റേഷൻ വാങ്ങാത്ത 36,826 കുടുംബങ്ങൾ മുൻഗണന പട്ടികക്ക് പുറത്ത്
text_fieldsതിരുവനന്തപുരം: മൂന്നുമാസം തുടർച്ചയായി റേഷൻ വാങ്ങാത്ത മുൻഗണന വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളെ പൊതുവിഭാഗത്തിലേക്ക് മാറ്റുന്ന നടപടികൾ അതിവേഗം പുരോഗമിക്കുന്നു. ഡിസംബർ 19വരെ മുൻഗണന പട്ടികയിൽ ഉൾപ്പെട്ടിരുന്ന 36,826 കുടുംബങ്ങളെയും (ഏകദേശം 18 ലക്ഷത്തോളം പേരെ) പൊതുവിഭാഗം (സബ്സിഡി) വിഭാഗത്തിൽ (നീല കാർഡ്) ഉൾപ്പെട്ട 2258 പേരെയും പൊതുവിഭാഗത്തിലേക്ക് മാറ്റി.
തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ ആളുകൾ ഇങ്ങനെ മുൻഗണന പട്ടികക്ക് പുറത്തായത് -5881 പേർ. തൊട്ടുപിന്നിൽ എറണാകുളമാണ് -4588. കുറവ് വയനാടും -737.ഏറ്റവും കൂടുതൽ നീല കാർഡുകാർ പുറത്തായത് കണ്ണൂർ ജില്ലയിലാണ് -656 പേർ, ഇടുക്കിയിൽ 606ഉം മലപ്പുറത്ത് 513 പേരും ഇത്തരത്തിൽ പുറത്തായി. പുറത്താക്കപ്പെട്ടവർക്ക് പകരം മറ്റ് കാർഡുടമകളെ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തുന്ന നടപടി പുരോഗമിക്കുകയാണ്.
കടയിൽ പോയി സാധനങ്ങൾ വാങ്ങാൻ സാധിക്കാത്തവരുണ്ടെങ്കിൽ എത്രയും വേഗം പകരക്കാരെ ചുമതലപ്പെടുത്തണമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ അറിയിച്ചു. ഇതിന് പ്രോക്സി സംവിധാനം ഏർപ്പെടുത്തി. പകരക്കാരനായി നിശ്ചയിക്കുന്നയാൾ അതേ റേഷൻകടയിലെ കാർഡ് ഉടമ ആയിരിക്കണം.
ഇതിനായി ഇയാളുടെ പേര്, ആധാർ, മൊബൈൽ നമ്പർ എന്നിവ സഹിതം താലൂക്ക് സപ്ലൈ ഓഫിസർക്ക് അപേക്ഷ നൽകണം. സംസ്ഥാനത്ത് 2018 മേയിൽ ഇ-പോസ് മെഷീൻ വഴി റേഷൻ വിതരണം ആരംഭിച്ച ശേഷം ഒരു മാസത്തെ ശരാശരി റേഷൻ വിതരണം 86.94 ശതമാനമാണ്. 2018ലെ പ്രളയകാലത്ത് മാത്രമാണ് ഇത് 90 ശതമാനം കടന്നത്. പൊതുവിഭാഗത്തിൽപ്പെട്ട 70,000ത്തോളം കുടുംബങ്ങൾ നിലവിൽ റേഷൻ വാങ്ങാത്തവരാണ്.
ആനുകൂല്യം ലഭിച്ചവർ പോലും റേഷൻ വിഹിതം പാഴാക്കുന്നത് ഭാവിയിൽ കേന്ദ്ര വിഹിതത്തിൽ കുറവ് വരുത്തുമെന്ന ആശങ്ക സംസ്ഥാന സർക്കാറിനുണ്ട്. റേഷൻ വേണ്ടാത്തവർക്ക് അത് ഉപേക്ഷിക്കുന്നതിനായി ‘ഗീവ് അപ്പ്’ സംവിധാനം ഭക്ഷ്യവകുപ്പ് ഏർപ്പെടുത്തിയെങ്കിലും ഭൂരിഭാഗവും അതിനോടും മുഖംതിരിച്ച് നിൽക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.