മൂന്നരക്കോടിയുടെ കണ്ണമ്പ്ര റൈസ് പാര്‍ക്ക് അഴിമതി; സി.പി.എമ്മില്‍ കൂട്ട അച്ചടക്കനടപടി
text_fieldsപാലക്കാട്: മൂന്നരക്കോടിയുടെ കണ്ണമ്പ്ര റൈസ് പാര്‍ക്ക് അഴിമതിയിൽ സി.പി.എമ്മില്‍ അച്ചടക്കനടപടി. സി.കെ. ചാമുണ്ണിയെ ജില്ല സെക്രട്ടേറിയറ്റില്‍ നിന്ന് ഒഴിവാക്കി. ജില്ലാ കമ്മിറ്റിയില്‍ തുടരും. റൈസ് പാര്‍ക്ക് കണ്‍സോര്‍ഷ്യം സെക്രട്ടറി ആര്‍. സുരേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കൂടിയായ സി.കെ. ചാമുണ്ണിയുടെ ബന്ധുവാണ് പുറത്താക്കപ്പെട്ട ആര്‍. സുരേന്ദ്രന്‍.
പാര്‍ട്ടി ഫണ്ട് തിരിമറി നടത്തിയതിന് വടക്കഞ്ചേരി ഏരിയ സെക്രട്ടറി കെ. ബാലനെ തരംതാഴ്ത്തി. ബാലനെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കി. റൈസ് പാർക്കിനായി 27.66 ഏക്കർ ഭൂമിയാണ് കൺസോർഷ്യം വാങ്ങിയത്. ഏക്കറിന് 23 ലക്ഷം രൂപ പ്രകാരം ആറര കോടിയോളം രൂപയ്ക്കായിരുന്നു ഇടപാട്. എന്നാൽ ഏക്കറിന് 16 ലക്ഷം രൂപ മാത്രം വിലയുള്ള പ്രദേശത്ത്, ഏക്കറിന് ഏഴ് ലക്ഷം രൂപ അധികം നൽകി ഭൂമി വാങ്ങിയതിൽ അഴിമതിയുണ്ടെന്നായിരുന്നു കണ്ണമ്പ്രയിലെ പ്രാദേശിക സി.പി.എം നേതാക്കളുടെ പരാതി.
കൺസോർഷ്യത്തിന് നേതൃത്വം കൊടുക്കുന്നവർക്ക് അഴിമതിയിൽ പങ്കുണ്ടെന്നും, പ്രാഥമിക സഹകരണ സംഘങ്ങൾക്ക് വലിയ നഷ്ടമാണ് ഉണ്ടായതെന്നും ചൂണ്ടിക്കാട്ടി പ്രാദേശിക നേതാക്കൾ ജില്ലാ നേതൃത്വത്തിന് പരാതി നൽകി. രണ്ടു കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നുവെന്നായിരുന്നു ആരോപണം. കഴിഞ്ഞ വർഷം ജനുവരിയിലാണ് പരാതി നൽകിയത്. എന്നാൽ, ജില്ലാ നേതൃത്വം നടപടിയെടുത്തില്ല. ഇതോടെ പ്രാദേശിക നേതാക്കൾ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി.
സംസ്ഥാന സെക്രട്ടറിയുടെ ചുമതയുള്ള എ. വിജയരാഘവന്‍ പങ്കെടുത്ത ജില്ല സെക്രട്ടേറിയേറ്റിലാണ് അന്വേഷണ കമീഷനെ നിയോഗിച്ചത്. പരാതി അടിസ്ഥാന രഹിതമാണെന്നും സഹകരണ വകുപ്പിന്‍റെ പൂര്‍ണ അറിവോടെയാണ് ഭൂമി ഇടപാട് നടന്നതെന്നുമായിരുന്നു കണ്ണമ്പ്ര സഹകരണ ബാങ്കിന്‍റെ വിശദീകരണം. ആരോപണം കെട്ടിച്ചമച്ചതാണെന്നായിരുന്നു അന്വേഷണ കമീഷനെ നിയോഗിക്കാൻ തീരുമാനിച്ച ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷം പാർട്ടി ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രൻ പറഞ്ഞത്.
അപാകത ശ്രദ്ധയിൽ പെട്ടിട്ടില്ല. ആരെങ്കിലും ആരോപണം ഉന്നയിച്ചാൽ അത് വിവാദമാക്കേണ്ടതില്ല. പാർട്ടിയുടെ മുന്നിൽ പ്രശ്നം വന്നാൽ അത് ചർച്ച ചെയ്യുന്നതിനപ്പുറം ഒന്നുമില്ല. പാർട്ടി പരിശോധിക്കുന്നത് ആദ്യം കമ്മീഷനെ വെച്ചിട്ടല്ല. നിലവിൽ അന്വേഷണ കമീഷനെ വെച്ചിട്ടില്ലെന്നും മാധ്യമങ്ങളെ വിളിച്ചല്ല പാർട്ടി ചർച്ച ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിന്നാലെയാണ് കമീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ജില്ലാ കമ്മിറ്റി മുതിർന്ന നേതാവിനെതിരെ തന്നെ നടപടിയെടുത്തിരിക്കുന്നത്. കേന്ദ്ര കമ്മിറ്റിയംഗം എ.കെ. ബാലൻ, എ. വിജയരാഘവൻ എന്നിവർ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങളിലാണ് തീരുമാനം ഉണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.