സിദ്ധീഖ് വധം: ഫർഹാനയെ വെച്ച് ഹണിട്രാപ്പ് ഒരുക്കിയെന്ന് കുറ്റപത്രം; ചുറ്റികകൊണ്ട് തലക്കടിച്ച ശേഷം നെഞ്ചിലുൾപ്പെടെ ചവിട്ടിക്കൊന്നു
text_fieldsകോഴിക്കോട്: ഹോട്ടലുടമയും തിരൂർ സ്വദേശിയുമായ സിദ്ദീഖിനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി ട്രോളി ബാഗിലാക്കി ഉപേക്ഷിച്ച കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. നടക്കാവ് ഇൻസ്പെക്ടർ പി.കെ. ജിജീഷ് അന്വേഷണം പൂർത്തിയാക്കി തയാറാക്കിയ 3,000 പേജുള്ള കുറ്റപത്രം വെള്ളിയാഴ്ച നാലാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് സമർപ്പിച്ചത്.
കേസിന്റെ വിചാരണ നടപടികൾ ഇനി സെഷൻസ് കോടതിയിലായിരിക്കും. കൊല നടന്ന് 90 ദിവസത്തിനുള്ളിലാണ് കുറ്റപത്രം സമർപ്പിച്ചത്. മൂന്ന് പ്രതികളുള്ള കേസിൽ 187 സാക്ഷികളും കൊലക്കും മൃതദേഹം കഷണങ്ങളാക്കാനും ഉപയോഗിച്ച ആയുധങ്ങൾ, ഫോറൻസിക് പരിശോധന ഫലങ്ങൾ, രേഖകൾ എന്നിവയടക്കം നൂറിലേറെ തൊണ്ടിമുതലുകളുമാണുള്ളത്. സിദ്ദീഖിന്റെ ഹോട്ടലിൽ നേരത്തെ ജോലി ചെയ്ത സിബിൽ, സിദ്ദീഖിന് മുൻപരിചയമുള്ള ഫർഹാനയെ മുൻനിർത്തി ഹണിട്രാപ്പ് ഒരുക്കിയായിരുന്നു കൊല നടത്തിയതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
പ്രതികളായ പാലക്കാട് വല്ലപ്പുഴ ചെറുകോട് ആച്ചീരിത്തൊടി മുഹമ്മദ് സിബിൽ (23), ചെർപ്പുളശ്ശേരി ചളവറ കുട്ടുതൊടി കദീജത്തുൽ ഫർഹാന (18), മേച്ചേരി വല്ലപ്പുഴ വാലുപറമ്പിൽ മുഹമ്മദ് ആഷിഖ് (സിക്കു -26) എന്നിവർ ജയിലിലാണ്. ഫർഹാനക്കായി നേരത്തെ അഡ്വ. ബി.എ. ആളൂർ നൽകിയ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇനി ജില്ല കോടതയിൽ ജാമ്യാപേക്ഷ നൽകാനാണ് പ്രതിഭാഗത്തിന്റെ തീരുമാനമെന്നാണ് വിവരം. മേയ് 18നായിരുന്നു മൂവരുംകൂടി എരഞ്ഞിപ്പാലത്തെ ഹോട്ടൽ മുറിയിൽ സിദ്ദീഖിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്.
കോഴിക്കോട് കുന്നത്തുപാലത്ത് ഹോട്ടൽ നടത്തിയ സിദ്ദീഖിനെ കാണാനില്ലെന്ന് കുടുംബം നൽകിയ പരാതിയിൽ തിരൂർ ഇൻസ്പെക്ടർ എം.ജെ. ജീജോ നടത്തിയ അന്വേഷണത്തിനിടെ ലഭിച്ച തെളിവുകളാണ് നിർണായകമായത്. സിദ്ദീഖിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് എ.ടി.എം കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ചതിന്റെ സന്ദേശം മകന്റെ മൊബൈൽ ഫോണിലേക്ക് വന്നതോടെ ദുരൂഹത ഉയരുകയും പിന്നീട് കൊലപാതകം തെളിയുകയുമായിരുന്നു.
ആദ്യം സിബിൽ ചുറ്റികകൊണ്ട് സിദ്ദീഖിന്റെ തലക്കടിച്ച് ചവിട്ടിവീഴ്ത്തുകയും തുടർന്ന് തലയണകൊണ്ട് മുഖം പൊത്തിപ്പിടിച്ച് മൂവരും ചേർന്ന് നെഞ്ചിലുൾപ്പെടെ ചെരിപ്പിട്ട് ചവിട്ടിക്കൊല്ലുകയുമായിരുന്നു. പിന്നീട് ട്രോളി ബാഗും ഇലക്ട്രിക്ക് കട്ടറും വാങ്ങിവന്ന് മൃതദേഹം മുറിച്ച് ബാഗിലാക്കി സിദ്ദീഖിന്റെ കാറിൽ കൊണ്ടുപോയി അട്ടപ്പാടി ചുരത്തിൽ ഒമ്പതാം വളവിലെ മന്ദംപെട്ടി തോട്ടിൽ തള്ളി. അസമിലേക്ക് കടക്കുന്നതിനിടെ സിബിലും ഫർഹാനയും ചെന്നൈയിൽനിന്നാണ് പിടിയിലായത്. പിന്നീട് മുഹമ്മദ് ആഷിഖും അറസ്റ്റിലായി. മൂവരും അറസ്റ്റിലായി ആദ്യഘട്ട തെളിവെടുപ്പും പൂർത്തിയാക്കിയ ശേഷമാണ് കേസ് നടക്കാവ് പൊലീസിന് കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.