചി മേയര്‍ അഡ്വ. എം. അനില്‍ കുമാർ, അഹമ്മദാബാദ് സെപ്റ്റ് മുന്‍ അധ്യാപകനും നഗരാസൂത്രണ വിദഗ്ധനുമായ ഡോ. ഇ. നാരായണന്‍ എന്നിവരെയാണ് തീരുമാനിച്ചിട്ടുള്ളത്. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മെമ്പർ സെക്രട്ടറിയാവും. സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ തലത്തില്‍ പ്രവര്‍ത്തന പരിചയമുള്ള ഡോ. ജാനകി നായർ, കൃഷ്ണദാസ് (ഗുരുവായൂർ), ഡോ. കെ. എസ്. ജെയിൻസ്, വി. സുരേഷ്, ഹിതേഷ് വൈദ്യ, ഡോ. അശോക് കുമാർ, ഡോ. വൈ.വി.എൻ കൃഷ്ണമൂർത്തി, പ്രഫ. കെ.ടി. രവീന്ദ്രൻ, തെക്കിന്ദർ സിങ് പൻവാർ എന്നീ അംഗങ്ങൾ ചേർന്നതാണ് കമീഷൻ.
ഒരു വര്‍ഷത്തെ പ്രവര്‍ത്തന കാലാവധിയാണ് കമ്മീഷനുള്ളത്. കിലയുടെ നഗരഭരണ പഠന കേന്ദ്രമായിരിക്കും കമ്മീഷന്‍ സെക്രട്ടറിയേറ്റായി പ്രവര്‍ത്തിക്കുന്നത്. ഇതിനായി ഒരു നഗര നയ സെല്‍ രൂപീകരിക്കും. ലോകത്തെ വിവിധ നഗരങ്ങളില്‍ പരന്നു കിടക്കുന്ന സമൂഹം എന്ന നിലയില്‍ ആഗോളമായി ബന്ധപ്പെട്ട് കിടക്കുന്ന കേരളത്തെ സംബന്ധിച്ചിടത്തോളം നഗരവല്‍ക്കരണത്തെ കുറിച്ചുള്ള ആഗോള കാഴ്ചപ്പാട് വികസിപ്പിക്കുന്നതിന് കമ്മിഷന്‍ പ്രവര്‍ത്തനം സഹായകമാവും. കാലാവസ്ഥാ വ്യതിയാനം ഏറ്റവും ശക്തമായി ബാധിച്ച സംസ്ഥാനം എന്ന നിലയിലും അതീവ സങ്കീര്‍ണമായ നഗരവല്‍ക്കരണ പ്രക്രിയയ്ക്ക് വിധേയമാവുന്ന പ്രദേശം എന്ന നിലയിലും കേരളത്തിന്റെ നഗരവല്‍ക്കരണത്തിന്റെ വിവിധ വശങ്ങള്‍ മനസ്സിലാക്കുന്നതിന് ഇതിലൂടെ കഴിയും.
കേരളത്തിന്റെ അടുത്ത 25 വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വഴിതെളിക്കാന്‍ സഹായിക്കുന്ന വിധത്തില്‍ കമീഷന്റെ കണ്ടെത്തലുകളും ശുപാര്‍ശകളും ഉപയോഗിക്കാന്‍ കഴിയുമെന്നാണ് പ്രതീഷിക്കുന്നത്. നഗര നയം രൂപവത്കരിക്കുന്നതിന് സാമ്പത്തികമായ പിന്തുണ നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ റീ ബില്‍ഡ് കേരള, ജര്‍മന്‍ വികസന ബാങ്കായ കെ.എഫ്.ഡബ്ല്യുവുമായി ബന്ധപ്പെട്ട പദ്ധതി, കേരള ഖരമാലിന്യ പരിപാലന പദ്ധതി, അമൃത് എന്നീ പദ്ധതികളില്‍ ഉണ്ട്. പുതിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കാത്ത വിധത്തില്‍ കമീഷന്റെ പ്രവര്‍ത്തനത്തിന് ഇത്തരം ഏജന്‍സികള്‍ ഈയാവശ്യത്തിനായി നീക്കിവെച്ചിട്ടുള്ള ഗ്രാന്‍റ് ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്.
