മഴ തകർക്കുമ്പോഴും കാലവർഷം 34 ശതമാനം കുറവ്
text_fieldsതൃശൂർ: സംസ്ഥാനത്ത് കാലവർഷം അവസാനിക്കുന്നത് 34 ശതമാനം മഴയുടെ കുറവോടെ. സെപ്റ്റംബർ അവസാന ദിവസങ്ങളിൽ ലഭിച്ച മഴയാണ് കുറച്ചെങ്കിലും രക്ഷയായത്. ജൂൺ ഒന്നിന് ആരംഭിച്ച് സെപ്റ്റംബർ 30ന് അവസാനിക്കുന്നതാണ് കാലവർഷ സീസൺ. ഒക്ടോബർ ഒന്നുമുതൽ പെയ്യുന്ന മഴ തുലാവർഷ മഴയായാണ് കണക്കാക്കുന്നത്. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ന്യൂനമർദമാണ് സെപ്റ്റംബർ അവസാന ദിവസങ്ങളിൽ കനത്ത മഴ ലഭിക്കാൻ സഹായകമായത്. ഇത് ലഭിച്ചില്ലായിരുന്നെങ്കിൽ 40 ശതമാനമെങ്കിലും കുറവ് ഉണ്ടാകുമെന്നായിരുന്നു കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ അനുമാനം. മുമ്പ് ഇതിലും കുറവ് മഴ ലഭിച്ചത് 1918, 1976 വർഷങ്ങളിൽ മാത്രമാണെന്ന് കാലാവസ്ഥ ശാസ്ത്ര ഗവേഷകൻ ഡോ. ഗോപകുമാർ ചോലയിൽ പറഞ്ഞു.
അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ന്യൂനമർദം വടക്കോട്ട് നീങ്ങി ദുർബലമായിട്ടുണ്ട്. അതിനാൽതന്നെ കഴിഞ്ഞദിവസങ്ങളിൽ ശക്തമായ മഴ പരമാവധി രണ്ടുദിവസം മാത്രമേ നീളൂവെന്നാണ് വിലയിരുത്തൽ. തുലാവർഷത്തിൽ മികച്ച മഴ ലഭിക്കുമെന്ന കണക്ക് കൂട്ടലാണുള്ളത്. ന്യൂനമർദം, ചക്രവാത ചുഴി എന്നിവയെ ആശ്രയിച്ചാണ് ഏറ്റക്കുറച്ചിലുണ്ടാവുക. തുടർച്ചയായ മഴ തുലാവർഷത്തിൽ ലഭിക്കാറുമില്ല. തുലാവർഷത്തിൽ തീവ്രമഴ ലഭിക്കുന്നത് തമിഴ്നാട്, ആന്ധ്ര, ഒഡിഷ, ബംഗാൾ സംസ്ഥാനങ്ങളിലാണ്. ഈ സമയത്ത് ചുഴലിക്കാറ്റിലും പ്രകൃതി ക്ഷോഭങ്ങളിലും നാശനഷ്ടവും കൂടുതലായിരിക്കും.
രാജ്യത്ത് പൊതുവിൽ കാലവർഷത്തിൽ ശരാശരി മഴ ലഭിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിൽ എട്ട് ശതമാനം കുറവുണ്ടായതായാണ് കണക്ക്. ആഗസ്റ്റ് മാസത്തിലാണ് സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ ലഭിച്ചത്.
വലിയ ഡാമുകളിലെല്ലാം വെള്ളത്തിന്റെ അളവ് കുറവാണ്. സംഭരണ ശേഷിയുടെ പകുതിയിൽ താഴെ മാത്രമാണ് മിക്കയിടത്തും ശേഷിക്കുന്നത്. തുലാവർഷത്തിൽ പ്രതീക്ഷിക്കുന്ന രീതിയിൽ മഴ ലഭിച്ചില്ലെങ്കിൽ കടുത്ത വരൾച്ചയും വൈദ്യുതി കമ്മിയുമാകും സംസ്ഥാനം അഭിമുഖീകരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.