സംസ്ഥാനത്ത് 2735 ഏക്കർ ഭൂമി തരംമാറ്റി
text_fieldsകൊച്ചി: സംസ്ഥാനത്ത് 2735 ഏക്കർ നിലം കരഭൂമിയായി തരംമാറ്റി. 2020 ഡിസംബർ വരെയുള്ള കണക്കാണിത്. കോട്ടയത്താണ് ഏറ്റവുമധികം ഭൂമി തരംമാറ്റിയത്, 560.37 ഏക്കർ. ഇടുക്കിയിലാണ് ഏറ്റവും കുറവ്, 22.45 ഏക്കർ. ഇതുവഴി ആകെ 331 കോടി രൂപ സർക്കാറിന് ലഭിച്ചു.
എറണാകുളത്തുനിന്ന് സർക്കാറിന് 115 കോടി ലഭിച്ചു. ഇവിടെ 379 ഏക്കറാണ് തരംമാറ്റിയത്. തുകയുടെ കാര്യത്തിൽ കണ്ണൂരാണ് രണ്ടാമത്. കണ്ണൂരിൽ 432 ഏക്കർ തരംമാറ്റിയപ്പോൾ സർക്കാറിന് 33 കോടി ലഭിച്ചു. കോഴിക്കോട് 248 ഏക്കറും തൃശൂരിൽ 246 ഏക്കറും തരംമാറ്റി. ഭൂമി തരംമാറ്റുന്നതിന് 2020 ഡിസംബർ വരെ സംസ്ഥാനത്ത് 46,697 അപേക്ഷയാണ് ലഭിച്ചത്. അതിൽ 24,737 അപേക്ഷയിൽ ഡിസംബർ വരെ തീർപ്പുകൽപിക്കാൻ കഴിഞ്ഞു.
ഭൂമി തരംമാറ്റുന്നതിന് ഏറ്റവുമധികം അപേക്ഷ ലഭിച്ചത് എറണാകുളത്തുനിന്നാണ്, 7808. ഏറ്റവും കുറവ് വയനാട്ടിൽനിന്നാണ്. 326 അപേക്ഷകൾ. ഏറ്റവുമധികം അപേക്ഷകൾ തീർപ്പുകൽപിച്ചത് കണ്ണൂരിലാണ്. 3932 അപേക്ഷക്കാണ് കണ്ണൂരിൽ തീർപ്പുകൽപിച്ചത്. ഏറ്റവും കുറവ് ഇടുക്കിയിലായിരുന്നു. 191 അപേക്ഷക്കാണ് തീർപ്പുകൽപിച്ചത്.
ഇത്തരം അപേക്ഷകള്‍ സമയബന്ധിതമായി തീര്പ്പുകല്പിക്കാതിരിക്കുന്നത് ഗുരുതര കൃത്യവിലോപമായി കണക്കാക്കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന് നിർദേശം നൽകിയതോടെയാണ് നടപടികൾ വേഗത്തിലായത്. നിയമം പ്രാബല്യത്തിൽ വരുന്നതിനുമുമ്പ് പറമ്പായി പരിവർത്തനം ചെയ്യപ്പെട്ടതും ഭൂരേഖകളിൽ നിലം എന്ന് രേഖപ്പെടുത്തുകയും ചെയ്ത സ്ഥലമുടമകൾക്കാണ് തരംമാറ്റാൻ അനുമതി നൽകിയത്.
2008നുമുമ്പ് നികന്നുകിടക്കുന്നതും േഡറ്റ ബാങ്കില്‍ ഉള്‍പ്പെടാത്തതുമായ ഭൂമിക്കാണ് റവന്യൂ ഡിവിഷനല്‍ ഓഫിസര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചതിൽ തീരുമാനമെടുത്തത്. റവന്യൂ രേഖകളില്‍ നിലം കരയാക്കി മാറ്റാന്‍ േഡറ്റ ബാങ്കിലെ സ്ഥിതി പരിശോധിച്ച് ആവശ്യമായ മാറ്റം വരുത്തി. 2008ലെ നെൽവയൽ-തണ്ണീർത്തട നിയമം നിലവിൽവന്നതിനുശേഷം ഭൂമി തരംമാറ്റുന്നതിന് പൂർണ നിരോധനമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.