ബി.എസ്.എൻ.എല്ലിൽ രണ്ടാം വി.ആർ.എസ്
text_fieldsതൃശൂർ: ബി.എസ്.എൻ.എല്ലിൽ രണ്ടാമത്തെ വി.ആർ.എസിനുള്ള (സ്വയം വിരമിക്കൽ പദ്ധതി) നീക്കത്തിന് വേഗം കൂടുന്നു. ഇതുസംബന്ധിച്ച നിർദേശങ്ങൾ ടെലികോം ഡയറക്ടറേറ്റിന് ബി.എസ്.എൻ.എൽ സമർപ്പിച്ചു. അതേസമയം, ഈ രഹസ്യ നീക്കത്തിൽ വ്യക്തത വരുത്തണമെന്ന് ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെട്ടു. അംഗീകൃത സംഘടനകളുടെ പ്രതിനിധികളുമായിപ്പോലും ചർച്ച ചെയ്യാതെയാണ് നീക്കം നടക്കുന്നതെന്ന് സംഘടനകൾ ആരോപിക്കുന്നു. വിശദാംശങ്ങളൊന്നും മാനേജ്മെന്‍റ് പുറത്തുവിടുന്നില്ല. അതേസമയം, കാൽ ലക്ഷം പേർ രണ്ടാം വി.ആർ.എസ് സ്വീകരിച്ച് പുറത്തുപോകുമെന്ന കണക്കുകൂട്ടലിലാണ് മാനേജ്മെന്‍റ് എന്നാണ് വിവരം. ഇവർക്ക് ആനുകൂല്യം നൽകാൻ 7200 കോടി രൂപ അനുവദിക്കണമെന്ന ആവശ്യവും ഉന്നയിച്ചതായി അറിയുന്നു.
2019ൽ പ്രഖ്യാപിച്ച് 2022ൽ നടപ്പായ ആദ്യ വി.ആർ.എസ് സ്വീകരിച്ച് 78,323 ജീവനക്കാരാണ് സ്ഥാപനം വിട്ടത്. ഇവർക്ക് ആനുകൂല്യം നൽകാൻ 13,542 കോടി രൂപയാണ് ചെലവഴിച്ചത്. തുടർന്ന് നിരവധി പേർ സ്വാഭാവിക വിരമിക്കലിലൂടെ പോയി. പകരം നിയമനം നടന്നില്ല. ഇപ്പോൾ അവശേഷിക്കുന്നത് അര ലക്ഷത്തിലധികം ജീവനക്കാരാണ്. കടുത്ത ക്ഷാമം നേരിടുന്നതിന് പരിഹാരം കാണുന്നത് ജോലികൾ പുറംകരാർ നൽകിയാണ്. ഓഫിസ് കെട്ടിടങ്ങളിൽ നല്ലൊരു ഭാഗം സ്വകാര്യ സ്ഥാപനങ്ങൾക്കും മറ്റും വാടകക്ക് നൽകി. രാജ്യമാകെ ബി.എസ്.എൻ.എല്ലിന്‍റെ ഭൂമിയും കെട്ടിടങ്ങളും വിൽക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഇതുവരെയും 4ജി ആവാത്തതിനാൽ സ്ഥാപനം മുരടിപ്പ് നേരിടുകയും ചെയ്യുന്നു. ഇതിനിടയിലാണ് രണ്ടാം വി.ആർ.എസിനുള്ള നീക്കം പുരോഗമിക്കുന്നത്.
ബി.എസ്.എൻ.എല്ലിന്‍റെ പുനരുദ്ധാരണ പാക്കേജിൽ പറഞ്ഞ പല കാര്യങ്ങളിൽ ഒന്നായിരുന്നു വി.ആർ.എസ്. പ്രധാനപ്പെട്ട മറ്റൊന്ന് 4ജി സേവനമായിരുന്നു. അതിൽ വി.ആർ.എസ് ഒഴികെ ഒന്നും നടപ്പായില്ല. രണ്ടാം വി.ആർ.എസ് നടപ്പായാൽ അത് കമ്പനിയുടെ അന്ത്യമായിരിക്കുമെന്ന് എക്സിക്യൂട്ടിവ്, നോൺ എക്സിക്യൂട്ടിവ് ജീവനക്കാരുടെ സംഘടനകൾ പറയുന്നു. ഇത്തരമൊരു നീക്കമുണ്ടെങ്കിൽ ഉപേക്ഷിക്കണമെന്നും പകരം ബി.എസ്.എൻ.എൽ നെറ്റ്വർക്ക് ശൃംഖല ശക്തിപ്പെടുത്താൻ കേന്ദ്ര സർക്കാർ സന്നദ്ധമാകണമെന്നും ആവശ്യപ്പെട്ട് എംപ്ലോയിസ് യൂനിയൻ ടെലികോം മന്ത്രിക്ക് പല തവണ കത്ത് നൽകിയിരുന്നു. നിജഃസ്ഥിതി വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നാഷനൽ ഫെഡറേഷൻ ഓഫ് ടെലികോം എംപ്ലോയിസ് തിങ്കളാഴ്ച എച്ച്.ആർ ഡയറക്ടർക്ക് കത്ത് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.