10 വർഷം; മരിച്ച യാത്രക്കാർക്ക് റെയിൽവേ നൽകിയ നഷ്ടപരിഹാരം 38 കോടി
text_fieldsകൊച്ചി: യാത്രക്കാർക്ക് യാത്രക്കുമുമ്പേ ഇൻഷുറൻസ് കവറേജ് തെരഞ്ഞെടുക്കാനുള്ള സൗകര്യമൊരുക്കുന്ന ഇന്ത്യൻ റെയിൽവേ, ജീവനക്കാർക്ക് ഇൻഷുറൻസ് സൗകര്യമൊരുക്കുന്നില്ല. ഐ.ആർ.സി.ടി.സി വെബ്സൈറ്റിലൂടെ ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ 45 പൈസ മാത്രം യാത്രക്കാരന് പ്രീമിയം തുക ഈടാക്കി 10 ലക്ഷം രൂപ വരെ നൽകുന്നതാണ് റെയിൽവേ യാത്രക്കാരുടെ ഇൻഷുറൻസ്. ഇത്തരത്തിൽ 10 വർഷത്തിനിടെ ട്രെയിനപകട മരണങ്ങളിൽ യാത്രികരുടെ കുടുംബങ്ങൾക്ക് റെയിൽവേ ബോർഡ് നഷ്ടപരിഹാരമായി നൽകിയത് 28.55 കോടി രൂപയെന്ന് വിവരാവകാശ രേഖ. 2014 മുതൽ 2024 വരെ കാലയളവിലാണിത്. ഇതുകൂടാതെ, അപകടത്തിൽ പരിക്കേറ്റ യാത്രക്കാർക്കായി 10 കോടിയോളം രൂപയും നഷ്ടപരിഹാരമായി ചെലവഴിച്ചു. വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയുടെ ചോദ്യത്തിനാണ് കേന്ദ്ര റെയിൽവേ ബോർഡ് മറുപടി നൽകിയത്. എന്നാൽ, റെയിൽവേ ജീവനക്കാർക്ക് ഇൻഷുറൻസ് സംവിധാനം ബോർഡ് നൽകുന്നില്ലെന്നും രേഖയിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ 10 വർഷത്തിനിടെ ഏറ്റവുമധികം മരണ നഷ്ടപരിഹാരം നൽകിയത് 2023-24 കാലയളവിലാണ് -20.86 കോടി. ഒഡിഷയിലെ ബാലസോറിൽ 300ൽ താഴെ പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ ദുരന്തം അരങ്ങേറിയതിനെത്തുടർന്നാണിത്. മുൻവർഷങ്ങളിൽനിന്ന് വ്യത്യസ്തമായി 5.44 കോടി രൂപ ഈ വർഷം പരിക്കേറ്റവർക്ക് നഷ്ടപരിഹാരമായി നൽകി. കഴിഞ്ഞ വർഷങ്ങളിൽ ഒരു കോടിക്കടുത്തും അതിൽ കുറവുമായിരുന്നു അപകട നഷ്ടപരിഹാരം.
10 വർഷത്തിനിടെ 2020-21ലാണ് യാത്രക്കാരുടെ മരണത്തിൽ ഏറ്റവും കുറവ് നഷ്ടപരിഹാരം നൽകിയത് -0.53 കോടി. അതേവർഷം അപകടത്തിൽപെട്ടവർക്ക് 0.25 കോടിയും നൽകി. എന്നാൽ, 10 വർഷത്തിനിടെ ഉണ്ടായ അപകടങ്ങളുടെ കണക്ക്, മരിച്ചവരുടെയും അപകടത്തിൽപെട്ടവരുടെയും എണ്ണം, മരിച്ചതും അപകടത്തിൽപെട്ടതുമായ ജീവനക്കാരുടെ എണ്ണം എന്നിവ സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.