മധുവിധു ആഘോഷിച്ച് മടങ്ങവേ ദുരന്തം; വിവാഹം നടന്നത് കഴിഞ്ഞമാസം 30ന്, അപകടം വീടിന് ഏഴുകിലോമീറ്റര്‍ അകലെ വെച്ച്...
text_fieldsപത്തനംതിട്ട: മല്ലശ്ശേരി ഗ്രാമം ഇന്ന് പുലർന്നത് നാടിനെ നടുക്കിയ ദുരന്ത കഥ കേട്ടുകൊണ്ടാണ്. വാഹനാപകടം ഉണ്ടായത് മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങവെയാണ്. മല്ലശ്ശേരി സ്വദേശികളായ അനുവിന്റെയും നിഖിലിന്റെയും വിവാഹം ഇക്കഴിഞ്ഞ നവംബർ 30നായിരുന്നു. നിഖില്‍ ജോലി ചെയ്യുന്നത് കാനഡയിലാണ്. വീട് എത്താന്‍ ഏഴു കിലോമീറ്റര്‍ ദൂരം മാത്രം ബാക്കിനില്‍ക്കേയാണ് ജീവനെടുത്ത അപകടം.
പുനലൂര്‍- മൂവാറ്റുപുഴ പാതയില്‍ കോന്നി മുറിഞ്ഞകല്ലില്‍ ഇന്ന് പുലര്‍ച്ചെ നാലുമണിയോടെ ശബരിമല തീര്‍ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഒരു കുടുംബത്തിലെ നാലുപേരാണ് മരിച്ചത്. മല്ലശേരി സ്വദേശികളായ മത്തായി ഈപ്പന്‍, അനു, നിഖില്‍, ബിജു പി. ജോര്‍ജ് എന്നിവരാണ് മരിച്ചത്.
അനുവിന്റെ അച്ഛനാണ് ബിജു. നിഖിലിന്റെ പിതാവാണ് മത്തായി ഈപ്പന്‍. നാലുപേരാണ് കാറില്‍ ഉണ്ടായിരുന്നത്. ഇവരില്‍ അനു ഒഴികെ ബാക്കിയുള്ളവര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അനുവിനെ നാട്ടുകാര്‍ കോന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാൽ, രക്ഷിക്കാനായില്ല.
അപകടത്തില്‍ മാരുതി സ്വിഫ്റ്റ് കാര്‍ പൂര്‍ണമായും തകര്‍ന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് കാര്‍ യാത്രക്കാരെ പുറത്തെടുത്തത്. നാട്ടുകാര്‍ എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കാര്‍ ബസിനുള്ളിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു.
ആന്ധ്രയിൽ നിന്നുള്ള ശബരിമല തീര്‍ത്ഥാടകരുടെ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. അപകടകാരണത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഇവിടെ സ്ഥിരം അപകടമേഖലയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോകാനുള്ള സാധ്യതയായിരിക്കാം അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.