40 കോടിയുടെ കെട്ടിടം 9.18 കോടിക്ക് വിറ്റെന്ന പരാതി; വിജിലൻസ് അന്വേഷണം റദ്ദാക്കാനാവശ്യപ്പെട്ട് ഹരജി
text_fieldsകോഴിക്കോട്: സ്വകാര്യ വ്യക്തികളുമായി ഗൂഢാലോചന നടത്തി 40 കോടി വിലയുള്ള കെട്ടിടം കേരള ഫിനാൻഷ്യൽ കോർപറേഷൻ(കെ.എഫ്.സി) 9.18 കോടിരൂപക്ക് ലേലത്തിൽ വിറ്റെന്ന പരാതിയിലെ വിജിലൻസ് അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി.
കെട്ടിട വിൽപന നടക്കുമ്പോഴുണ്ടായിരുന്ന കെ.എഫ്.സി ജനറൽ മാനേജർ പ്രേംനാഥ് രവീന്ദ്രനാഥാണ് ഹൈകോടതിയെ സമീപിച്ചത്. ഹരജി വരും ദിവസം കോടതി പരിഗണിക്കും. നിലവിൽ കോടതിയിൽ കേസ് നിൽക്കുന്നതിനാൽ വിജിലൻസിനെ സമീപിച്ചത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയത്.
വിജിലൻസിന് ലഭിച്ച പരാതിയിൽ നിലവിൽ കെ.എഫ്.സി മുന്‍ മാനേജിങ് ഡയറക്ടര്‍ ഡി.ജി.പി ടോമിന്‍ ജെ. തച്ചങ്കരിയടക്കം ഒമ്പതു പേര്‍ക്കെതിരെ പ്രാഥമികാന്വേഷണം നടത്താൻ വിജിലൻസ് പ്രത്യേക കോടതി ഉത്തരവുണ്ട്.
മേയ് 16നകം പ്രാഥമിക അന്വേഷണം നടത്തി വിജിലന്‍സ് കോഴിക്കോട് യൂനിറ്റ് ഡിവൈ.എസ്.പി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ജഡ്ജി ടി. മധുസൂദനന്‍റെ നിർദേശം. ആരോപണ വിധേയരായ മറ്റുള്ളവരും അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് വരും ദിവസം കോടതിയെ സമീപിക്കുമെന്നാണ് വിവരം. മൊഫ്യൂസില്‍ ബസ് സ്റ്റാൻഡിനടുത്തെ പേള്‍ഹില്‍ ബില്‍ഡേഴ്‌സ് കെട്ടിടമാണ് നിയമവിരുദ്ധമായി വിറ്റത്.
പേള്‍ ഹില്‍ ബില്‍ഡേഴ്‌സ് ആൻഡ് ഡെവലപേഴ്‌സ് മാനേജിങ് ഡയറക്ടര്‍ പി.പി. അബ്ദുൽ നാസര്‍, അഡ്വ. ഡി. മോഹൻദാസ് കല്ലായി മുഖേന നല്‍കിയ സ്വകാര്യ ഹരജിയിലായിരുന്നു വിജിലൻസ് അന്വേഷണത്തിന് ഉത്തരവായത്. 40.06 സെന്‍റ് സ്ഥലത്ത് 48.197ചതുരശ്ര അടിയിൽ പണിത കെട്ടിടം വിലകുറച്ച് വിറ്റതാണെന്നാണ് ആരോപണം. വിപണിയിൽ സെന്‍റിന് 75ലക്ഷം രൂപവിലയുള്ളതിനാൽ സ്ഥലത്തിനുതന്നെ 30കോടിയുടെ മൂല്യമുണ്ട്. മാത്രമല്ല കെട്ടിടത്തിന് ചതുരശ്ര അടിക്ക് 2000 രൂപതോതിൽ 10 കോടിയെങ്കിലും കിട്ടും.
മറ്റു പ്രതികളായ അന്നത്തെ കെ.എഫ്.സി ജനറല്‍ മാനേജർ പ്രേംനാഥ് രവീന്ദ്രനാഥ്, കോഴിക്കോട് ബ്രാഞ്ച് ചീഫ് മാനേജർ സി.അബ്ദുല്‍ മനാഫ് എന്നിവരും ചേർന്ന് സ്വകാര്യവ്യക്തിക്ക് നേട്ടമുണ്ടാക്കാൻ ക്രിമിനൽ ഗൂഢാലോചന നടത്തി പൊതുസ്വത്ത് നഷട്പ്പെടുത്തിയെന്നാണ് പരാതി. 4.89 കോടിരൂപ കെ.എഫ്.സിയില്‍ നിന്ന് വായ്പയെടുത്താണ് നാസര്‍ 2014ല്‍ കെട്ടിടമുണ്ടാക്കിയത്.
അഞ്ചുകൊല്ലത്തിനകം 2.60 കോടിരൂപ തിരിച്ചടച്ചെങ്കിലും കുടിശ്ശിക ഒമ്പത് കോടിയായി. തിരിച്ചടവിൽ വീഴ്ചയാരോപിച്ച് 2021 മാര്‍ച്ചില്‍ കെട്ടിടം ലേലത്തില്‍ വിറ്റു. ഇ-ടെൻഡറിൽ ലേലം നടത്തിയെങ്കിലും ഉടമയായ പരാതിക്കാരന് വിവരം കൊടുത്തില്ല. കൊല്ലത്തുള്ളയാൾ ലേലത്തിലെടുത്തെങ്കിലും ലേലത്തില്‍നിന്ന് പിന്‍വാങ്ങിയ ആളുടെ മകന്‍റെയടക്കം പേരിൽ രജിസ്റ്റര്‍ ചെയ്തെന്നും പരാതിയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.