ആദ്യഘട്ടം ഡിജിറ്റലാക്കുക 3.33 ലക്ഷം ഹെക്ടർ ഭൂമി: ഏറ്റവും കൂടുതൽ അളക്കുന്നത് ഇടുക്കിയിൽ, 61,438 ഹെക്ടർ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ആരംഭിക്കുന്ന ഡിജിറ്റല്‍ സര്‍വേയുടെ ഭാഗമായി ആദ്യഘട്ടം അളക്കുന്നത് 3.33 ലക്ഷം ഹെക്ടര്‍ ഭൂമി. 200 വില്ലേജിലായി 3,33,842 ഹെക്ടര്‍, അതായത് 8.25 ലക്ഷം ഏക്കര്‍ ഭൂമിയാണ് എട്ടുമാസത്തിനകം ഡിജിറ്റലായി അളക്കാന്‍ റവന്യൂവകുപ്പ് ലക്ഷ്യമിടുന്നത്. ഏറ്റവും കൂടുതല്‍ വിസ്തൃതിയുള്ള വില്ലേജുകൾ ഉൾപ്പെടുന്ന ഇടുക്കി ജില്ലയില്‍ തന്നെയാണ് കൂടുതല്‍ ഭൂമി സര്‍വേ നടത്തേണ്ടി വരുക.
ഇടുക്കിയിലെ 13 വില്ലേജുകളിലായുള്ള 61,438 ഹെക്ടര്‍ ഭൂമിയാണ് ആദ്യഘട്ടത്തില്‍ അളക്കുക. ഇടുക്കിയിലെ കെ.ഡി.എച്ച് വില്ലേജില്‍ മാത്രം 27,029 ഹെക്ടര്‍ ഭൂമി അളക്കും.
കണ്ണൂരിലെ ആറളം വില്ലേജാണ് ഡിജിറ്റല്‍ സര്‍വേ നടത്തുന്ന വില്ലേജുകളില്‍ വിസ്തൃതിയില്‍ രണ്ടാമത്; 10,730 ഹെക്ടര്‍. ഏറ്റവും കുറവ് കാസർകോട് ജില്ലയിലെ ഉജ്വാര്‍-ഉള്‍വാര്‍ വില്ലേജിലാണ്; 170 ഹെക്ടര്‍. ആദ്യഘട്ടം ഓരോ വില്ലേജിലും സര്‍വേ നടത്തേണ്ട ശരാശരി ഭൂമിയുടെ വിസ്തൃതി 1670 ഹെക്ടറാണ്. തൃശൂരിലാണ് കൂടുതല്‍ വില്ലേജുകള്‍ ഡിജിറ്റല്‍ സര്‍വേയുടെ ആദ്യഘട്ടത്തിലുള്ളത്. ഇവിടെ 23 വില്ലേജിലായി 16,635 ഹെക്ടര്‍ ഭൂമിയിലാണ് ആദ്യഘട്ട സര്‍വേ. തിരുവനന്തപുരത്ത് 22 വില്ലേജിലായി 29.047 ഹെക്ടറും കൊല്ലത്ത് 12 വില്ലേജിലായി 21,201 ഹെക്ടറുമാണുള്ളത്.
ഒരു വില്ലേജില്‍ നാലോ അഞ്ചോ സംഘങ്ങളെയാകും ഡിജിറ്റല്‍ സര്‍വേക്ക് നിയോഗിക്കുക. ആദ്യമാസം ഒന്നോ രണ്ടോ സംഘങ്ങളേ ഉണ്ടാവൂ. ഒരു സംഘത്തിന് ദിവസം ശരാശരി ആറ് ഹെക്ടറിൽ സര്‍വേ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.
മറ്റ് ജില്ലകളിൽ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുന്ന വില്ലേജുകളുടെ എണ്ണവും ഭൂമിയുടെ വിസ്തൃതി ഹെക്ടറിലും ചുവടെ:
പത്തനംതിട്ട 12 20,619
കോട്ടയം 9 16,528
ആലപ്പുഴ 8 12,396
എറണാകുളം 13 14,328
പാലക്കാട് 14 25,807
മലപ്പുറം 18 21,332
കോഴിക്കോട് 16 30,087
വയനാട് 8 25,640
കണ്ണൂര്‍ 14 28,362
കാസർകോട് 18 10,442
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.