നിപ: 30 പേരുടെ സാമ്പ്ൾ കൂടി പരിശോധനക്ക് അയച്ചു; സമ്പര്‍ക്കപ്പട്ടിക കണ്ടെത്താന്‍ പൊലീസ് സഹായം തേടും
text_fieldsതിരുവനന്തപുരം/ കോഴിക്കോട്: നിപ വൈറസ് സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടിക മൊബൈല്‍ ലൊക്കേഷനിലൂടെ കണ്ടെത്താന്‍ പൊലീസ് സഹായം തേടാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അവലോകന യോഗത്തില്‍ നിര്‍ദേശം നല്‍കി. കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യമുണ്ടായാല്‍ പ്ലാന്‍ ബിയുടെ ഭാഗമായി സ്വകാര്യ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കി. മരുന്നും സുരക്ഷാ സാമഗ്രികളും അധികമായി ഉറപ്പ് വരുത്താന്‍ കെ.എം.എസ്.സി.എല്ലിന് മന്ത്രി നിര്‍ദേശം നല്‍കി.
മന്ത്രിമാരായ വീണാ ജോര്‍ജ്, മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് അവലോകന യോഗം ചേര്‍ന്നത്. വെള്ളിയാഴ്ച വിപുലമായ യോഗം ചേരുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
കോഴിക്കോട്ട് നിപ റിപ്പോർട്ട് ചെയ്യുകയും വ്യാപന ഭീതി നിലനിൽക്കുകയും ചെയ്യുന്നതിനിടെ 15 ആരോഗ്യ പ്രവർത്തകർ അടക്കം 30 പേരുടെ സാമ്പ്ളുകള്‍ കൂടി പരിശോധനക്കായി അയച്ചു. ഇതിൽ ഒരു ഡോക്ടർക്ക് നിപ ലക്ഷണങ്ങൾ ഉള്ളതായും ആരോഗ്യ വകുപ്പ് അറിയിച്ചു. നിലവിൽ രോഗം സ്ഥിരീകരിച്ച് മൂന്ന് പേർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ട്. 21 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. നാലു പേർ സ്വകാര്യ ആശുപത്രികളിലും 17 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും. നിപ സ്ഥിരീകരിക്കപ്പെട്ടവരുടെ സമ്പർക്ക പട്ടികയിൽ ഉള്ളവരുടെ എണ്ണം 950 ആയി. ഇതിൽ 287 പേർ ആരോഗ്യ പ്രവര്‍ത്തകരാണ്.
തലസ്ഥാനത്തെ നിപ ആശങ്കയൊഴിഞ്ഞു
തിരുവനന്തപുരം: പനി ബാധിച്ച് ചികിത്സയിലുള്ള മെഡിക്കൽ വിദ്യാർഥിക്ക് നിപയില്ലെന്ന് സ്ഥിരീകരണം വന്നതോടെ, തലസ്ഥാനത്തെ ആശങ്കയൊഴിഞ്ഞു. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിൽ ഫലം നെഗറ്റിവാണ്. ഇൻസ്റ്റിറ്റ്യൂട്ടിലെ ആദ്യ പരിശോധനയാണിത്. വിദ്യാർഥി മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു. രോഗിയുടെ നില തൃപ്തികരമാണെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. കടുത്ത പനിയെ തുടർന്ന് ചികിത്സക്കെത്തിയ വിദ്യാർഥി, താൻ വവ്വാൽ കടിച്ച പഴങ്ങൾ കഴിച്ചതായി സംശയം പറഞ്ഞിരുന്നു. തുടർന്നാണ് ഇയാളെ ഐസൊലേഷനിലാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.