കൊട്ടിയൂർ പീഡനം: മൂന്നു പ്രതികൾ കൂടി കീഴടങ്ങി
text_fieldsപേരാവൂർ(കണ്ണൂർ): വൈദികന്‍ പീഡിപ്പിച്ച പതിനാറുകാരി പ്രസവിച്ച കേസില്‍ മൂന്ന് പ്രതികള്‍ കൂടി പൊലീസില്‍ കീഴടങ്ങി. മൂന്നു മുതല്‍ അഞ്ചു വരെ പ്രതികളായ തൊക്കിലങ്ങാടി ക്രിസ്തുരാജ് ആശുപത്രിയിലെ ഡോ. സിസ്റ്റര്‍ ടെസി ജോസ്, ഡോ. ഹൈദരാലി, സിസ്റ്റർ ആന്‍സി മാത്യു എന്നിവരാണ് പേരാവൂര്‍ സി.ഐ എൻ. സുനില്‍കുമാര്‍ മുമ്പാകെ കീഴടങ്ങിയത്. ബുധനാഴ്ച രാവിലെ 6.35ഓടെയാണ് മൂവരും കീഴടങ്ങാനെത്തിയത്. ഇതോടെ പത്ത് പ്രതികളില്‍ എട്ടുപേരെയും അറസ്റ്റ് ചെയ്തു.
പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ രേഖകളിൽനിന്നും പ്രായം തിരുത്തി, പെൺകുട്ടിയുടെ പ്രസവം സംബന്ധിച്ച കാര്യങ്ങൾ അധികൃതരിൽ നിന്നും മറച്ചുെവച്ചു, ഒന്നാം പ്രതിയായ റോബിൻ വടക്കുംചേരിക്ക് സംഭവം മൂടിവെക്കാൻ സഹായിച്ചു തുടങ്ങിയ കേസുകളാണ് മൂന്നുപേർക്കെതിരെയുമുള്ളത്. മൂവരെയും പേരാവൂര്‍ താലൂക്കാശുപത്രിയില്‍ വൈദ്യ പരിശോധനക്ക് വിധേയമാക്കി. പിന്നീട് സ്റ്റേഷനിലെത്തിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് തലശ്ശേരി കോടതിയില്‍ ഹാജരാക്കി. ഉപാധികളോടെ മൂന്നുപേരെയും കോടതി ജാമ്യത്തില്‍ വിട്ടു. ഇവര്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാല്‍ പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ആഴ്ചയില്‍ ഒരിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ എത്താനും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ഹൈകോടതി നിര്‍ദേശിച്ചിരുന്നു. ആറും ഏഴും പ്രതികളായ വയനാട് ക്രിസ്തുദാസി കോണ്‍വെൻറിലെ സിസ്റ്റര്‍ ലിസ്മരിയ, ഇരിട്ടി കല്ലുമുട്ടി ക്രിസ്തുദാസി കോണ്‍വെൻറിലെ സിസ്റ്റര്‍ അനീറ്റ എന്നിവരാണ് ഇനി അറസ്റ്റിലാകാനുള്ളത്. കേസിലെ ഒന്നാം പ്രതി ഫാ. റോബിൻ വടക്കുംചേരി റിമാൻഡിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.