കോട്ടയം ജില്ലയിലെ മരുന്ന് സംഭരണശാലയിൽ 35,000 കിലോ ബ്ലീച്ചിങ് പൗഡർ; കാവലിന് അഗ്നിരക്ഷാസേന
text_fieldsകോട്ടയം: കേരള മെഡിക്കൽ സർവിസസ് കോർപറേഷന്റെ (കെ.എം.എസ്.സി.എൽ) ജില്ലയിലെ സംഭരണശാലയിലുള്ളത് 35,000 കിലോ ബ്ലീച്ചിങ് പൗഡർ. വെയർഹൗസുകളിലുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ബാങ്കെ ബിഹാരി കമ്പനിയുടെ ഈ ബ്ലീച്ചിങ് പൗഡർ തിരിച്ചെടുത്തേക്കും. 65,000 കിലോ ബ്ലീച്ചിങ് പൗഡറാണ് ആകെ ഉണ്ടായിരുന്നത്. ഇതിൽ 30,500 കിലോ കോർപറേഷൻ ആവശ്യപ്പെട്ടതനുസരിച്ച് കഴിഞ്ഞ ദിവസം പത്തനംതിട്ടയിലെ പാർക്കിൻസ് എൻർപ്രൈസസ് തിരിച്ചെടുത്തിരുന്നു.
ബ്ലീച്ചിങ് പൗഡർ സ്റ്റോക്ക് ഉള്ളതിനാൽ സുരക്ഷാനടപടികളുടെ ഭാഗമായി കലക്ടർ ദുരന്തനിവാരണ നിയമപ്രകാരം ഒരു യൂനിറ്റ് അഗ്നിരക്ഷാസേനയെ നിയോഗിച്ചു. മൂന്നു സെക്യൂരിറ്റി ജീവനക്കാരിൽ രണ്ടുപേരെ രാത്രി ഡ്യൂട്ടിക്ക് ചുമതലപ്പെടുത്തി. ഒന്നരലക്ഷം കപ്പാസിറ്റിയുള്ള ടാങ്കിൽ വെള്ളം സംഭരിച്ചിട്ടുണ്ട്. ബ്ലീച്ചിങ് പൗഡർ സൂക്ഷിച്ചിരിക്കുന്നത് 1000 സ്ക്വയർ ഫീറ്റുള്ള മുറിയിലാണ്. ആവശ്യത്തിന് വായുസഞ്ചാരം ഉറപ്പാക്കി. ചൂടുമൂലം സ്വയം കത്തുന്നത് ഒഴിവാക്കാൻ ഓട്ടോമാറ്റിക് സംവിധാനവും മുറിയിലുണ്ട്.
മരുന്നുകൾ സൂക്ഷിച്ചിരിക്കുന്ന മുറിയിൽനിന്ന് ദൂരെ മാറിയാണ് കെമിക്കൽ മുറി. തീപിടിത്തമുണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കാൻ എല്ലാ ഒരുക്കവും ചെയ്തതായി മാനേജർ സെബിൻ അറിയിച്ചു. കഴിഞ്ഞ ദിവസം അഗ്നിരക്ഷാസേന സംഭരണശാലയിൽ ഫയർ ഓഡിറ്റ് നടത്തിയിരുന്നു. അഗ്നിരക്ഷ സംവിധാനങ്ങളുടെ പ്രവർത്തനത്തിൽ സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ജില്ല മെഡിക്കൽ ഓഫിസറും ഡ്രഗ് ഇൻസ്പെക്ടറും കഴിഞ്ഞ ദിവസം സംഭരണശാല സന്ദർശിച്ച് സുരക്ഷാസംവിധാനങ്ങൾ വിലയിരുത്തി.
മെഡിക്കൽ കോളജ് വിട്ടുകൊടുത്ത ഒന്നര ഏക്കർ സ്ഥലത്ത് പണിത പുതിയ അഞ്ചുനില കെട്ടിടത്തിലാണ് സംഭരണശാല പ്രവർത്തിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലായി മെഡിക്കൽ സർവിസ് കോർപറേഷന്റെ സംഭരണശാലകളിൽ തീപിടിത്തമുണ്ടായിരുന്നു. അഗ്നിരക്ഷ ജീവനക്കാരന് ജീവൻ നഷ്ടമാവുകയും ചെയ്തു.ബ്ലീച്ചിങ് പൗഡറിനാണ് തീപിടിച്ചതെന്നാണ് നിഗമനം. ഈ സാഹചര്യത്തിലാണ് സംഭരണശാലകൾക്ക് കൂടുതൽ സുരക്ഷ ഏർപ്പെടുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.