കൊടുംവളവിൽ ബ്രേക്ക് പോയ സ്കൂൾ വാൻ മറിഞ്ഞ് 30 കുട്ടികൾക്ക് പരിക്ക്: അപകടം ഡ്രൈവർ കുട്ടികൾക്ക് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ
text_fieldsശ്രീകണ്ഠപുരം (കണ്ണൂർ): ശ്രീകണ്ഠപുരത്ത് സ്കൂൾ വാൻ മറിഞ്ഞ് 30 കുട്ടികൾക്ക് പരിക്കേറ്റു. വയക്കര ഗവ. യു.പി സ്കൂളിന്റെ ബസാണ് അപകടത്തിൽപെട്ടത്.
പരിക്കേറ്റവരിൽ ദേവാംഗന, ശ്രീഹരി എന്നീ കുട്ടികളെ പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും ബാക്കിയുള്ളവരെ ശ്രീകണ്ഠപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ ഒമ്പതുമണിയോടെ വയക്കര ചിശ്തി നഗറിലാണ് അപകടം. സ്കൂൾ വാടകക്കെടുത്ത് സർവിസ് നടത്തുന്ന ടെംപോ ട്രാവലറാണ് മറിഞ്ഞത്. ചിശ്തി നഗറിലെ കൊടുംവളവിൽ വാഹനത്തിന്റെ ബ്രേക്ക് നഷ്ടമാവുകയായിരുന്നു. ഇതേക്കുറിച്ച് ഡ്രൈവർ കുട്ടികൾക്ക് മുന്നറിയിപ്പ് നൽകുകയും പിടിച്ചിരിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വാഹനം മറിഞ്ഞത്. മറുവശത്ത് ആഴമേറിയ കൊക്കയിൽ പതിയാതിരിക്കാൻ ഡ്രൈവർ വാഹനം വെട്ടിച്ചെടുക്കുകയായിരുന്നു. ഇതിനിടെയാണ് റോഡിന് കുറുകെ മറിഞ്ഞത്. ഡ്രൈവർ സമയോചിതമായി ഇടപെട്ടതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.