'മൃതസഞ്ജീവനി'ക്കായി കാത്തിരിപ്പുണ്ട്, 2800 പേർ
text_fieldsകൊച്ചി: മരണാനന്തര അവയവ കൈമാറ്റത്തിനുള്ള സർക്കാർ പദ്ധതിയായ മൃതസഞ്ജീവനിക്ക് വ്യാഴാഴ്ച 10 വയസ്സ് തികയുമ്പോൾ പദ്ധതിയിലൂടെ പുതുജീവിതം ലഭിച്ചത് 913 പേർക്ക്. കേരള നെറ്റ്വർക്ക് ഫോർ ഓർഗൻ ഷെയറിങ് (കെ.എൻ.ഒ.എസ്) എന്ന സംവിധാനത്തിലൂടെയാണ് മൃതസഞ്ജീവനി പദ്ധതി നടപ്പാക്കുന്നത്.
നിലവിൽ വൃക്ക, കരൾ, ഹൃദയം തുടങ്ങിയ അവയവങ്ങൾക്ക് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നവരുടെ എണ്ണം 2721 ആണ്. വൃക്കകൾക്കുവേണ്ടി കാത്തിരിക്കുന്നവരാണ് കൂടുതൽ-2024 പേർ. 643 പേർ കരളിനുവേണ്ടിയും 50 പേർ തങ്ങളിൽ പുതുഹൃദയം മിടിക്കുന്നതിനായും പ്രതീക്ഷയോടെ കാത്തിരിക്കുന്നു. പാൻക്രിയാസ് എന്ന അവയവം ലഭിക്കുമെന്ന പ്രതീക്ഷയിൽ രജിസ്റ്റർ ചെയ്തത് മൂന്നുപേരാണ്, ചെറുകുടലിനായി ഒരാളും.
രണ്ടുവർഷം മുമ്പുവരെ അവയവദാന നിരക്കിൽ ക്രമാനുഗത വർധനയാണ് ഉണ്ടായിരുന്നതെങ്കിലും കോവിഡ് സാഹചര്യത്തിൽ അവയവദാനം കുറയുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2012 ആഗസ്റ്റ് 12ന് തുടങ്ങിയതുമുതലിന്നുവരെ 913 പേർക്കുമുന്നിലാണ് മസ്തിഷ്കമരണം സംഭവിച്ചവരുടെ അവയവങ്ങളിലൂടെ പ്രത്യാശയുടെ പുതിയ വഴി തുറക്കപ്പെട്ടത്. 323 പേരുടെ അവയവങ്ങൾ പലരിലായി തുന്നിച്ചേർക്കപ്പെട്ടു. പാൻക്രിയാസ്, ലാരിങ്ക്സ്, ശ്വാസകോശം, ചെറുകുടൽ എന്നിവ ദാനം ചെയ്യപ്പെടുന്നതിെൻറ നിരക്ക് കുറവാണ്.
ഇതിൽ വൃക്കതന്നെയാണ് കൂടുതലും-557. 257 പേർക്ക് കരളുറപ്പിെൻറയും 62 പേർക്ക് പുതു ഹൃദയത്തുടിപ്പിെൻറയും ആനന്ദം കിട്ടി. 16 പേർക്കാണ് പുതിയ കൈകൾ കൈത്താങ്ങായത്. 10 വർഷത്തിനിടെ ഏറ്റവും കൂടുതൽ അവയവദാനം നടന്നത് 2015ലാണ്-218 എണ്ണം. ഏറ്റവും കുറവ് ഈ വർഷവും-ഈ മാസം വരെ 10 വൃക്ക, ഒരുഹൃദയം, അഞ്ച് കരൾ എന്നിങ്ങനെ 16 എണ്ണം മാത്രമേ നടന്നിട്ടുള്ളൂ.
രണ്ടുവർഷമായി കോവിഡും അനുബന്ധ കാരണങ്ങളാലുമാണ് അവയവദാന നിരക്ക് കുറഞ്ഞതെന്ന് മൃതസഞ്ജീവനി സംസ്ഥാന നോഡൽ ഓഫിസർ ഡോ. നോബിൾ ഗ്രേഷ്യസ് ചൂണ്ടിക്കാണിക്കുന്നു. അവയവം മാറ്റിവെച്ചശേഷം കോവിഡ് വന്നാൽ ഗുരുതരമായി ബാധിക്കുമോയെന്ന ആശങ്കയും ഭൂരിഭാഗം ആശുപത്രികളും കോവിഡ് ചികിത്സക്ക് മുൻഗണന നൽകിയതുമെല്ലാമാണ് ഇതിനുപിന്നിൽ.
45 ആശുപത്രി
സംസ്ഥാനത്താകെ 45 ആശുപത്രിക്കാണ് അവയവദാനത്തിന് അനുമതിയുള്ളത്, നേത്രദാനമുൾെപ്പടെയാണിത്. തെക്കൻ മേഖലയിൽ 16, മധ്യമേഖലയിൽ 21, വടക്കൻ കേരളത്തിൽ എട്ട് എന്നിങ്ങനെയാണിവ. ഇതിൽതന്നെ ഏറെയും സ്വകാര്യ മേഖലയിലാണ്. എന്നാൽ, ഈ സ്ഥാപനങ്ങളിൽ പലതിനും വൃക്കയോ മറ്റേതെങ്കിലും ഒരു അവയവമോ മാത്രമേ മാറ്റിവെക്കാനുള്ള സംവിധാനമുള്ളൂ. കൊച്ചി അമൃത ആശുപത്രിയിലാണ് ഹൃദയം, കരൾ, വൃക്ക, ശ്വാസകോശം, പാൻക്രിയാസ്, ചെറുകുടൽ, ലാരിങ്ക്സ്, കോർണിയ, കൈപ്പത്തി അവയവങ്ങളെല്ലാം മാറ്റിവെക്കാനുള്ള സൗകര്യമുള്ളത്. കൈപ്പത്തി, കോർണിയ എന്നിവ ഒഴികെ എറണാകുളം ലിസി ആശുപത്രിയിലും മാറ്റിവെക്കാം.
നിങ്ങൾക്കും ദാനം ചെയ്യാം
മരണാനന്തരം അവയവങ്ങൾ നൽകാൻ താൽപര്യമുള്ള ഏതൊരാൾക്കും http://knos.org.in/DonorCard.aspx വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. ആവശ്യമായ വിവരങ്ങൾ നൽകിയാൽ ദാതാവിനുള്ള ഡോണർ കാർഡ് ലഭിക്കും. അത് പ്രിൻറ് ചെയ്ത് സൂക്ഷിക്കുകയും തെൻറ ആഗ്രഹം കുടുംബാംഗങ്ങളെ അറിയിക്കുകയും വേണം. ഹെൽപ്ലൈൻ നമ്പർ: 0471 2528658.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.