ഭക്ഷ്യവിഷബാധയേറ്റത് മീൻകറിയിൽനിന്നെന്ന് ജവാന്മാർ
text_fields
കഴക്കൂട്ടം: പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിലെ ഭക്ഷ്യവിഷബാധക്ക് കാരണം രാത്രി ഭക്ഷണത്തിനൊപ്പം വിളമ്പിയ മീൻകറിയെന്നാണ് പ്രാഥമിക വിവരം. ഞായറാഴ്ച രാവിലെ സി.ആർ.പി.എഫ് ക്യാമ്പിലെ ഉന്നതസംഘം സംഭവം വിശദമായി പരിശോധിക്കും. മത്സ്യമാർക്കറ്റിൽ നിന്ന് മീൻ വാങ്ങിയതുൾപ്പെടെയുള്ള നടപടിക്രമങ്ങൾ പരിശോധനക്ക് വിധേയമാക്കും. ആരോഗ്യമന്ത്രി കെ.കെ. ശൈലജ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി ചികിത്സയിലുള്ള ജവാന്മാരെ സന്ദർശിച്ചു. 600ഒാളം പേരെ ചികിത്സിക്കാനുള്ള മരുന്നും മറ്റ് സൗകര്യങ്ങളും മെഡിക്കൽകോളജിൽ ഒരുക്കിയിട്ടുണ്ടെന്നും ഭക്ഷ്യസാമ്പിൾ ശേഖരിക്കാൻ ഭക്ഷ്യസുരക്ഷസ്ക്വാഡിനെ ചുമതലപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു.
പരിശീലനത്തിനെത്തിയ എണ്ണൂറോളം അന്യസംസ്ഥാനക്കാരായ ജവാന്മാർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കഴിഞ്ഞ 21നാണ് ഇവർ ക്യാമ്പിലെത്തിയത്. മീൻ പൊരിച്ചത്, ചപ്പാത്തി, ചോറ് എന്നിവയാണ് പതിവായി രാത്രിഭക്ഷണമായി നൽകുന്നത്. എന്നാൽ, ശനിയാഴ്ച പതിവിന് വിപരീതമായി മീൻകറിയാണ് നൽകിയതെന്ന് കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ജവാന്മാർ പറഞ്ഞു.
ജവാന്മാരെ മെഡിക്കൽ കോളജിൽ എത്തിച്ചതോടെ ഡോക്ടർമാരെയും പാരാമെഡിക്കൽ സ്റ്റാഫിനെയും വീടുകളിൽനിന്ന് വരുത്തി. വാർഡുകളിൽ ഒഴിവുള്ള െബഡുകളെല്ലാം തയാറാക്കുകയും ചെയ്തു. ഡെപ്യൂട്ടി പൊലീസ് കമീഷണർ ഡോ. അരുൾ കൃഷ്ണ, എ.സി. പ്രമോദ്കുമാർ, ശംഖുംമുഖം എ.സി അജിത്കുമാർ, മെഡിക്കൽ കോളജ് സി.ഐ ബിനുകുമാർ, എസ്.ഐ ഗിരീഷ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ വൻപൊലീസ് സന്നാഹം മെഡിക്കൽ കോളജിൽ എത്തി പ്രവർത്തനങ്ങൾ നിയന്ത്രിച്ചു. പള്ളിപ്പുറത്തെ ഡി.ഐ.ജി ഡോ. അശോക് സ്ഥലത്തെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
രാത്രി 11ഒാടെ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ സാമ്പിൾ ശേഖരിക്കാൻ എത്തിയെങ്കിലും ക്യാമ്പിലേക്ക് കടത്തിവിട്ടില്ല. ആരോഗ്യമന്ത്രി ഇടപെട്ടാണ് ഇൗ പ്രശ്നം പരിഹരിച്ചത്. തുടർന്ന് മംഗലപുരം പൊലീസ് എത്തി ജീപ്പിൽ ഉദ്യോഗസ്ഥരെ അകത്തെത്തിക്കുകയായിരുന്നു. ആറ്റിങ്ങൽ എ.എസ്.പി, പോത്തൻകോട് സി.ഐ എന്നിവരുടെ നേതൃത്വത്തിൽ മംഗലപുരം പൊലീസ് ക്യാമ്പിനുള്ളിലും പരിസരത്തുമുണ്ട്. അടിയന്തരസാഹചര്യം നേരിടാൻ പതിനഞ്ചോളം ആംബുലൻസുകൾ സജ്ജീകരിച്ചിട്ടുണ്ടെന്നും മംഗലപുരം പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.