സംസ്ഥാനത്ത് 40 പാമ്പുപിടിത്തക്കാരികൾ
text_fieldsതൃശൂർ: വനംവകുപ്പ് പാമ്പുപിടിത്തത്തിൽ പരിശീലനം നൽകി ലൈസൻസ് ലഭിച്ചവരിൽ 40 സ്ത്രീകൾ. വനംവകുപ്പ് ജീവനക്കാരുൾപ്പെടുന്ന പാമ്പുപിടിത്തക്കാരികളിൽ 20 പേർ താൽപര്യപൂർവം ഈ രംഗത്തെത്തിയവരാണ്.
2020ൽ കേരള വനംവകുപ്പ് ഔദ്യോഗികമായി ഇറക്കിയ മാർഗരേഖയിൽ, പാമ്പുകളെ കൈകാര്യം ചെയ്യുന്നത് കൃത്യമായ ശാസ്ത്രീയ മുന്നൊരുക്കങ്ങളും സ്നേക് ഹുക്ക് പോലെയുള്ള സുരക്ഷക്രമീകരണങ്ങൾ വഴിയും മാത്രമേ പാടുള്ളൂ എന്ന് നിഷ്കർഷിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഏകദിന പരിശീലനം നടത്തി വനംവകുപ്പ് വളന്റിയർമാരെ തെരഞ്ഞെടുത്തത്. ഇത്തരത്തിൽ പാമ്പുപിടിത്ത ലൈസൻസ് ഉള്ള 928 പേർ സംസ്ഥാനത്തുണ്ട്. പരിശീലനം ലഭിച്ചവർക്ക് റെസ്ക്യു കിറ്റ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ നൽകി. അഞ്ചുവർഷത്തെ സർട്ടിഫിക്കറ്റ് ലഭിച്ചവർക്കു മാത്രമേ പാമ്പുപിടിത്തം അനുവദിക്കൂ.
2020 ആഗസ്റ്റിൽ തുടങ്ങിയ പരിശീലനത്തിൽ ആദ്യഘട്ടത്തിൽ വനംവകുപ്പിലെ 520 പേർക്ക് സർട്ടിഫിക്കറ്റ് നൽകിയിരുന്നു. രണ്ടാംഘട്ടം വളന്റിയർമാരുടെ പരിശീലനം നവംബറിലും നടന്നു. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ പാമ്പുപിടിത്തക്കാരുള്ളത്- 130 പേർ. കുറവ് ആലപ്പുഴയിലും- 16.
കോഴിക്കോട്, കോട്ടയം, ആലപ്പുഴ ജില്ലകളിലെ മലയോര മേഖലകളിലാണ് പാമ്പുശല്യം ഏറെയുള്ളത്. വനംവകുപ്പ് തയാറാക്കിയ സർപ്പ ആപ്പ് (സ്നേക്ക് അവയർനസ്സ് റസ്ക്യൂ ആന്‍ഡ് പ്രൊട്ടക്ഷൻ ആപ്പ്) വഴി എല്ലാ ജില്ലകളിലും തൊട്ടടുത്ത ഇടങ്ങളിൽ പാമ്പുപിടിത്തക്കാരെ ബന്ധപ്പെടാനുള്ള വിശദാംശം ലഭ്യമാണ്.
വേണ്ടത് ശാസ്ത്രീയ മാർഗം
തൃശൂർ: ശാസ്ത്രീയ പാമ്പുപിടിത്ത മാർഗങ്ങൾ ഉപയോഗിക്കാതിരുന്നതാണ് വാവ സുരേഷിനെ അപകടത്തിലാക്കിയതെന്ന് വിഗദ്ധർ. സ്നേക് ഹുക്ക് പോലെയുള്ള സുരക്ഷക്രമീകരണങ്ങൾ ഉപയോഗിച്ചിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന അപകടമായിരുന്നു അത്. അശാസ്ത്രീയവും അപകടകരമായ രീതിയിൽ പാമ്പുകളെ കൈകാര്യം ചെയ്യുന്നത് വിലക്കിയ സർക്കാറിന്റെ 2020ലെ മാർഗനിർദേശത്തിന് കടകവിരുദ്ധം കൂടിയായിരുന്നു ആ പ്രവൃത്തി.
സർക്കാർ അംഗീകരിച്ച പാമ്പുപിടിത്തക്കാർ ഹുക്ക്, പൈപ്പ് കഷണം, ത്രികോണ നിർമിതി ഉൾപ്പെടുന്ന കിറ്റുമായാണ് പാമ്പുപിടിത്തത്തിന് എത്താറ്. പാമ്പുകളെ പ്രദര്‍ശിപ്പിക്കുക, അവയെ പ്രസിദ്ധിക്കായി ഉപയോഗിക്കുക, സുരക്ഷ ഉപകരണങ്ങൾ ഒഴിവാക്കി അപകടകരമായ റെസ്ക്യു ചെയ്യുക എന്നതിനെതിരെ നിയമനടപടി സ്വീകരിക്കാൻ വനംവകുപ്പിന് അധികാരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.