2035ഓടെ 92.8 ശതമാനത്തിന് മുകളില്‍ നഗരവത്കരിക്കപ്പെട്ട സംസ്ഥനമായി കേരളം മാറുമെന്നാണ് ദേശീയ ജനസംഖ്യാ കമീഷന്‍ വിലയിരുത്തല്‍. കേന്ദ്ര സര്‍ക്കാര്‍ കരട് നഗര നയത്തിന്‍റെ ചട്ടക്കൂട് 2018ല്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. നഗര വികസനം സംസ്ഥാന വിഷയമായതിനാല്‍ ഓരോ സംസ്ഥാനവും പ്രത്യേകമായി നഗര നയം പ്രസിദ്ധപ്പെടുത്തണമെന്ന് ഈ റിപോര്‍ട്ട് ശുപാര്‍ശ ചെയ്തു. അര്‍ബന്‍ കമീഷന്‍ രൂപവത്കരിക്കുന്നതിലൂടെ ആദ്യമായി സ്വന്തം നഗര നയം രൂപവത്കരിക്കുന്ന സംസ്ഥാനമായി കേരളം മാറും.
സെന്റർ ഓഫ് എക്സലൻസ് ഇൻ മൈക്രോബയോം രൂപവത്കരണം: ധാരണാപത്രം അംഗീകരിച്ചു
സെന്റർ ഓഫ് എക്സലൻസ് ഇൻ മൈക്രോബയോമിന്റെ രൂപവത്കരണവും നടത്തിപ്പും സംബന്ധിച്ച് കെ -ഡിസ്ക്, കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻഡ് എൻവയോൺമെന്റ്, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി എന്നിവർ ചേർന്ന് ഒപ്പിടേണ്ട ധാരണാപത്രം മന്ത്രിസഭ അംഗീകരിച്ചു. സംസ്ഥാനത്ത് സെന്‍റര്‍ ഓഫ് എക്സലന്‍സ് ഇന്‍ മൈക്രോബയോം സ്ഥാപിക്കാന്‍ നേരത്തെ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ പിന്തുണയോടെയും പങ്കാളിത്തത്തോടെയും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ കീഴിലാണ് ഇത് സ്ഥാപിക്കുന്നത്. കേരള ഡവലപ്‌മെന്‍റ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ സമർപ്പിച്ച വിശദ പദ്ധതി രേഖ അംഗീകരിച്ചാണ് ഭരണാനുമതി നൽകിയത്.
വിരമിക്കൽ പ്രായം
കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് ജീവനക്കാർക്ക് വിരമിക്കൽ പ്രായം നിലവിലെ 58 വയസ്സിൽ നിന്നു 60 വയസ്സായി ഉയർത്താൻ തീരുമാനിച്ചു.
ടെൻഡർ അംഗീകരിച്ചു
വർക്കല ശിവഗിരി-തൊടുവെ പാലത്തിന്റെ ഇംപ്രൂവ്മെന്റ് പ്രവൃത്തിയുമായി ബന്ധപ്പെട്ട് നിലവിലുള്ള വ്യവസ്ഥകളിൽ ഇളവ് വരുത്തി സർക്കാർതലത്തിൽ ടെൻഡർ അംഗീകരിക്കാൻ തീരുമാനിച്ചു. പത്തനംതിട്ട പമ്പാനദിക്ക് കുറുകയുള്ള ന്യൂ കോഴഞ്ചേരി പാലത്തിന്റെ നിർമാണത്തിൽ ബാക്കിയുള്ള പ്രവൃത്തികൾക്ക് നിലവിലുള്ള വ്യവസ്ഥയിൽ ഇളവ് വരുത്തി ടെൻഡർ അംഗീകരിക്കും.
ഓഹരി മൂലധനം വർധിപ്പിച്ചു
കേരള കരകൗശല വികസന കോർപറേഷന്റെ അംഗീകൃത ഓഹരി മൂലധനം മൂന്നു കോടി രൂപയിൽനിന്ന് 33 കോടി രൂപയാക്കി വർധിപ്പിക്കും.
ഹോർട്ടി വൈൻ
ഹോർട്ടി വൈനിന്റെ വിൽപന നികുതി ഇന്ത്യൻ നിർമിത വൈനിന്റെ നികുതി നിരക്കിന് തുല്യമായി നിശ്ചയിക്കും. ഇതിന് 1963ലെ കേരള പൊതു വിൽപന നികുതി നിയമം ഭേദഗതി ചെയ്യും. അതിന്റെ ഭാഗമായുള്ള 2023ലെ കേരള പൊതു വിൽപന നികുതി (ഭേദഗതി) ബില്ലിന്റെ കരട് അംഗീകരിച്ചു.
നിയമനം
സംസ്ഥാനത്ത് വ്യോമയാന മേഖലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സുഗമമാക്കുന്നതിനുമായി നിശ്ചിത യോഗ്യതകൾ ഉള്ള ഒരു സീനിയർ ടെക്നിക്കൽ കൺസൾട്ടന്റിനെ റീടൈനർഷിപ്പ് അടിസ്ഥാനത്തിൽ റിക്രൂട്ട് ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.