പോയത് കുടുംബത്തിലെ മുപ്പതോളം പേർ; മൃതദേഹമെങ്കിലും ഒന്നുകാണാൻ ഷറഫുദ്ദീൻ മോർച്ചറിക്കു മുന്നിലാണ്
text_fieldsമേപ്പാടി: അവസാനമായി അവരുടെ മൃതദേഹമെങ്കിലും ഒന്നു കാണാൻ കഴിഞ്ഞാൽ മതിയായിരുന്നു. ഉരുൾ ദുരന്തത്തിൽ കുടുംബത്തിലെ മുപ്പതോളം പേരെ നഷ്ടപ്പെട്ട അച്ചൂർ പൊറ്റമ്മൽ ഷറഫുദ്ദീൻ ദിവസങ്ങളായി മേപ്പാടിയിലെ മോർച്ചറിക്കു മുന്നിൽ കാത്തിരിക്കുകയാണ്. ഓരോ മൃതദേഹവും ആംബുലൻസിലെത്തുമ്പോൾ തന്റെ ആരെങ്കിലുമാണോയെന്ന് ചെന്നുനോക്കും. അച്ചൂരിൽ താമാസിക്കുന്ന ഷറഫുദ്ദീന്റെ ഉമ്മയും സഹോദരിമാരും എളാപ്പമാരും അവരുടെ മക്കളും മരുമക്കളുമെല്ലാം ആർത്തലച്ചുവന്ന പ്രകൃതിക്കലിയിൽ ഒലിച്ചുപോയതാണ്. ഇതുവരെ 15 പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ബാക്കിയുള്ളവർ മണ്ണിൽ പുതഞ്ഞുകിടക്കുകയാണോ ചാലിയാറിന്റെ ആഴിയിലാണോ എന്നൊന്നും അറിയില്ല.
ഓരോ ദിവസവും രാവിലെ മുതൽ മോർച്ചറിക്കു മുന്നിലെത്തുന്ന ആംബുലൻസിൽ കിടക്കുന്നത് തന്റെ പ്രിയപ്പെട്ട ആരെങ്കിലുമാകുമോ എന്ന് എത്തിനോക്കും. അല്ലെന്നറിഞ്ഞാൽ പിന്നെ അടുത്ത ആംബുലൻസിന്റെ ഹോണിക്ക് കാതോർത്ത് മോർച്ചറിയുടെ ഓരത്ത് കാത്തുനിൽക്കും. ദുരിതാശ്വാസ ക്യാമ്പിലാണ് കഴിയുന്നതെങ്കിലും അവിടെ വിതരണം ചെയ്യുന്ന വസ്ത്രങ്ങളുൾപ്പടെ മറ്റൊന്നും ഷറഫുദ്ദീൻ സ്വീകരിക്കുന്നില്ല. എല്ലാവരും നഷ്ടപ്പെട്ട തനിക്ക് ഇനി ഇതൊക്കെ എന്തിനാണെന്നാണ് ചോദ്യം.
അപകട സൂചനയെ തുടർന്ന് കൂടുതൽ സുരക്ഷിതമെന്ന് കരുതിയ സ്ഥലത്തേക്ക് കുടുംബങ്ങൾ ഒന്നിച്ച് മാറിയിരുന്നു. എന്നാൽ, ദുരന്തമെത്തിയത് അവിടേക്കായിരുന്നു. ഒരു സഹോദരിക്ക് എല്ലാ സൗകര്യങ്ങളുമുള്ള വീട് അച്ചൂരിൽ ഉണ്ടായിരുന്നു. മഴ ശക്തമായതോടെ പിറ്റേ ദിവസം അവിടേക്ക് മാറാൻ സാധനങ്ങളെല്ലാം പാക്ക് ചെയ്ത് തയാറായി നിന്നതായിരുന്നു. എന്നാൽ, ദുരന്തം എല്ലാം നഷ്ടപ്പെടുത്തി. അവസാനമായി വേണ്ടപ്പെട്ടവരുടെ മൃതദേഹമെങ്കിലുമൊന്ന് കാണാൻ കഴിയുമോയെന്നാണ് ഷറഫുദ്ദീന്റെ ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.