ഒരു ദിവസം 28 ഹെർണിയ ശസ്ത്രക്രിയ; എറണാകുളം ജനറൽ ആശുപത്രിക്ക് ചരിത്രനേട്ടം
text_fieldsകൊച്ചി: 28 ഹെർണിയ ശസ്ത്രക്രിയകൾ ഒരു ദിവസം നടത്തി ചരിത്രനേട്ടം കൈവരിച്ച് എറണാകുളം ജനറൽ ആശുപത്രി. താക്കോൽദ്വാര ശാസ്ത്രക്രിയയിലൂടെയാണ് 28 ഹെർണിയ കേസുകൾ ചെയ്തത്. സീനിയർ കൺസൾട്ടന്റ് സർജൻ ഡോ. സജി മാത്യു, അനസ്തേഷ്യ വിഭാഗം ഡോക്ടർമാരായ ഡോ. മധു, ഡോ. സൂസൻ, ഡോ. രേണു, ഡോ. ഷേർളി എന്നിവർ അടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. എറണാകുളത്തെയും സമീപങ്ങളിലുള്ള രോഗികളിൽനിന്നാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്. ഹെർണിയ കേസുകൾ വളരെ വ്യാപകമായി കണ്ടെത്തുന്ന സാഹചര്യത്തിലും കോവിഡാനന്തര കാലഘട്ടമായതിനാലുമാണ് ലാപ്രോസ്കോപ്പിക് ഹെർണിയ റിപ്പയർ ക്യാമ്പ് അടിസ്ഥാനത്തിൽ നടത്താൻ തീരുമാനിച്ചത്.
സംസ്ഥാനത്ത് സർക്കാർ മേഖലയിൽ താക്കോൽദ്വാര ശസ്ത്രക്രിയ വ്യാപകമായി നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനമാണ് എറണാകുളം ജനറൽ ആശുപത്രി. പ്രതിമാസം എണ്ണൂറോളം സർജറികൾ വിവിധ വിഭാഗങ്ങളായി നടക്കുന്നു. ഇതിൽ പത്ത് ശതമാനവും ലാപ്രോസ്കോപ്പിക് സർജറിയാണ്. സർജറി വിഭാഗം തലവനായ ഡോ. സജി മാത്യു ഇതുവരെ 6250 ശാസ്ത്രക്രിയകളാണ് എറണാകുളം ജനറൽ ആശുപത്രിയിൽ ചെയ്തിട്ടുള്ളത്. ഇതിൽ 2100 എണ്ണം ലാപ്രോസ്കോപ്പിക് സർജറികളാണ്.
അനുകരണീയമായ പ്രവർത്തനങ്ങൾ നടത്തുന്ന ഡോ. സജി മാത്യുവിനെയും സർജറി വിഭാഗത്തെയും അനസ്തേഷ്യ വിഭാഗത്തെയും ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ഷാഹിർഷാ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.