13ാം വർഷവും വോട്ടില്ലാതെ 3000 ചെങ്ങറ സമരക്കാർ
text_fieldsപത്തനംതിട്ട: ചെങ്ങറയിലെ കുമ്പഴ എസ്റ്റേറ്റിൽ ഭൂരഹിതർ കുടിൽകെട്ടി താമസമായിട്ട് പതിമൂന്നേകാൽ വർഷം പിന്നിട്ടു. ഇതിനിടെ തെരെഞ്ഞടുപ്പുകൾ നിരവധി വന്നുവെങ്കിലും ജനാധിപത്യത്തിലെ ഏറ്റവും വലിയ അവകാശം ഇവർക്ക് അനുവദിക്കാൻ അധികൃതർ കൂട്ടാക്കുന്നില്ല.
598 കുടുംബങ്ങളിലായി 3000ത്തിേലറെ പേർക്കാണ് വോട്ടവകാശം നിഷേധിച്ചത്. ഹാരിസൺസ് മലയാളം കമ്പനിയുടെ കുമ്പഴ എസ്റ്റേറ്റിൽ കുടിൽകെട്ടി താമസമായ കുടുംബങ്ങളാണ് ഇവിടെയുള്ളത്. ഹാരിസൺസിെൻറ എതിർപ്പാണ് വോട്ടവകാശം നിഷേധിക്കാൻ കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്.
മലയാലപ്പുഴ പഞ്ചായത്ത് അഞ്ചാം വാർഡിൽപെടുന്നതാണ് കുമ്പഴ എസ്റ്റേറ്റ്. വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ മാസങ്ങൾക്ക് മുമ്പ് ഇവിടത്തുകാർ അപേക്ഷ നൽകിയെങ്കിലും മറുപടി ലഭിച്ചില്ല. ഭൂമി തങ്ങളുടേതാണെന്നും അനധികൃതമായി താമസിക്കുന്നവർക്ക് വോട്ടവകാശം നൽകരുതെന്നും കാട്ടി ഹാരിസൺസ് കത്ത് നൽകിയതിനാലാണ് വോട്ടവകാശം നൽകാനാകാത്തതെന്നും മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറായിരുന്ന ജയലാൽ പറയുന്നു.
അപേക്ഷ നിരസിച്ചുകൊണ്ടുള്ള കത്തും നൽകിയിട്ടില്ല. താമസഭൂമിയുടെ ഉടമസ്ഥ തർക്കം വോട്ടവകാശം നിരസിക്കാൻ കാരണമെല്ലന്ന് സംസ്ഥാന തെരെഞ്ഞടുപ്പ് കമീഷണർ വി. ഭാസ്കരൻ പറയുന്നു. മലയാലപ്പുഴ പഞ്ചായത്ത് സെക്രട്ടറിയാണ് ഇതിൽ തീരുമാനമെടുക്കേണ്ടത്. രാഷ്ട്രീയ പാർട്ടികളും ഹാരിസൺസും ചേർന്ന് നടത്തുന്ന ഗൂഢാലോചനയാണ് ഇതെന്ന് സമരക്കാർ ആരോപിക്കുന്നു.
മുമ്പ് താമസിച്ചിരുന്ന സ്ഥലങ്ങളിൽ വോട്ടവകാശമുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് പട്ടികയിൽ ഉൾെപ്പടുത്താൻ നേരേത്ത വിസമ്മതിച്ചത്. കൈയേറ്റക്കാരായതിനാൽ വീട്ടുനമ്പർ നൽകാത്തതും പട്ടികയിൽ പേര് ഉൾപ്പെടുത്താൻ തടസ്സമായി.
13 വർഷമായി ഇവിടെ താമസിക്കുന്നവർക്ക് ഇപ്പോൾ പണ്ട് താമസിച്ചിരുന്നിടങ്ങളിലെ പട്ടികയിലും പേരില്ലാതായി. താൽക്കാലിക റേഷൻകാർഡുകളും ആധാർകാർഡുകളും ഇവിടുത്തെ 113 കുടുംബങ്ങൾക്ക് അനുവദിച്ചിട്ടുണ്ട്. സമരക്കാരിൽ ഭൂരിഭാഗവും സി.പി.എം അനുഭാവികളാണ്. ഹാരിസൺസിനെ വെറുപ്പിച്ച് ഇവർക്ക് വോട്ടവകാശം നേടിയെടുക്കാൻ സി.പി.എമ്മും തയാറാകുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.