അഞ്ചുവർഷത്തിനിടെ ഇടുക്കി ജില്ലയിൽ ജീവനൊടുക്കിയത് 323 വയോധികർ
text_fieldsതൊടുപുഴ: വാർധക്യമെന്നത് ചിലർക്കുമാത്രം വരുന്ന ഒരവസ്ഥയല്ല. ജനിച്ച എല്ലാ മനുഷ്യരും നടന്നടുക്കുന്നത് അതിലേക്കാണ്.
ഒരുകാലത്ത് വയോജനങ്ങളെ വീടിെൻറ ഐശ്വര്യമായി കണ്ടിരുെന്നങ്കിൽ ഇന്ന് പല കുടുംബങ്ങളിലും അങ്ങനെയല്ല. ജില്ലയിൽ വയോജനങ്ങൾക്കു നേരെയുള്ള അതിക്രമങ്ങൾ ഓരോ വർഷവും കൂടിവരുന്നതായാണ് കണക്കുകൾ. 2020-21ലെ കണക്കുകൾ പരിശോധിച്ചാൽ ഇതുവരെ 131 കേസാണ് വയോധികരുമായി ബന്ധപ്പെട്ട് ജില്ലയിലെ മെയിൻറനൻസ് ട്രൈബ്യൂണലിന് മുന്നിൽ എത്തിയത്. വയോജന പരിപാലന നിയമപ്രകാരമുള്ള കേസുകള്‍ക്ക് ഉള്‍പ്പെടെ പരിഹാരം കാണാനാണ് മെയിൻറനന്‍സ് ട്രൈബ്യൂണല്‍ പ്രവർത്തിക്കുന്നത്. ജില്ലയിൽ ഇടുക്കിയിലും ദേവികുളത്തുമാണ് ട്രൈബ്യൂണൽ പ്രവർത്തിക്കുന്നത്.
സംരക്ഷണം നൽകാതെ മാതാപിതാക്കളെ ഉപേക്ഷിക്കുക, സ്വത്ത് വാങ്ങിയശേഷം അവഗണിക്കുക, മക്കളില്‍നിന്നോ ബന്ധുക്കളില്‍നിന്നോ നേരിടുന്ന ഉപദ്രവങ്ങൾ, സാമ്പത്തിക ചൂഷണങ്ങള്‍, നിന്ദിക്കല്‍, അവഗണന എന്നീ കേസുകളാണ് ട്രൈബ്യൂണലിനുമുന്നിൽ റിപ്പോർട്ട് ചെയ്തത്. ഇടുക്കിയിൽ 63 കേസുകളിൽ 27 എണ്ണം തീർപ്പാക്കി. 36 എണ്ണത്തിൽ തീർപ്പായിട്ടില്ല. ദേവികുളത്ത് 68 കേസുകളിൽ 39 എണ്ണം തീർപ്പാക്കി. 29 എണ്ണം വിധി കാത്തിരിക്കുന്നു.
അഞ്ചുവർഷത്തിനിടെ ജീവനൊടുക്കിയത് 323 വയോധികർ
അഞ്ചുവർഷത്തിനിടെ 323 വയോധികരാണ് ജില്ലയിൽ ജീവനൊടുക്കിയത്; 2017ൽ 62 പേരും. 2018ൽ -72, 2019ൽ - 77, 2020ൽ -84, 2021 മേയ് വരെ 28 എന്നിങ്ങനെയാണ് കണക്ക്. വീട്ടിലെ പ്രശ്നങ്ങൾ, വിഷാദം, മദ്യപാനം എന്നിവയെല്ലാം ആത്മഹത്യക്ക് പിന്നിലെ കാരണങ്ങളായി സാമൂഹികനീതി വകുപ്പ് ചൂണ്ടിക്കാട്ടുന്നു. കൂടാതെ വിഷാദം, ആകാംക്ഷ, വ്യാകുലത, മരണഭയം, മറവി, ഏകാന്തത, സാമ്പത്തികപ്രശ്നങ്ങൾ ഒട്ടേറെ പ്രശ്നങ്ങും ഇവർ നേരിടുന്നതായി സാമൂഹികനീതി വകുപ്പ് നടത്തിയ സർവേയിൽ കണ്ടെത്തിയിട്ടുണ്ട്. പ്രമേഹം, രക്തസമ്മര്‍ദം, കൊളസ്ട്രോള്‍ കൂടുന്ന അവസ്ഥ, ഹൃദയാഘാതം, വൃക്കരോഗങ്ങള്‍, നേത്രരോഗങ്ങള്‍ തുടങ്ങിയ രോഗങ്ങളും ഇവരെ വലക്കുന്നു.
വേണം, ശ്രദ്ധയും പരിചരണവും
കൃത്യമായ ശ്രദ്ധയും പരിചരണവുംകൊണ്ട് മാത്രമേ ഇവരെ ഇത്തരത്തിലുള്ള പ്രശ്നങ്ങളിൽനിന്ന് കരകയറ്റാൻ കഴിയൂ എന്നും അതല്ലെങ്കിൽ ഇതെല്ലാം മാനസിക പ്രശ്നങ്ങളായി മാറുകയും ചെയ്യുമെന്നും ഇവരുമായി ബന്ധെപ്പട്ട് പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. കോവിഡ് സാഹചര്യത്തിലും വയോധികർ ഏറെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇവരുടെ കോവിഡ്കാല പ്രശ്നങ്ങൾ കണ്ടെത്താൻ സാമൂഹികനീതി വകുപ്പിെൻറ നേതൃത്വത്തിൽ കാൾ സെൻററർ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ഇതുവരെ 6750 ഫോൺ കാളാണ് എത്തിയത്. കൂടുതലും ശാരീരിക ബുദ്ധിമുട്ടുകളും മരുന്നുകളുടെ ആവശ്യകതയും സംബന്ധിച്ച വിളികളായിരുന്നു. വയോധികർക്കുനേരെ ഏതെങ്കിലും തരത്തിലുള്ള അതിക്രമങ്ങളുണ്ടായാൽ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെടണമെന്നാണ് സാമൂഹികനീതി വകുപ്പ് അറിയിച്ചിരിക്കുന്നത്.
ജില്ലയിൽ മുപ്പതോളം വൃദ്ധസദനങ്ങളാണ് പ്രവർത്തിക്കുന്നത്. ഇവിടെ ഏകദേശം 950 താമസക്കാരാണുള്ളത്. മുതലക്കോടത്താണ് സർക്കാറിെൻറ ഏക വയോജന-വികലാംഗ കേന്ദ്രം പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.