വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത നൃത്താധ്യാപകന് 40.5 വര്‍ഷം കഠിനതടവ്
text_fieldsമഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ നൃത്താധ്യാപകനെ മഞ്ചേരി പോക്‌സോ അതിവേഗ കോടതി 40.5 വര്‍ഷം കഠിന തടവിനും 4,10,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കുഴിമണ്ണ കിഴിശ്ശേരി പള്ളിക്കുന്നത്ത് കാവുംകണ്ടിയില്‍ ചേവായി മോഹന്‍ദാസിനെയാണ് (40) ജഡ്ജി എ.എം. അഷ്‌റഫ് ശിക്ഷിച്ചത്.
പോക്‌സോ ആക്ടിലെ നാല് വകുപ്പുകളിലായി ഓരോ വകുപ്പിലും പത്തുവര്‍ഷം വീതം കഠിനതടവ്, ഒരുലക്ഷം വീതം പിഴ എന്നിങ്ങനെയാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ ഓരോ വകുപ്പിലും നാലുമാസം വീതം തടവനുഭവിക്കണം. പ്രതി റിമാൻഡില്‍ കഴിഞ്ഞ കാലാവധി തടവ് ശിക്ഷയില്‍ കുറക്കാനും കോടതി ഉത്തരവിട്ടു. പിഴത്തുക അതിജീവിതക്ക് നല്‍കണം.
കുഴിമണ്ണയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ നൃത്ത, സംഗീത ക്ലാസെടുക്കുകയായിരുന്ന പ്രതി, ഇവിടെ പഠിക്കാനെത്തിയ പെണ്‍കുട്ടിയെയാണ് ബലാത്സംഗം ചെയ്തത്. പെണ്‍കുട്ടി ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെതുടര്‍ന്ന് കിഴിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് ഗര്‍ഭിണിയായതറിയുന്നത്. മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ആണ്‍കുട്ടിക്ക് ജന്മം നല്‍കുകയും കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുഖേന ദത്ത് നല്‍കുകയുമായിരുന്നു.
കൊണ്ടോട്ടി പൊലീസ് ഇന്‍സ്‌പെക്ടറായിരുന്ന ബി. സന്തോഷാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നവജാത ശിശുവിന്റെ ഡി.എന്‍.എ പരിശോധനയില്‍ പ്രതി തന്നെയാണ് കുട്ടിയുടെ പിതാവെന്ന് കണ്ടെത്തിയിരുന്നു. അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ. സോമസുന്ദരന്‍ 23 സാക്ഷികളെ വിസ്തരിച്ചു. 24 രേഖകള്‍ ഹാജരാക്കി. പ്രോസിക്യൂഷന്‍ ലൈസണ്‍ വിങ്ങിലെ അസി. സബ് ഇന്‍സ്‌പെക്ടര്‍മാരായ എന്‍, സല്‍മ, പി, ഷാജിമോള്‍ എന്നിവര്‍ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.