അഗസ്ത്യാർകൂടം യാത്രയുടെ 28 ലക്ഷം രൂപ സർക്കാരിലേക്ക് അടയ്ക്കണമെന്ന് റിപ്പോർട്ട്
text_fieldsകോഴിക്കോട് : വനംവകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന അഗസ്ത്യാർകൂടം യാത്രയിലൂടെ ലഭിച്ച 28.09 ലക്ഷം രൂപ അടിയന്തരമായി സർക്കാരിലേക്ക് അടയ്ക്കണമെന്ന് ധനകാര്യ വിഭാത്തിന്റെ റിപ്പോർട്ട്. 2022ൽ ട്രെക്കിങിലൂടെ ലഭിച്ച
ആകെ വരുമാനം 42.13 ലക്ഷം രൂപയായിരുന്നു അതിൻറെ മൂന്നിൽ രണ്ട് ഭാഗം സർക്കാരിന് അടയ്ക്കണം എന്നായിരുന്നു ഉത്തരവ്. എന്നാൽ, തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡ് സർക്കാർ ഉത്തരവ് പാലിച്ചില്ലെന്നാണ് പരിശോധനയിലെ കണ്ടെത്തൽ. ഉത്തരവിന് വിരുധമായി തുക കണക്കാക്കിയതിലൂടെ ഈ ട്രക്കിംഗ് സീസണിൽ മാത്രം 4,43,611 രൂപയുടെ നഷ്ടവും സർക്കാർ ഖജനാവിനുണ്ടായി.
ഈ വർഷം പാസ് അനുവദിച്ചത് ഒരാൾക്ക് 1580 രൂപ നിരക്കിലായിരുന്നു. അതിൽ 250 രൂപ ഇ.ഡി.സി കൾക്കും ബാക്കി 1380 രൂപയുടെ മൂന്നിൽ രണ്ട് ഭാഗം സർക്കാരിനും മൂന്നിലൊന്ന് ട്രക്കിങ് പാതുയടെ അറ്റകുറ്റപണികൾക്കും ഗൈഡുകൾക്ക് വേതനം നൽകുന്നതിനുമായി വിനിയോഗിക്കുന്നുവെന്ന വാർഡന്റെ മറുപടി സർക്കാരിനെ തെറ്റിദ്ധരിപ്പിക്കുന്നതാണ്.
നിലവിലെ സർക്കാർ ഉത്തരവുകൾ പ്രകാരം ഓരോ പാസിലും 250 രൂപ ഇ.ഡി.സികൾക്ക് നൽകണമെന്ന് വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യത്തിൽ സർക്കാർ നിർദേശങ്ങൾക്ക് വിരുധമായി മറുപടി നൽകിയ ഉദ്യോഗത്തിൽ നിന്ന് വിശദീകരണം തേടണമെന്നാണ് റിപ്പോർട്ട്.
ജനുവരി 18 മുതൽ ഫെബ്രുവരി 26 വരെയാണ് ട്രക്കിംഗ് നടത്തിയത്. പരമാവധി ഒരു ദിവസം 75 പേർക്കാണ് പ്രവേശനം അനുവദിച്ചത്. ജനുവരി 20 ഫെബ്രുവരി 26 വരെയുള്ള 38 ദിവസമാണ് ട്രക്കിങ് നടത്തിയത്. അക്കാലത്ത് 2067 പാസുകൾ നൽകിയിരുന്നു. ഈ സീസണിൽ ട്രക്കിങ്ങിലൂടെ 42,13,860 രൂപയുടെ വരുമാനം ഉണ്ടായി.
ഈ തുകയുടെ മൂന്നിൽ രണ്ട് ഭാഗമായ 28,09,240രൂപ സർക്കാരിലേക്ക് അടക്കേണ്ടതാണ്. എന്നാൽ വാർഡൻ സമർപ്പിച്ചിരിക്കുന്ന കണക്ക് പ്രകാരം ഈ വരുമാനത്തിൽ നിന്ന് പാസ് ഒന്നിന് 250 രൂപ ഇ.ഡി.സിക്ക് കൈമാറിയ ശേഷമുള്ള തുകയായ മൂന്നിൽ രണ്ട് ഭാഗമായ 23,65,629 രൂപ സർക്കാരിലേക്ക് അടക്കുമെന്നാണ്. അത് നിലവിലെ സർക്കാർ ഉത്തരവ് വിരുധമാണ്.
ട്രക്കിങ്ങിൽ നിന്നും സർക്കാരുണ്ടായ വരുമാനത്തിൽ നിലവിലുള്ള സർക്കാർ ഉത്തരവുകളിലെ നിർദേശങ്ങൾക്ക് വിരുധമായി നാലു ലക്ഷം രൂപ കുറവുചെയ്തതിന് വാർഡിൽ നിന്നും വിശദീകരണം തേടണം. വനംവകുപ്പിന് കീഴിലുള്ള എല്ലാ ഓഫീസുകളിലെയും എഫ്.ഡി.എ അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്ത് റിപ്പോർട്ട് ധനകാര്യ വിഭാഗത്തിന് സമർപ്പിക്കാൻ വനം വകുപ്പിന്റെ ആഭ്യന്തര ഓഡിറ്റ് വിഭാഗത്തിന് നിർദേശം നൽകണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.
അഗസ്ത്യാർകൂടം ട്രക്കിംഗ് ഉൾപ്പെടെയുള്ള വരുമാന സ്രോതസുകൾ, യൂസർഫീസ് എന്നിവയിലെ നിരക്കിൽ മാറ്റം വരുത്തുന്നത് ധനകാര്യ വകുപ്പിന്റെ അഭിപ്രായം കൂടി സ്വീകരിച്ച ശേഷം ഭരണ വകുപ്പ് പരിശോധിക്കണം. വനം വകുപ്പ് നടത്തുന്ന എല്ലാ ടൂറിസം ട്രക്കിങ് പ്രവർത്തനങ്ങളിൽ നിന്നുമുള്ള വരുമാനം സർക്കാരിന്റെ നികുതി വരുമാനമായി കണക്കിൽ പെടുത്തുന്ന നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.