ആശുപത്രിയുടെ അനാസ്ഥയെന്ന് പരാതി; 35 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു
text_fieldsപന്തളം: 35 ദിവസം പ്രായമുള്ള പെൺകുഞ്ഞിന്‍റെ മരണം പന്തളം സി.എം ആശുപത്രിയിലെ ചികിത്സ പിഴവിനെ തുടർന്നാണെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. പൂഴിക്കാട് എച്ച്.ആർ മൻസിലിൽ ഹബീബ് റഹ്മാൻ - നജ്മ ദമ്പതികളുടെ മറിയം ഹനൂൻ ബിന്ദ് ഹബീബ് എന്ന കുഞ്ഞ് ബുധനാഴ്ച രാത്രിയാണ് മരിച്ചത്.
രണ്ടാഴ്ചയ്ക്കു മുമ്പ് പ്രസവത്തിനായി നജ്മ പന്തളം സി.എം ആശുപത്രിയിൽ എത്തിയിരുന്നു. പ്രസവ വേദനയെടുത്ത് കരഞ്ഞ വീട്ടമ്മയെ ഡോക്ടർമാർ പരിശോധിക്കാൻ എത്തിയിരുന്നില്ല. രാവിലെ 10നാണ് ഡോക്ടർ പരിശോധനക്കെത്തിയത്. അന്ന് ബന്ധുക്കൾ ഡോക്ടർമാരുടെ അനാസ്ഥയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. പന്തളം സി.എം ആശുപത്രിയിൽ സിസേറിയൻ ആയി പ്രസവം നടന്നു.
കുട്ടിക്ക് ഓക്സിജൻ കുറഞ്ഞതിനെ തുടർന്ന് അടൂർ ലൈഫ് ലൈൻ ആശുപത്രിയിലും തിരുവനന്തപുരം എസ്.എ.ടിയിലും തുടർചികിത്സ നടത്തി. ശേഷം വീട്ടിൽ കൊണ്ടുവരികയും ചെയ്തു. ബുധനാഴ്ച രാത്രി കുഞ്ഞിന്റെ നില വഷളായി. ഇതോടെ പന്തളം എൻ.എസ്.എസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
പ്രസവിച്ചപ്പോൾ ഉണ്ടായ ചികിത്സാ പിഴവ് കാരണമാണ് കുഞ്ഞ് മരിച്ചതെന്ന് ആരോപിച്ച് ബന്ധുക്കൾ പന്തളം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പന്തളം പൊലീസ് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.