പൊലീസിലേക്ക് പുതുതായി 287 പേർ
text_fieldsതൃശൂർ: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലേക്ക് 164 സബ് ഇൻസ്പക്ടർമാർ പരിശീലനം പൂർത്തിയാക്കി എത്തുന്നു. ഫെബ്രുവരി 10ന് രാവിലെ എട്ടിന് പൊലീസ് അക്കാദമിയിൽ 30ാമത് ബാച്ചിന്റെ പാസിങ് ഔട്ട് പരേഡ് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ മുഖേന മുഖ്യാതിഥിയായി പങ്കെടുക്കും. പരിശീലന ഘട്ടത്തിൽ മികവ് പുലർത്തിയവർക്ക് പുരസ്കാര വിതരണവും നടക്കും.
142 പുരുഷന്മാരും 22 വനിതകളുമാണ് സബ് ഇൻസ്പെക്ടർമാരാകുന്നത്. ഒരു എം.ടെക് ബിരുദധാരികൾ, 30 ബി.ടെക്കുകാർ, 33 ബിരുദാനന്തര ബിരുദധാരികൾ, 100 ബിരുദധാരികൾ എന്നിങ്ങനെയാണ് ഇവരുടെ വിദ്യാഭ്യാസ യോഗ്യത. ഇവരിൽ ഭൂരിഭാഗം പേരും നേരത്തേ സർക്കാർ ഉദ്യോഗം വഹിച്ചിരുന്നവരാണ്. ആദിവാസി വിഭാഗത്തില്‍പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ സ്പെഷൽ റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുത്ത 123 പേർ സിവിൽ പൊലീസ് ഓഫിസർമാരായും ചുമതലയേൽക്കും.
വയനാട് പുൽപള്ളിയിലെ കപ്പിപടി കോളനി സ്വദേശികളായ ഭാര്യ സുധ വിശ്വനാഥൻ, ഭർത്താവ് കെ.ബി. ഷിജു എന്നിവർ ഒരുമിച്ച് പൊലീസ് സേനയുടെ ഭാഗമാകുന്ന പ്രത്യേകത കൂടി ഈ ബാച്ചിനുണ്ട്. മലപ്പുറം വഴിക്കടവ് ബ്ലോക്ക് പഞ്ചായത്തിലേക്ക് നിലമ്പൂർ ഡിവിഷൻ അംഗത്വം രാജിവെച്ച് പൊലീസ് പരിശീലനത്തിനെത്തിയ സി. സുധീഷും ഈ ബാച്ചിലുണ്ട്. കായിക മേഖലയിൽ വിവിധ അംഗീകാരങ്ങൾ നേടിയ ടി.സി. അനിൽ, ടി.കെ. സുധീഷ്, എം. രമേശ്, സി. അമ്മുകുട്ടി, എസ്. അരുൺ, വി. അനീഷ്, ടി.കെ. ബിന്ദുജ തുടങ്ങിയവരും പരിശീലനം പൂർത്തിയാക്കിയവരിൽ ഉൾപ്പെടുന്നു. 2019ൽ നടന്ന ആദ്യ സ്പെഷൽ റിക്രൂട്ട്മെന്റ് ബാച്ചിൽ 74 പേരാണ് പൊലീസ് സേനയിൽ പ്രവേശിച്ചത്.
കെ-9 സ്ക്വാഡിലേക്ക് 23 ശ്വാനന്മാർ; കുവി ഇനി എയ്ഞ്ചൽ
തൃശൂർ: പ്രകൃതി ദുരന്ത രക്ഷാപ്രവർത്തനത്തിൽ എയ്ഞ്ചൽ ഇനി പൊലീസ് സേനയോടൊപ്പമുണ്ടാകും. എയ്ഞ്ചലെന്നാൽ പഴയ കുവിയാണ്. കുവിയെ ഓർമയില്ലേ? മൂന്നാര്‍ രാജമല പെട്ടിമുടിയിലെ ദുരന്തത്തിൽ കളിക്കൂട്ടുകാരി ധനുഷ്കയുടെ ചേതനയറ്റ മൃതദേഹം കണ്ടെത്തിയ വളര്‍ത്തുനായ്. കളിക്കൂട്ടുകാരിയെ നഷ്ടപ്പെട്ട കുവി ദിവസങ്ങളോളം പെട്ടിമുടിയില്‍ അലഞ്ഞു നടന്നിരുന്നു.
ദുരന്തഭൂമിയില്‍ തളര്‍ന്നുറങ്ങുന്ന കുവിയെ ജില്ല ഡോഗ് സ്ക്വാഡിലെ പരിശീലകനും സിവില്‍ പൊലീസ് ഓഫിസറുമായ അജിത് മാധവനാണ് പൊലീസിലെടുക്കാന്‍ നടപടി സ്വീകരിച്ചത്. രാമവർമപുരത്തെ പൊലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ കുവിക്ക് എയ്ഞ്ചൽ എന്ന പേര് നൽകി. 10ന് എയ്ഞ്ചൽ ഉൾപ്പെടെ 23 ശ്വാനന്മാർ സേനയുടെ ഭാഗമാകും.
16 ബെൽജിയം മാലിനോയ്സ്, നാല് ജർമൻ ഷെപ്പേർഡ്, ഗോൾഡൻ റിട്രീവർ, ഡോബർമാൻ, ലാബ്രഡോർ വിഭാഗങ്ങളിലെ ഓരോന്നു വിതം നായ്കളടങ്ങിയ 23 അംഗ ടീമാണ് പരിശീലനം പൂർത്തിയാക്കി കേരള പൊലീസ് സേനയുടെ ഭാഗമാകുന്നത്. ഇവയിൽ 12 എണ്ണം ആണും 11 എണ്ണം പെണ്ണുമാണ്. പൊലീസ് അക്കാദമി സ്റ്റേറ്റ് ഡോഗ് ട്രെയിനിങ് സ്കൂളിലാണ് ഒമ്പത് മാസം തീവ്ര പരിശീലനം നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.