Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉരുൾപൊട്ടലിൽ കാണാതായത്...

ഉരുൾപൊട്ടലിൽ കാണാതായത് 29 സ്കൂൾ കുട്ടികളെ; നാല് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു

text_fields
bookmark_border
ഉരുൾപൊട്ടലിൽ കാണാതായത് 29 സ്കൂൾ കുട്ടികളെ; നാല് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു
cancel

കൽപ്പറ്റ: ഉരുൾപൊട്ടലിനെ തുടർന്ന് മുണ്ടക്കൈ, വെള്ളാർമല പ്രദേശത്തെ രണ്ട് സ്കൂളുകളിൽ നിന്നും മേപ്പാടി ഭാഗത്തെ രണ്ട് സ്കൂളുകളിൽ നിന്നുമായി 29 വിദ്യാർഥികളെയാണ് കാണാതായതെന്ന് ഡി.ഡി.ഇ വി.എ ശശീന്ദ്രവ്യാസ് അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ വയനാട്ടിൽ ചേർന്ന ഉദ്യോഗസ്ഥതല യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് സ്കൂളുകളാണ് ഉരുൾപൊട്ടിയ ഭാഗങ്ങളിൽ ഉള്ളത്. ഇതിൽ വെള്ളാർമല സ്കൂളിൽനിന്ന് 11 കുട്ടികളെയാണ് കാണാതായത്. കാണാതായ 29 കുട്ടികളിൽ നാലുപേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. മുഴുവൻ കുട്ടികളുടെയും വിശദവിവരങ്ങൾ എടുത്തുകൊണ്ടിരിക്കുകയാണ്.

ഉരുൾപൊട്ടലിനെ തുടർന്ന് മൂന്ന് ദിവസങ്ങളിലായി നടത്തിയ രക്ഷപ്രവർത്തനങ്ങളിൽ ജീവനോടെയുള്ള എല്ലാവരെയും രക്ഷപ്പെടുത്താൻ കഴിഞ്ഞതായി യോഗം വിലയിരുത്തി. മുണ്ടക്കൈ, അട്ടമല ഭാഗങ്ങളിൽ ഇനിയാരും ജീവനോടെ കുടുങ്ങിക്കിടക്കാനുള്ള സാധ്യതയില്ലെന്ന് കേരള-കർണാടക സബ് ഏരിയ ജനറൽ ഓഫിസർ കമാൻഡിങ് (ജി.ഒ.സി) മേജർ ജനറൽ വി.ടി മാത്യു യോഗത്തെ അറിയിച്ചു.

ആർമിയുടെ 500 പേർ മുണ്ടക്കൈ, ചൂരൽമല മേഖലയിൽ തെരച്ചിലിനായി ഉണ്ട്. ഇനി ആരെയും രക്ഷപ്പെടുത്താൻ ഇല്ലെന്നാണ് കരുതുന്നത്. ഒറ്റപ്പെട്ട ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. മൃതദേഹങ്ങളാണ് ഇനി കണ്ടെടുക്കാനുള്ളത്. മൂന്ന് സ്നിഫർ നായകളും തെരച്ചിലിനായി ഉണ്ട്. മുണ്ടക്കൈയിലേക്ക് യന്ത്രോപകരണങ്ങൾ എത്തിക്കാൻ പാലം പണിയൽ ആയിരുന്നു പ്രധാനദൗത്യം. ബുധനാഴ്ച രാത്രിയും ഇടതടവില്ലാതെയാണ് ഇതിന്റെ പ്രവൃത്തി നടന്നത്. കേരള പൊലീസിലെ 1000 പേർ തെരച്ചിൽ സ്ഥലത്തും 1000 പൊലീസുകാർ മലപ്പുറത്തും പ്രവർത്തന രംഗത്ത് ഉണ്ടെന്ന് എ.ഡി.ജി.പി എം.ആർ അജിത്കുമാർ അറിയിച്ചു.

മൃതദേഹം കിട്ടിയാൽ മൂന്ന് മിനിറ്റിനുള്ളിൽ പോസ്റ്റുമോർട്ടം തുടങ്ങുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. ക്യാമ്പിൽ കഴിയുന്നവർക്ക് മാനസികാഘാത പ്രശ്നമുണ്ട്. കൗൺസിലിങ് നൽകിവരുന്നു. പകർച്ചവ്യാധിയാണ് പ്രധാന ഭീഷണി. അത് തടയാൻ മൃഗങ്ങളുടെ മൃതദേഹങ്ങളും വേണ്ട രീതിയിൽ സംസ്കരിക്കാൻ നടപടികൾ ചെയ്യുന്നുണ്ട്.

വീടുകൾ ഉൾപ്പെടെ 348 കെട്ടിടങ്ങളെയാണ് ഉരുൾപൊട്ടൽ ബാധിച്ചതെന്ന് ലാൻഡ് റവന്യൂ കമീഷണർ ഡോ. എ. കൗശിഗൻ അറിയിച്ചു. അവകാശികൾ ഇല്ലാത്ത മൃതദേഹങ്ങൾ സംസ്കരിക്കാൻ പ്രോട്ടോകോൾ തയാറായിട്ടുണ്ടെന്ന് പ്രത്യേക ഉദ്യോഗസ്ഥൻ സീരാം സാംബശിവ റാവു അറിയിച്ചു. 129 മൊബൈൽ ഫ്രീസറുകൾ നിലവിലുണ്ട്. ഇതിൽ 59 എണ്ണം ഉപയോഗിക്കുന്നു. മൊബൈൽ ഫ്രീസർ നൽകാൻ കർണാടക തയാറായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കലക്ടറേറ്റിൽ നടന്ന യോഗത്തിൽ മന്ത്രിമാരായ കെ. രാജൻ, റോഷി അഗസ്റ്റിൻ, പി.എ മുഹമ്മദ്‌ റിയാസ്, എ.കെ ശശീന്ദ്രൻ, ജെ. ചിഞ്ചുറാണി, വീണാ ജോർജ്, പി. പ്രസാദ്, കെ. കൃഷ്ണൻകുട്ടി, ജി.ആർ അനിൽ, രാമചന്ദ്രൻ കടന്നപ്പള്ളി, വി.എൻ വാസവൻ, ഒ.ആർ കേളു, വി. അബ്ദുറഹ്മാൻ, ചീഫ് സെക്രട്ടറി ഡോ. വി. വേണു, ഡി.ജി.പി ഷേഖ്‌ ദർവാസ് സാഹിബ്, ജില്ല കലക്ടർ മേഖശ്രീ എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Children MissingWayanad Landslide
News Summary - 29 children were missing in the landslide
Next Story