മൂന്നു സർവകലാശാലകൾക്ക് 100 കോടി വീതം, 11 കോളജുകൾക്ക് അഞ്ചു കോടി വീതം; ഉന്നത വിദ്യാഭ്യാസ മേഖലയുടെ മികവ് വർധിപ്പിക്കാൻ പി.എം. ഉഷ പദ്ധതി
text_fieldsതൃശൂർ: പി.എം. ഉഷ പദ്ധതിയിൽ സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ മേഖലക്ക് 405 കോടി രൂപ അനുവദിച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഗവേഷണവും വൈവിധ്യമാർന്ന വിദ്യാഭ്യാസ പദ്ധതികളും പ്രോത്സാഹിപ്പിക്കുന്നതിനായി മൂന്നു സർവകലാശാലകൾക്ക് 100 കോടി രൂപ വീതം ലഭിക്കും. കേരള, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾക്കാണ് ഈ തുക ലഭിക്കുക. സർവകലാശാലയുടെ ശാക്തീകരണത്തിനായി മഹാത്മ ഗാന്ധി സർവകലാശാലക്ക് 20 കോടി രൂപ ലഭിക്കും. വിദ്യാഭ്യാസത്തിൽ തുല്യത പ്രോത്സാഹിപ്പിക്കുന്നതിന് പാലക്കാട്, തൃശൂർ, വയനാട് ജില്ലകൾക്ക് 10 കോടി വീതവും ലഭിക്കും. അടിസ്ഥാന സൗകര്യമടക്കമുള്ളവയുടെ വികസനത്തിനായി 11 കോളജുകൾക്ക് അഞ്ചു കോടി വീതവും നൽകും. മൊത്തം ഫണ്ടിങ് തുകയുടെ 60 ശതമാനം കേന്ദ്രവും 40 ശതമാനം കേരളവും വഹിക്കും.
ആലപ്പുഴ എസ്.ഡി കോളജ്, മാറമ്പള്ളി എം.ഇ.എസ് കോളജ്, കളമശ്ശേരി സെന്റ് പോൾസ് കോളജ്, മൂലമറ്റം സെന്റ് ജോസഫ്സ് കോളജ്, ഉദുമ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ്, കൊല്ലം ഫാത്തിമ മാതാ നാഷനൽ കോളജ്, കോഴിക്കോട് സാമൂതിരീസ് ഗുരുവായൂരപ്പൻ കോളജ്, മണ്ണാർക്കാട് കല്ലടി എം.ഇ.എസ് കോളജ്, പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്, എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളജ്, മുട്ടിൽ ഡബ്ല്യു.എം.ഒ ആർട്സ് ആൻഡ് സയൻസ് കോളജ് എന്നിവക്കാണ് അഞ്ചു കോടി വീതം അനുവദിച്ചിട്ടുള്ളത്. ഉന്നത വിദ്യാഭ്യാസ മേഖലയുടെ മികവ് വർധിപ്പിക്കാനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സമഗ്ര ധനസഹായ പാക്കേജ് സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. മുമ്പ് റൂസ എന്ന പേരിലറിയപ്പെട്ടിരുന്ന പദ്ധതിയിൽ രണ്ടു ഘട്ടങ്ങളിലായി 560 കോടി രൂപ അനുവദിച്ചിരുന്നു. ഈ തുകയുടെ ഫലപ്രദമായ വിനിയോഗം ഇത്തവണ കൂടുതൽ തുക അനുവദിക്കാൻ സഹായകമായതായും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.