ഒത്തുചേരാം; നമ്മുടെ 1000 രൂപ മതി ഇശാൽ മറിയത്തിന്റെ ജീവൻ തിരിച്ചുപിടിക്കാൻ; ഇനി വേണ്ടത് നാലുകോടി രൂപകൂടി
text_fieldsകൊച്ചി: 1000 രൂപ വീതം നൽകാൻ കഴിയുന്ന 40,000 പേരുണ്ടായാൽ മതി, ലക്ഷദ്വീപിന്റെ പൊന്നുമോളെ നമുക്ക് ജീവിതത്തിലേക്ക് പിടിച്ചുകയറ്റാം.
അപൂർവരോഗമായ സ്പൈനൽ മസ്കുലാർ അട്രോഫി (എസ്.എം.എ) ടൈപ് വൺ ബാധിച്ച് ചികിത്സയിൽ കഴിയുന്ന ലക്ഷദ്വീപ് കടമത്ത് സ്വദേശി കൊട്ടാരം പി.കെ. നാസറിെൻറയും ഡോ.എം. ജസീനയുടെയും അഞ്ചുമാസം മാത്രം പ്രായമായ ഇശാൽ മറിയം എന്ന കുരുന്നിെൻറ ചികിത്സയാണ് പണം തികയാത്തതിനാൽ വൈകുന്നത്. 16 കോടി രൂപയാണ് ചികിത്സക്ക് ആവശ്യം.
കണ്ണൂർ മാട്ടൂലിലെ മുഹമ്മദിന് ലഭിച്ച ചികിത്സഫണ്ടിൽനിന്ന് 8.5 കോടി ഇശാൽ മറിയത്തിന് നൽകിയിട്ടുണ്ട്. ഇതോടെ 11.98 കോടി രൂപയായി. 4.02 കോടി രൂപകൂടെ ലഭിച്ചാൽ മാത്രമെ മരുന്ന് ഓർഡർ ചെയ്യാൻ കഴിയൂ. എത്രയും വേഗം ചികിത്സ ആരംഭിക്കണമെന്ന നിർദേശമാണ് ഡോക്ടർമാർ നൽകിയിരിക്കുന്നതെന്ന് പിതാവ് പി.കെ. നാസർ 'മാധ്യമ'ത്തോട് പറഞ്ഞു.
ചികിത്സക്കുമുമ്പ് നെതർലൻഡ്സിലേക്ക് കുട്ടിയുടെ രക്തസാംപിൾ പരിശോധനക്ക് അയക്കണം. ബാക്കി തുക ലഭിക്കുമെന്ന വിശ്വാസത്തിൽ രക്തപരിശോധനക്ക് നടപടി തുടങ്ങുകയാണ്. കുഞ്ഞിെൻറ അവസ്ഥ ഓരോ ദിവസം കഴിയുന്തോറും മോശമാകുകയാണ്. ശരീരം വെള്ളംപോലെയായി. പ്രത്യേക ശബ്ദത്തോടെയാണ് ഇപ്പോൾ ശ്വാസമെടുക്കുന്നത്. പെട്ടെന്ന് പണം സമാഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ കിട്ടിയ പണംപോലും വെറുതെയാകുമെന്ന് പറയുമ്പോൾ നാസറിെൻറ വാക്കുകൾ ഇടറി.
കഴിയുംവിധം എല്ലാവരും സഹായിച്ചിട്ടുണ്ട്. എങ്കിലും പണം തികഞ്ഞാലേ മുന്നോട്ടുപോകാനാകൂ. എല്ലാവരും തെൻറ കുഞ്ഞിനായി ഒരുമിക്കണമെന്ന അഭ്യർഥനയാണ് അദ്ദേഹത്തിനുള്ളത്.
ബംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ് ഇശാൽ മറിയം. സുമനസ്സുകളുടെ സഹായം പ്രതീക്ഷിച്ച് കുഞ്ഞിെൻറ ജീവനായി പ്രാർഥനയും ചികിത്സയുമായി മുന്നോട്ടുപോകുകയാണ് കുടുംബം. സഹായങ്ങൾ നാസർ പി.കെയുടെ പേരിെല ആക്സിസ് ബാങ്ക് ബംഗളൂരു ഹെന്നൂർ ശാഖയിലേക്ക് നൽകാം. അക്കൗണ്ട് നമ്പർ: 915010040427467. ഐ.എഫ്.എസ്.സി: UTIB0002179. ഗൂഗിൾ പേ: 8762464897, 9480114897.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.