അപകടമേഖലയായി 340 'ബ്ലാക്ക് സ്പോട്ട്'; അടിയന്തര നടപടിക്ക് നിർദേശം
text_fieldsതൊടുപുഴ: സംസ്ഥാനത്തെ റോഡുകളിൽ തുടർച്ചയായി അപകടമുണ്ടാകുന്ന 340 'ബ്ലാക്ക് സ്പോട്ട്'. റോഡ് സുരക്ഷാ അതോറിറ്റിയാണ് ഇത്സംബന്ധിച്ച വിശദപഠനം നടത്തി റിപ്പോർട്ട് തയാറാക്കിയത്.
ബ്ലാക്ക് സ്പോട്ടുകളായി കണ്ടെത്തിയ സ്ഥലങ്ങളിൽ അപകടസാധ്യത കുറക്കാൻ അടിയന്തര നടപടിയെടുക്കാൻ ബന്ധപ്പെട്ട ഏജൻസികൾക്ക് നിർദേശം നൽകി.
340 ബ്ലാക്ക് സ്പോട്ടിൽ 238 എണ്ണം ഉയർന്ന അപകടസാധ്യതയുള്ളവയും 102 എണ്ണം ഇടത്തരം സാധ്യതയുള്ളവയുമാണ്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ ബ്ലാക്ക് സ്പോട്ടുകൾ: 65 എണ്ണം. എറണാകുളം 58, കൊല്ലം 56, ആലപ്പുഴ 51, തൃശൂർ 36, കോഴിക്കോട് 25, കോട്ടയം 18, മലപ്പുറം 13, പത്തനംതിട്ട 11, പാലക്കാട് നാല്, വയനാട്, ഇടുക്കി, കണ്ണൂർ ഒന്നുവീതം എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്. കാസർകോട് ഇൗ പട്ടികയിൽ ഇല്ല. ഉയർന്ന അപകടസാധ്യതയുള്ള ബ്ലാക്ക് സ്പോട്ടുകൾ കണ്ടെത്തിയ 238 റോഡുകളിൽ 159 എണ്ണം നാഷനൽ ഹൈവേ അതോറിറ്റിയുടെയും 51 എണ്ണം സംസ്ഥാന സർക്കാറിെൻറയും 28 എണ്ണം തദ്ദേശസ്ഥാപനങ്ങളുടെയും പരിധിയിലുള്ളതാണ്. ബ്ലാക്ക്സ്പോട്ടായി നിശ്ചയിച്ച സ്ഥലങ്ങളിൽ മൂന്ന് വർഷത്തിനിടെയുണ്ടായ അപകടങ്ങളിൽ 1763 പേർ മരിച്ചിട്ടുണ്ട്.
ബ്ലാക്ക് സ്പോട്ടുകൾ അപകടരഹിത മേഖലയാക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം ചീഫ് സെക്രട്ടറിയുടെയും റോഡ് സുരക്ഷാ കമീഷണറുടെയും സാന്നിധ്യത്തിൽ യോഗം ചേർന്നിരുന്നു. റോഡിെൻറ അശാസ്ത്രീയ നിർമാണം മുതൽ മരങ്ങളും വൈദ്യുതി തൂണുകളും സുരക്ഷാ സംവിധാനങ്ങളില്ലാത്തതും അനധികൃത പരസ്യബോർഡുകളും വരെ ബ്ലാക്ക് സ്പോട്ടുകളിൽ അപകടകാരണമാകുന്നു.
ദേശീയപാതകളിലെ ഇത്തരം തകരാറുകൾ ഡിസംബർ 31നകം പരിഹരിക്കണമെന്ന് നാഷനൽ ഹൈവേ അതോറിറ്റിക്കും സംസ്ഥാന പാതകളിലേത് മാർച്ച് 31നകം പരിഹരിക്കാൻ പൊതുമരാമത്ത് വകുപ്പ് അടക്കം ഏജൻസികൾക്കും നിർദേശം നൽകിയിട്ടുണ്ട്.
എന്താണ് ബ്ലാക്ക് സ്പോട്ട്?
റോഡിൽ 500 മീറ്ററോളം നീളമുള്ള ഒരു ഭാഗത്ത് കഴിഞ്ഞ മൂന്ന് കലണ്ടർ വർഷത്തിനിടെ യാത്രക്കാരുടെ ഗുരുതര പരിക്കിനോ മരണത്തിനോ ഇടയാക്കിയ അഞ്ച് അപകടങ്ങൾ നടന്നിട്ടുണ്ടെങ്കിൽ ആ ഭാഗം ബ്ലാക്ക് സ്പോട്ടായി കണക്കാക്കാമെന്നാണ് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിെൻറ മാർഗരേഖയിൽ പറയുന്നത്. മൂന്നുവർഷത്തിനിടെ 10 അപകട മരണങ്ങൾ നടന്ന സ്ഥലവും ബ്ലാക്ക് സ്പോട്ടിൽപെടും. അപകടത്തിെൻറ വ്യാപ്തി, പരിക്കിെൻറ തീവ്രത, മരണസംഖ്യ എന്നിവ വിലയിരുത്തിയാണ് ബ്ലാക്ക് സ്പോട്ടുകളെ ഉയർന്ന അപകടസാധ്യതയുള്ളവയെന്നും ഇടത്തരം സാധ്യതയുള്ളവയെന്നും തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.