പണയ സ്വർണം തിരിച്ചെടുത്തപ്പോൾ 30 ഗ്രാം കുറവ്; ബാങ്കിൽ പരാതി പറഞ്ഞപ്പോൾ കൈമലർത്തി
text_fieldsനെടുംകുന്നം: ബാങ്കിൽ പണയംവെച്ച സ്വർണാഭരണങ്ങൾ തിരികെ എടുത്തപ്പോൾ തൂക്കം കുറഞ്ഞതായി പരാതി.
നെടുംകുന്നം പുന്നവേലി ഇടക്കല്ലിൽ ബിജോ എബ്രഹാമാണ് നെടുംകുന്നം തെക്ക് 1271ാം നമ്പർ സഹകരണ ബാങ്കിനെതിരെ പരാതി നൽകിയത്. പരാതിയിൽ പറയുന്നതിങ്ങനെ, ബിജോയുടെ പിതാവ് ഇ.കെ. എബ്രഹാം ചികിത്സ ആവശ്യത്തിനായി 2019 ആഗസ്റ്റ് ആറിന് ബാങ്കിൽ 83 ഗ്രാം സ്വർണ ഉരുപ്പടികൾ പണയപ്പെടുത്തി 1,70,000 രൂപ എടുത്തിരുന്നു. ചികിത്സയിൽ കഴിയവെ എബ്രഹാം മരണപ്പെട്ടു. തുടർന്ന് സ്വർണപ്പണയവും ചിട്ടിയുമടക്കം 2020 മേയ് അഞ്ചിന് ബിജോയുടെ പേരിലേക്ക് മാറ്റി. 2021 മാർച്ച് മൂന്നിന് പണയത്തുകയും പലിശയും മറ്റ് ബാധ്യതകളുമടക്കം 2,18,652 രൂപ അടച്ച് ബിജോ ബാങ്കിൽനിന്നു് പണയമെടുത്തു. ആഭരണങ്ങൾ വിൽക്കാനായി തൂക്കിയപ്പോൾ 52.9 ഗ്രാം മാത്രമാണ് ഉള്ളത്.
20 മിനിറ്റിനുള്ളിൽ ബിജോ ബാങ്കിലെത്തി പ്രശ്നം അധികൃതരോട് പറഞ്ഞെങ്കിലും ഇനി ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്ന് അധികൃതർ അറിയിച്ചു. പണയംവെച്ച ആഭരണങ്ങളുടെ എണ്ണം കൃത്യമാണെന്നും എന്നാൽ, തൂക്കത്തിൽ മാത്രമാണ് വ്യത്യാസമെന്നും ബിജോ ആരോപിക്കുന്നു. സംഭവത്തിൽ സെക്രട്ടറിയടക്കമുള്ളവർക്ക് പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്നാണ് ആരോപണം. എന്നാൽ, സ്വർണത്തിെൻറ തൂക്കം പരിശോധിക്കേണ്ടത് ഉടമയുടെ ഉത്തരവാദിത്തമാണെന്നും ബാങ്കിൽനിന്നുപോയ ശേഷം പിന്നീട് പരാതിയുമായി എത്തിയാൽ തങ്ങൾക്ക് ഒന്നുംചെയ്യാൻ കഴിയില്ലെന്നും സെക്രട്ടറി പറഞ്ഞു. സംഭവത്തിൽ ബിജോ കറുകച്ചാൽ പൊലീസിനും മനുഷ്യാവകാശ കമീഷനിലും പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.