‘മായ’ ഇന്ന് ‘കരോളിന’; കടൽ കടന്നെത്തി ‘അമ്മമാരെ’ കാണാൻ...
text_fieldsതിരുവനന്തപുരം: കണ്ണുനനക്കുന്ന അപൂർവ സംഗമത്തിന് ശിശുക്ഷേമസമിതി ആസ്ഥാനം വ്യാഴാഴ്ച വൈകീട്ട് സാക്ഷ്യം വഹിച്ചു. 32 കൊല്ലം മുമ്പ് സമിതിയുടെ ദത്തെടുക്കൽ കേന്ദ്രത്തിൽ നിന്ന് സ്വീഡനിലേക്ക് ദത്ത് പോയ ‘മായ’ എന്ന അന്നത്തെ മൂന്നുവയസ്സുകാരി കരോളിനയായി ഭർത്താവ് പാട്രിക്കിന്റെ കൈപിടിച്ച് പഴയ തറവാടിലേക്ക് പറന്നെത്തി. തന്നെ മാറിൽ ചേർത്ത് വളർത്തിയ പോറ്റമ്മമാരെ കാണാൻ.
വരവ് നേരത്തേ അറിഞ്ഞ് അന്നത്തെ പോറ്റമ്മമാർ ജയകുമാരിയും ശാന്തമ്മയും ഗിരിജാദേവിയുമെല്ലാം പ്രായാധിക്യമെല്ലാം മറന്ന് തങ്ങളുടെ പൊന്നുമോളെ കാണാൻ ഓടിയെത്തി.
അവളെ കെട്ടിപ്പിടിച്ച് വാരിപ്പുണർന്നു; വളർത്തുപുത്രിയുടെ കണ്ണ് നിറഞ്ഞൊഴുകിയപ്പോൾ അമ്മമാരുടെയും കണ്ടു നിന്നവരുടെയും മനസ്സും വികാരാധീനമായി.
1991ൽ സംസ്ഥാന ശിശുക്ഷേമ സമിതിയിൽ നിന്ന് മൂന്നുവയസ്സ് പ്രായമുള്ളപ്പോൾ സ്വീഡനിലെ സർക്കാർ ടെക്നീഷ്യൻ സവൻ ഒലോഫ് ജോൺസനും ഭാര്യ ക്രിസ്തീന അസ്ബർഗും ദത്തെടുത്ത കുരുന്നാണ് മായ. കരോളിന അസ്ബർഗ് എന്ന് പേരുമിട്ടു. അക്കാലത്ത് വിദേശങ്ങളിലേക്ക് ഏറ്റവും കൂടുതൽ ദത്തുപോകുന്നത് സ്വീഡനിലേക്കായിരുന്നു.
1994ൽ അഞ്ച് വയസ്സുള്ളപ്പോൾ മുമ്പ് ഒരു തവണ തിരുവനന്തപുരത്തും സമിതിയിലും വന്നിരുന്നു. പൊന്മുടിയും സന്ദർശിച്ചാണ് മടങ്ങിയത്. ഇപ്പോൾ 35 വയസ്സ് പ്രായമുള്ള കരോളിന സ്വീഡിഷ് പബ്ലിക് എംപ്ലോയ്മെന്റ് സർവിസിൽ സ്പെഷൽ കേസ് ഹോൾഡറായി ജോലി നോക്കുന്നു. ഭർത്താവ് പാട്രിക് സർക്കാർ ടെക്നീഷ്യനാണ്.
സഹോദരി സോഫിയ സ്നേഹജോൺസനെയും 1994ൽ ബംഗളൂരുവിൽ നിന്നും ക്രിസ്റ്റിന ദമ്പതികൾ ദത്തെടുത്തതാണ്. തിരക്കായതിനാൽ സോഫിയ ഇന്ത്യയിലേക്ക് വന്നില്ല.
ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺഗോപി, വൈസ് പ്രസിഡന്റ് പി. സുമേശൻ, ജോയന്റ് സെക്രട്ടറി മീരാ ദർശക്, ട്രഷറർ കെ. ജയപാൽ, എക്സി. അംഗങ്ങളായ ഒ.എം. ബാലകൃഷ്ണൻ, എം.കെ. പശുപതി, യേശുദാസ് പറപ്പിള്ളി എന്നിവർ ചേർന്ന് കരോളിന ദമ്പതികളെ സ്വീകരിച്ച് സമിതിയുടെ സ്നേഹ സമ്മാനങ്ങളും നൽകി. വരുന്ന നാലു ദിവസം കേരളത്തിൽ തങ്ങുന്ന മായ കരോളിന അടുത്തയാഴ്ച ഭർത്താവുമൊപ്പം സ്വീഡനിലേക്ക് മടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.