മനുഷ്യത്വം കൈകോർത്തത് മഹാലക്ഷ്യത്തിലേക്ക്; റഹീമിന്റെ മോചനത്തിനായി 34 കോടി രൂപ സമാഹരിച്ചു
text_fieldsകോഴിക്കോട്: ലോകത്തുള്ള മുഴുവൻ മലയാളികളുടെയും മങ്ങാത്ത മനുഷ്യസ്നേഹത്തിന്റെ കൈപിടിച്ച് അബ്ദുൽ റഹീം ഇനി ജീവിതത്തിലേക്ക് തിരികെയെത്തും. സൗദി ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന റഹീമിന്റെ മോചനത്തിനായി 34 കോടി രൂപ സമാഹരിക്കുകയെന്ന വമ്പൻ ലക്ഷ്യത്തിലേക്ക് മലയാളികൾ ഒരുമനസ്സോടെ മുന്നിട്ടിറങ്ങിയപ്പോൾ ഭീമമായ തുക പിരിഞ്ഞുകിട്ടിയത് ദിവസങ്ങൾക്കുള്ളിൽ. കൈയബദ്ധം മൂലം സൗദി ബാലൻ മരിക്കാനിടയായ സംഭവത്തിൽ 18 വർഷമായി ജയിൽ ശിക്ഷ അനുഭവിച്ചു വരുകയാണ് അബ്ദുൽ റഹീം. വധശിക്ഷയിൽനിന്ന് ഒഴിവാക്കാൻ സൗദി ബാലന്റെ കുടുംബം ആവശ്യപ്പെട്ട 34 കോടി രൂപയാണ് മലയാളികൾ കൈകോർത്ത് സമാഹരിച്ചത്. തുക സൗദി കുടുംബത്തിന് നൽകാനുള്ള അന്തിമ ദിവസത്തിന് മൂന്നു ദിനം ശേഷിക്കേയാണ് 34 കോടി പൂർണമായി സ്വരൂപിച്ചത്.
റഹീമിന്റെ മോചനത്തിനായി ആരംഭിച്ച ട്രസ്റ്റ് വഴിയായിരുന്നു പ്രധാനമായും ധനം സമാഹരിച്ചത്. ഇതുവഴി 31,93,46,568 രൂപ ബാങ്കിലെത്തി. 2.52 കോടി രൂപ പണമായി നേരിട്ട് കോഴിക്കോട് ഫറോക്ക് കോടമ്പുഴയിലുള്ള റഹീമിന്റെ വീട്ടിലെത്തിയിരുന്നു. ഇത് പ്രകാരം മൊത്തം 34,45,46,568 രൂപ ലഭിച്ചു. ബോബി ചെമ്മണ്ണൂര്‍ നൽകിയ ഒരു കോടി രൂപ ഉൾപെടെയാണ് വമ്പൻ ലക്ഷ്യത്തിലേക്ക് നിശ്ചിത ദിവസങ്ങൾക്കുള്ളിൽ എത്തിയതെന്ന് ധനസഹായ സമിതി ഭാരവാഹികൾ വ്യക്തമാക്കി.
പണ സമാഹരണം വെള്ളിയാഴ്ച ഉച്ചയോടെ 30 കോടി കവിഞ്ഞിരുന്നു. മണിക്കൂറുകൾക്കുള്ളിലാണ് നാലു കോടി രൂപ കൂടി ലഭിച്ചത്. ചൊവ്വാഴ്ചയാണ് പണം നൽകാനുള്ള അവസാന തീയതി. ഫണ്ട് കലക്ഷന്റെ സുതാര്യത ഉറപ്പു വരുത്തുന്നതിനുള്ള ഓഡിറ്റിങ്ങിന് വേണ്ടി പ്രത്യേക ആപ്പിന്റെ പ്രവർത്തനം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് വൈകീട്ട് 4.30 വരെ നിർത്തിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് 34 കോടി സമാഹരിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചത്. ഇവിടെ പിരിച്ചെടുത്ത പണം ഇന്ത്യൻ എംബസി വഴി സൗദിയിലെത്തിക്കും. ഇതിനായി ധനകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി തേടാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്.
വധശിക്ഷയും അതിനുപകരം പാരിതോഷികവുമെന്നുള്ളത് സൗദി സർക്കാറുമായി നേരിട്ടു ബന്ധമില്ലാത്ത വിഷയമായതിനാൽ ഔദ്യോഗികമായി ഇടപെടാൻ പരിമിതികളുണ്ടെന്നാണ് സൗദി അധികൃതരിൽനിന്ന് ലഭിച്ച വിവരം. നഷ്ടപരിഹാര തുക ആവശ്യപ്പെട്ടത് ഒരു കുടുംബമാണെന്നും ഇത് ഭരണകൂടത്തിന്റെ പരിധിയിൽ വരില്ലെന്നുമാണ് സൗദി അധികൃതരുടെ വെളിപ്പെടുത്തൽ. എങ്കിലും മോചനവുമായി ബന്ധപ്പെട്ട് സാധ്യമായതെല്ലാം ചെയ്തുതരാൻ തയാറാണെന്ന് റിയാദിലെ മലയാളികൾക്ക് സൗദി അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്.
ഡ്രൈവര്‍ വിസയിൽ സൗദിയിലെത്തിയ റഹീം 18 വർഷമായി റിയാദിലെ ജയിലിലാണുള്ളത്. 2006ൽ തന്റെ 26-ാം വയസ്സിലാണ് റഹീമിനെ ജയിലിലടച്ചത്. കഴുത്തിന് താഴെ ചലന ശേഷി നഷ്ടപ്പെട്ട സ്പോണ്‍സറുടെ മകന്‍ ഫായിസിനെ പരിചരിക്കുന്ന ജോലിയാണ് റഹീം ചെയ്തിരുന്നത്. ഫായിസിന് ഭക്ഷണവും വെള്ളവുമടക്കം നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച പ്രത്യേക ഉപകരണം വഴിയായിരുന്നു. കുട്ടിയെ ഇടക്ക് പുറത്ത് കൊണ്ടുപോകേണ്ട ചുമതലയും റഹീമിനായിരുന്നു. 2006 ഡിസംബര്‍ 24ന് ഫായിസിനെ കാറില്‍ കൊണ്ടുപോകുന്നതിനിടയില്‍ റഹീമിന്റെ കൈ അബദ്ധത്തില്‍ കുട്ടിയുടെ കഴുത്തില്‍ ഘടിപ്പിച്ച ഉപകരണത്തില്‍ തട്ടുകയും ബോധരഹിതനായ ഫായിസ് പിന്നീട് മരിക്കുകയുമായിരുന്നു.
തുടര്‍ന്ന് കൊലപാതക കുറ്റം ചുമത്തി റഹീമിനെ സൗദി പൊലീസ് അറസ്റ്റ് ചെയ്തു. റിയാദിലെ കോടതി വിധിച്ച വധശിക്ഷ അപ്പീല്‍ കോടതികൾ ശരിവെക്കുകയായിരുന്നു. ഈ കാലയളവിനിടയില്‍ ഫായിസിന്റെ കുടുംബവുമായി നിരവധി തവണ ഉന്നത തലത്തില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മാപ്പ് നല്‍കാന്‍ അവര്‍ തയാറായിരുന്നില്ല. 34 കോടി രൂപ ദയാധനമെന്ന ഉപാധിയില്‍ ഒടുവിൽ ഫായിസിന്റെ കുടുംബം സമ്മതം അറിയിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.