നാലുകോടിയുടെ വികസന പ്രവർത്തനങ്ങൾ; മുഖം മിനുക്കാനൊരുങ്ങി ആലുവ റെയിൽവേ സ്റ്റേഷൻ
text_fieldsആലുവ: ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനായ ആലുവ മുഖം മിനുക്കാനൊരുങ്ങുന്നു. നാലുകോടിയുടെ വികസന പ്രവർത്തനങ്ങളാണ് സ്റ്റേഷനിൽ നടക്കാൻ പോകുന്നത്. റെയിൽവേ സ്റ്റേഷന് പടിഞ്ഞാറൻ കവാടം അടക്കമുള്ള ആവശ്യങ്ങളാണ് അമൃത് ഭാരത് സ്കീമിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. റെയിൽവേ പ്ലാറ്റ്ഫോമിലെ റൂഫിങ് എക്സ്റ്റൻഷൻ, സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേക എ.സി വെയ്റ്റിങ് റൂമുകൾ, പുതിയ റിട്ടയറിങ് റൂമുകൾ, പുതിയ കവാടം, പ്ലാറ്റ്ഫോമുകളിൽ ഡിജിറ്റൽ ഡിസ്പ്ലേ സംവിധാനം, കൂടുതൽ ഇരിപ്പിടങ്ങൾ, ലൈറ്റിങ്, ഫാൻ, ലിഫ്റ്റ് സൗകര്യം, പാർക്കിങ് ഏരിയ എന്നീ സൗകര്യങ്ങളാണ് ആദ്യ ഘട്ടത്തിൽ നടപ്പിലാക്കുന്നത്.
നിലവിലെ പാർക്കിങ് സംവിധാനത്തിൻറെ നവീകരണവും പദ്ധതിയിലുണ്ട്. വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച് ബെന്നി ബഹനാൻ എം.പിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും റെയിൽവേ ഉദ്യോഗസ്ഥരുടെയും വിപുലമായ യോഗം ആലുവ റെയിൽവേ സ്റ്റേഷനിൽ ചേർന്നു. സ്റ്റേഷൻറെ വികസന പ്രവർത്തനങ്ങൾക്കുള്ള ഒരു മാസ്റ്റർ പ്ലാൻ അടിയന്തരമായി തയ്യാറാക്കുന്നതിന് റെയിൽവേ ഉദ്യോഗസ്ഥന്മാരെ ചുമതലപ്പെടുത്തി. സമഗ്രമായ ഒരു പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ യോഗം തീരുമാനിച്ചു.
ഇടുക്കി, മൂന്നാർ എന്നിവടങ്ങളിലേക്ക് പോകുന്ന യാത്രക്കാർ, അന്തർ സംസ്ഥാന തൊഴിലാളികൾ എന്നിവർ ഏറ്റവും അധികം ആശ്രയിക്കുന്ന സ്റ്റേഷൻ എന്ന നിലയിൽ കൂടുതൽ ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ അനുവദിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു. അൻവർ സാദത്ത് എം.എൽ.എ, റെയിൽവേ ഡിവിഷണൽ മാനേജർ സച്ചിൻഡർ മോഹൻ ശർമ്മ, നഗരസഭ വൈസ് ചെയർപേഴ്സൺ സൈജി ജോളി, സ്ഥിരം സമിതി അധ്യക്ഷൻമാരായ ലത്തീഫ് പുഴിതറ, ലിസ ജോൺസൺ, എം.പി.സൈമൺ, ഡിവിഷനൽ അഡ്വസറി അംഗം വി.പി.ജോർജ്, പത്മശ്രി ഡോ. ടോണി ഫെർണാണ്ടസ്, സാബു പരിയാരത്ത്, മറ്റു ഉദ്യോഗസ്ഥർ, വിവിധ സംഘടന പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.