300 രൂപയിൽ മാറിമറിഞ്ഞ് ഇസ്മായിലിന്റെ ജീവിതം
text_fieldsആറാട്ടുപുഴ (ആലപ്പുഴ): അരിപ്പത്തിരി വിറ്റുകിട്ടിയ 300 രൂപ ഇത്രയേറെ ദുരിതം വരുത്തിവെക്കുമെന്ന് ഇസ്മായിൽ സ്വപ്നത്തിൽപോലും കരുതിയില്ല. ഇതിന്റെ പേരിൽ നാലര മാസമായി ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണ്. തൃക്കുന്നപ്പുഴ പാനൂർ വേണാട്ട് വീട്ടിൽ ഇസ്മായിൽ പാനൂരിൽ അരിപ്പത്തിരിയും ചപ്പാത്തിയും നിർമിച്ച് വിൽക്കുന്ന സ്ഥാപനം നടത്തുന്നയാളാണ്.
വീട് നിർമാണത്തിന് ഒക്ടോബർ ആറിന് പണമെടുക്കാൻ ബാങ്കിലെത്തിയപ്പോഴാണ് അക്കൗണ്ട് മരവിപ്പിച്ച കാര്യം അറിയുന്നത്. രേഖാമൂലം വിവരങ്ങൾ ആവശ്യപ്പെട്ടതോടെ അമ്പലപ്പുഴ ഫെഡറൽ ബാങ്ക് ശാഖ മാനേജർ ഒക്ടോബർ 10ന് നൽകിയ മറുപടിയിൽ 2022 സെപ്റ്റംബർ 19ന് അക്കൗണ്ടിലെത്തിയ 300 രൂപയുമായി ബന്ധപ്പെട്ട് പൊലീസ് കേസ് ഉണ്ടെന്നും ഈ തുകയുടെ ഉറവിടം വ്യക്തമാക്കണമെന്നുമായിരുന്നു നിർദേശം. വിശദാംശങ്ങൾ ആവശ്യപ്പെട്ട് ഒക്ടോബർ 19ന് ഇസ്മായിൽ കത്ത് നൽകി. 300 രൂപ പ്രദേശവാസിയായ യുവതി 150 അരിപ്പത്തിരി വാങ്ങിയ ഇനത്തിൽ അക്കൗണ്ടിലേക്ക് ഗൂഗ്ൾ പേ ആയി അയച്ചതാണെന്ന് മറുപടി നൽകി. ഈ അക്കൗണ്ടിന്റെ വിശദാംശങ്ങളും നിരപരാധിത്വവും ബോധ്യപ്പെടുത്തിയെങ്കിലും നിസ്സഹായരാണെന്ന മറുപടിയാണ് ബാങ്ക് നൽകിയത്.
ഒക്ടോബർ 21ന് നൽകിയ മറുപടിയിൽ, അക്കൗണ്ടിൽ 300 രൂപ വന്നതുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ ഹൽവാദ് പൊലീസ് സ്റ്റേഷനിൽ അന്വേഷണം നടക്കുന്നുണ്ടെന്നും അവരുടെ നിർദേശപ്രകാരമാണ് അക്കൗണ്ട് മരവിപ്പിച്ചതെന്നും ബാങ്ക് അറിയിച്ചു. ഡിസംബർ 20ന് ഗുജറാത്തിലെ ഹൽവാദ് പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫിസർക്ക് വിശദമായ കത്തയച്ചു. എന്നാൽ, ഇതുവരെ മറുപടിയില്ല.
വീട് നിർമാണത്തിനായി സ്വരുക്കൂട്ടിയ നാല് ലക്ഷം രൂപയാണ് അക്കൗണ്ടിൽ ഉള്ളത്. എസ്.ബി.ഐയിൽ നിക്ഷേപിച്ചിരുന്ന 3.55 ലക്ഷം സംഭവം ഉണ്ടാകുന്നതിന് തൊട്ടുമുമ്പാണ് ഫെഡറൽ ബാങ്കിലേക്ക് മാറ്റിയത്. വീട് നിർമാണത്തിന് കരാർ ഏറ്റെടുത്തയാളുടെ ആവശ്യ പ്രകാരമാണിത്. നീതി തേടി ഫെഡറൽ ബാങ്കിന്റെ ആലുവയിലെ ആസ്ഥാനത്തും ചെന്നെങ്കിലും നിസ്സഹായരാണെന്ന മറുപടിയാണ് കിട്ടിയത്. പ്രശ്നമുള്ള അക്കൗണ്ട് മരവിപ്പിക്കുന്നതിനു പകരം പണം സ്വീകരിച്ചയാളുടെ അക്കൗണ്ട് എന്തിന് മരവിപ്പിച്ചുവെന്ന് ഇസ്മാലിന് അറിയില്ല. നീതി തേടി ഹൈകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.