ഒരാടിന് 3.11 ലക്ഷം; ഈ തുക നാട്ടുകാരുടെ മനസ്സിന്റെ വലുപ്പം
text_fieldsകട്ടപ്പന: ഒരു ആടായിരുന്നു ലേലത്തിൽ. ലേലം വിളിച്ചുവിളിച്ച് വില കയറിക്കൊണ്ടേയിരുന്നു. ഓരോ തവണ വില ഉയരുമ്പോഴും ലേലം വിളിക്കുന്നവരും നാട്ടുകാരും ഒന്നാകെ ആഹ്ലാദത്തിൽ. ഒടുവിൽ ആടിന്റെ വില 3.11 ലക്ഷം രൂപയെത്തി. ഒരുതരം, രണ്ടുതരം, മൂന്നുതരം... ലേലം ഉറപ്പിച്ചു. ആടിന്റെയല്ല, നാട്ടുകാരുടെ മനസ്സിന്റെ വലുപ്പമാണ് ലേലം വിളിയിൽ ഉയർന്നത്. അർബുദ ബാധിതനായ യുവാവിന്റെ ചികിത്സക്കായി ജനകീയ ലേലത്തിലാണ് ആടിന് 3.11 ലക്ഷം ഉറപ്പിച്ചത്. പിന്നാലെ ഒരു കോഴിക്ക് 4000 രൂപക്കും ലേലമുറപ്പിച്ചു. മേലേചിന്നാർ വളയത്ത് ജിൻസ് മോന്റെ (43) അർബുദ ചികിത്സക്ക് പണം കണ്ടെത്താൻ മേലേചിന്നാറിൽ നടത്തിയ ജനകീയ ലേലത്തിലാണ് വൻ തുകക്ക് ആടും കോഴിയും വിറ്റഴിഞ്ഞത്. 23ന് രാത്രി 9.30ന് ആരംഭിച്ച് 24ന് പുലർച്ച നാലുവരെയാണ് ലേലംവിളി നീണ്ടത്.
മാതാപിതാക്കളും ഭാര്യയും മൂന്ന് ആൺമക്കളുമടങ്ങുന്നതാണ് ജിൻസ്മോന്റെ കുടുംബം. പെയിന്റിങ് ജോലി ചെയ്ത് ജീവിച്ചിരുന്ന ജിൻസ്മോന് ഒരുവർഷം മുമ്പാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സ ആരംഭിച്ചു. നിലവിൽ ആഴ്ചയിൽ ഒരുതവണ കീമോ ചെയ്താണ് മുന്നോട്ടുപോകുന്നത്. പെയിന്റിങ് ജോലി ചെയ്യാൻ കഴിയാതെ വന്നതോടെ സുമനസ്സുകളുടെ സഹായത്തോടെ വാങ്ങിയ ഓട്ടോറിക്ഷ ഓടിച്ചാണ് ജീവിതം. ഇപ്പോൾ വാഹനം ഓടിക്കുന്നതും ബുദ്ധിമുട്ടായിരിക്കുകയാണ്.
മജ്ജ മാറ്റിവെക്കണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. അതിന് 20 ലക്ഷത്തോളം രൂപ കണ്ടെത്തണം. നിർധന കുടുംബത്തിന് ഈ തുക കണ്ടെത്താൻ സാധിക്കാത്ത സ്ഥിതിയായതോടെ ജിൻസ്മോൻ സഹായനിധി രൂപവത്കരിച്ച് പണം സ്വരൂപിക്കാനുള്ള ശ്രമം ആരംഭിച്ചു. അതിന്റെ ഭാഗമായാണ് ജനകീയ ലേലം നടത്തിയത്. പ്രതീക്ഷിച്ചതിലധികം തുക ലഭിച്ചെങ്കിലും ഇനിയും 15 ലക്ഷത്തിലധികം രൂപ കണ്ടെത്തണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.