കൊച്ചി മെട്രോ രണ്ടാം ഘട്ടം: ഡ്രോൺ സർവേ തുടങ്ങി
text_fieldsകൊച്ചി: മെട്രോ റെയിൽ രണ്ടാം ഘട്ടത്തിന്റെ പ്രാരംഭ നടപടികളുടെ ഭാഗമായുള്ള ലിഡാർ ഡ്രോൺ സർവേ ആരംഭിച്ചു. ജവഹർലാൽ നെഹ്റു സ്റ്റേഡിയം മെട്രോ സ്റ്റേഷൻ മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെ കൊച്ചി മെട്രോയുടെ രണ്ടാംഘട്ട പദ്ധതിയുടെ പാതയിലാണ് ഡ്രോൺ സർവേ നടക്കുക. മെട്രോ അലൈൻമെന്റിന്റെ സൂക്ഷ്മ ക്രമീകരണത്തിനായാണ് പ്രധാനമായും സർവേ നടത്തുന്നത്.
കൊച്ചി മെട്രോയുടെ രണ്ടാംഘട്ടം കടന്നുപോകുന്ന മേഖലകളിലെ ഭൂപ്രകൃതിയിൽ കഴിഞ്ഞ ഏതാനും നാളുകളായി വന്നിരിക്കുന്ന മാറ്റങ്ങൾ മനസ്സിലാക്കുകയാണ് സർവേയുടെ ലക്ഷ്യം. രണ്ടാം ഘട്ടത്തിലുളള നോൺ മോട്ടോറൈസ്ഡ് ട്രാൻസ്പോട്ട് പദ്ധതികളും ഫസ്റ്റ് ആൻഡ് ലാസ്റ്റ് മൈൽ കണക്റ്റിവിറ്റി പദ്ധതികളും തയാറാക്കുന്നതിനായി സർവേ സഹായകരമാകും.
കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാംഘട്ടത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം ലഭിച്ചിരുന്നു. പ്രൊജക്റ്റ് മാനേജ്മെന്റ് കൺസൾട്ടൻസിയെ കണ്ടെത്തുന്നതിനായുള്ള ടെൻഡർ കെ.എം.ആർ.എൽ ഈ ആഴ്ച്ച പ്രസിദ്ധീകരിക്കും. രണ്ടാംഘട്ടത്തിന്റെ ജിയോടെക്നിക്കൽ ഇൻവെസ്റ്റിഗേഷൻ ഒക്ടോബർ ആദ്യവാരം തുടങ്ങുവാനാണ് തീരുമാനം.
കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ നിർമാണം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള റോഡ് വീതി കൂട്ടുന്നതടക്കമുള്ള പ്രാരംഭ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പാലാരിവട്ടം ജങ്ഷൻ മുതൽ ഇൻഫോപാർക്ക് വരെ റോഡ് വീതി കൂട്ടുന്ന ജോലികൾ 75 ശതമാനം പൂർത്തിയായി.
നടപടികൾക്കായുള്ള ഭരണാനുമതി സംസ്ഥാന സർക്കാർ ഉടൻ നൽകുമെന്നാണ് പ്രതീക്ഷ. നിർമണ ടെൻഡർ നവംബർ അവസാനത്തോടെയോ ഡിസംബർ ആദ്യവാരമോ ക്ഷണിക്കും. രണ്ടാംഘട്ടത്തിന്റെ നിർമാണം 2023 ജനുവരി അവസാനത്തോടെ തുടങ്ങാനാകുമെന്നാണ് കെ.എം.ആർ.എല്ലിന്റെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.