സർക്കാർ ഉത്തരവിലെ വ്യവസ്ഥകൾ ലംഘിച്ച് യൂത്ത് കമീഷൻ പണം ചെലവഴിച്ചെന്ന് റിപ്പോർട്ട്
text_fieldsകോഴിക്കോട്: സർക്കാർ ഉത്തരവിലെ വ്യവസ്ഥകൾ ലംഘിച്ച് യൂത്ത് കമീഷൻ പണം ചെലവഴിച്ചെന്ന് ഓഡിറ്റ് റിപ്പോർട്ട്. കോളജുകളിലും കോളനികളിലും യുവാക്കൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾക്കായി 2.70 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയിരുന്നു. മദ്യം, മയക്കുമരുന്ന് ദുരുപയോഗം, സൈബർ കുറ്റകൃത്യങ്ങൾ തുടങ്ങിയവയ്‌ക്കെതിരെ ബോധവൽക്കണമായിരുന്നു പദ്ധതി. തുക ചെവവഴിച്ചത് സംബന്ധിച്ച രേഖകളുടെ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തി.
യുവാക്കൾക്കിടയിൽ ബോധവൽക്കരണത്തിനായി വിവിധ പരിപാടികൾ നടത്താനായിരുന്നു അനുമതിയെങ്കിലും കോ-ഓർഡിനേറ്റർമാർക്ക് പരിശീലനം നടത്താനാണ് തുക വിനിയോഗിച്ചത്. കൊല്ലം കെ.ടി.ഡി.സിയിലെ ടാമറിൻഡ് ഈസി ഹോട്ടലിൽ 2020 ഡിസംബർ 18 മുതൽ 20 വരെ മൂന്ന് പരിശീലനം നടത്തിയെന്നാണ് രേഖകൾ. അതിനായി 2.70 ലക്ഷം അനുവദിച്ചപ്പോൾ 3,63,007 രൂപ ചെലവഴിച്ചു. 93,007 രൂപ അധികമായി ചെലവഴിച്ചുവെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്.
മദ്യം, മയക്കുമരുന്ന് ദുരുപയോഗം, സൈബർ കുറ്റകൃത്യങ്ങൾ എന്നിവക്കെതിരെ യുവാക്കൾക്കിടയിൽ ബോധവൽക്കരണ പരിപാടി നടത്തിയില്ല. കോ-ഓർഡിനേറ്റർമാർക്ക് പരിശീലന പരിപാടിയുടെ ഭക്ഷണം, താമസം തുടങ്ങിയവക്കാണ് ഏറെ തുക ചെലവഴിച്ചത്. അതാകട്ടെ ക്വട്ടേഷൻ ക്ഷണിക്കാതെ സർക്കാർ ചട്ടങ്ങൾ ലംഘിച്ചാണ് നടപ്പാക്കിയത്.
കെ.ടി.ഡി.സിയുടെ ഏകീകൃത ബില്ലിൽ ഹാൾ വാടക രേഖപ്പെടുത്തിയിട്ടില്ല. പകരം 2020 ഡിസംബർ 20 എന്ന തീയതിയിൽ ഒരു പ്രത്യേക ക്യാഷ് മെമ്മോ/ വെയിറ്റർ ചെക്ക് ആണ് സമർപ്പിച്ചിരിക്കുന്നത്. കൺസോളിഡേറ്റഡ് ബില്ലിലെ ഒപ്പും വെയിറ്റർ ചെക്കിലെ ഒപ്പും തന്നെയാണ്. ഫോട്ടോഗ്രാഫിക്ക് വേണ്ടി ചെലവാക്കിയ 10,500 രൂപയുടെ ബിൽ തിരുത്തിയെഴുതിയതിനാൽ ഫിനാൻസ് ഓഫീസർ എതിർത്തു. എന്നാൽ, എതിർപ്പ് അവഗണിച്ച് ബിൽ അടക്കാനായി പാസാക്കി നൽകി.
കണ്ടൽക്കാടുകളുടെ പരിസ്ഥിതി ആഘാതത്തെക്കുറിച്ച് പഠിക്കുന്നതിനായി 19,500-ൽ ഒരു ക്രൂയിസ് ബോട്ട് വാടകയ്‌ക്കെടുത്തു. മദ്യപാനം, മയക്കുമരുന്ന് ദുരുപയോഗം, സൈബർ കുറ്റകൃത്യങ്ങൾ തുടങ്ങിയവയ്‌ക്കെതിരെ യുവാക്കളിൽ അവബോധം സൃഷ്ടിക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾക്ക് അനുവദിച്ച ഫണ്ടാണ് ഉത്തരവിലെ വ്യവസ്ഥകൾ ലംഘിച്ച് ചെലവഴിച്ചത്. 48 അംഗങ്ങൾ പങ്കെടുത്തുവെന്നാണ് കണക്ക്. 48 പേർക്ക് താമസിക്കുന്നതിന് മൂന്ന് മുറികൾക്ക് 73,260 ചെലവായി. 8000 രൂപയുടെ ബില്ലിൽ കാരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഒരു ആയുർവേദ റിസോർട്ടിലെ താമസത്തിനെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഭക്ഷണവും താമസവും-2,01,027, ഹാൾ-10080, ക്രൂയിസ് ബോട്ട് 19500, ആയുർവേദ റിസോർട്ട് - 8000, സാംസ്കാരിക പരിപാടി-14000, സ്റ്റേജ്, ഫ്ലെക്സ്, ബാനർ-13900, സൗണ്ട് സിസ്റ്റം - 26,000 എന്നിങ്ങനെ 2,92,507 രൂപ ചെലവഴിച്ചു. പരിശീലന ഫീസ് -20,500, പരിശീലന സാമഗ്രികൾ-49,600 എന്നിങ്ങനെയാണ് മറ്റ് തുക ചെലവഴിച്ചത്. ആകെ 3,63,007 രൂപ ചെലവഴിച്ചുവെങ്കിലും കോളജുകളിലും കോളനികളിലും യുവാക്കൾക്കിടയിലെ യൂത്ത് കമീഷന്റെ ബോധവൽക്കരണം കടസിൽ ഒതുങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.