ഓർമകളിൽ മായാതെ അമ്പൂരി
text_fieldsതിരുവനന്തപുരം: കനത്തമഴയും ഉരുൾപൊട്ടലും 23 വർഷം മുമ്പ് തിരുവനന്തപുരത്തെ അമ്പൂരിയെന്ന ഗ്രാമത്തെ തകർത്തതുപോലെയാണ് വയനാട് ചൂരൽമല മുണ്ടക്കൈയെയും ഒറ്റ രാത്രികൊണ്ട് ഇല്ലാതാക്കിയത്.
കാണാതായവരെ ജീവനോടെ കണ്ടെത്തണേയെന്ന പ്രാർഥനയിലാണ് തിരുവനന്തപുരവും. എന്തെന്നാൽ, രണ്ട് പതിറ്റാണ്ട് കഴിഞ്ഞിട്ടും അമ്പൂരി നൽകിയ വേദന തലസ്ഥാനവാസികളുടെ മനസ്സിൽനിന്ന് മാഞ്ഞിട്ടില്ല. 2001 നവംബർ ഒമ്പതിന് ഇതുപോലെ നേരം ഇരുട്ടി വെളുത്തപ്പോൾ കേട്ടത് അമ്പൂരിയിൽ ഉരുൾപൊട്ടലിൽ ഒരു പ്രദേശം ഇല്ലാതായെന്ന വാർത്തയാണ്.
നെയ്യാര്ഡാമിനും അമ്പൂരിക്കും മധ്യേ കുരിശ്ശുമലയുടെ അടിവാരത്തുള്ള വീടുകള്‍ എടുത്തെറിഞ്ഞ ഉരുൾപൊട്ടലിൽ തകർന്നത് സി.ഡി. തോമസ് എന്ന വ്യാപാരിയുടെ കുടുംബം കൂടിയാണ്. അന്ന് തോമസിന്റെ മകൻ ബിനുവിന്റെ വിവാഹനിശ്ചയവുമായി ബന്ധപ്പെട്ട് ഒത്തുകൂടിയ കുടുംബാംഗങ്ങൾ 22 പേർ ഉൾപ്പെടെ 39 ജീവനുകളാണ് നഷ്ടപ്പെട്ടത്.
അമ്പൂരി പൂച്ചമുക്കിലെ റബർ വ്യാപാരിയായ തോമസിന്റെ മകൻ ബിനുവിന്റെ വിവാഹനിശ്ചയമായിരുന്നു 2001 നവംബർ 10ന്. ആ ചടങ്ങിൽ പങ്കെടുക്കാനായി പുണെ, എരുമേലി, കോട്ടയം, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ നിന്നെല്ലാം ബന്ധുക്കൾ എത്തിയിരുന്നു.
മൂന്ന് നാല് ദിവസമായി കനത്ത മഴ പെയ്തെങ്കിലും ഇത്തരമൊരു ദുർവിധി ആരും സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല. തോമസിന്റെ ഭാര്യ ലീലാമ്മ, മകൻ ബിനു, ചടങ്ങിനുവേണ്ടി പുണെയില്നിന്നെത്തിയ മകള്‍ ബീന, ഭര്‍ത്താവ് റോമിയോ, ഇവരുടെ മക്കളായ ഫെലിക്സ്, ലിയോണ്‍, സഹോദരൻ സെബാസ്റ്റ്യന്‍, സെബാസ്റ്റ്യന്റെ മൂന്ന് മക്കള്‍, മറ്റ് ബന്ധുക്കൾ എന്നിവരുൾപ്പെടെ മരിച്ചു. തോമസ് മാത്രം പാറക്കൂട്ടത്തിനിടയിൽ കുരുങ്ങി കിടന്നു.
രക്ഷാപ്രവർത്തകർ തോമസിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നെങ്കിലും ഉറ്റവരും പ്രിയപ്പെട്ടവരും വീടും എല്ലാം വെറും ഓർമയായി മാറിയിരുന്നു. തോമസിന്റെ മാത്രമല്ല അയൽവാസികളുടെയും വീടുകളും നാമാവശേഷമായിരുന്നു.
അന്നത്തെ ദുരന്തത്തിനുശേഷം, തുടര്‍ച്ചയായി കനത്ത മഴപെയ്യുന്ന സാഹചര്യങ്ങളില്‍ പ്രദേശവാസികളെ മാറ്റിത്താമസിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ അമ്പൂരിയില്‍ സ്വീകരിക്കുന്നുണ്ടെങ്കിലും പേമാരിയെത്തുമ്പോൾ പഴയ ഓർമകളിലേക്ക് പോകും ആ മനസ്സുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.