പത്ത് കടക്കാൻ 4.27 ലക്ഷം പേർ; പരീക്ഷയെഴുതുന്നവരുടെ എണ്ണത്തിൽ വർധന
text_fieldsതിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന കുട്ടികളുടെ എണ്ണത്തിൽ വർധന. കഴിഞ്ഞവർഷം 4,21,887 പേരായിരുന്നെങ്കിൽ ഇത്തവണ രജിസ്റ്റർ ചെയ്തത് 4,26,967 പേർ. 5,080 പേർ കൂടുതൽ. 2016ന് ശേഷം ആദ്യമായാണ് മുൻവർഷത്തെ അപേക്ഷിച്ച് കുട്ടികളുടെ എണ്ണം ഉയരുന്നത്. 2015ൽ പരീക്ഷ എഴുതിയത് 468243 പേരായിരുന്നെങ്കിൽ 2016ൽ 473803 ആയി വർധിച്ചു. തുടർവർഷങ്ങളിലെല്ലാം കുട്ടികൾ കുറഞ്ഞുവരുകയായിരുന്നു.
പ്രൈവറ്റായി 393 പേരും പരീക്ഷയെഴുതുന്നുണ്ട്. സർക്കാർ സ്കൂളുകളിൽ 1,41,479 പേരും എയ്ഡഡിൽ 2,55,942 പേരും അൺ എയ്ഡഡിൽ 29,546 പേരുമാണുള്ളത്. 2,18,903 ആൺകുട്ടികളും 2,08,064 പെൺകുട്ടികളുമാണ് പരീക്ഷ എഴുതുന്നത്. 3,059 സ്കൂളുകൾക്കായി 2,962 കേന്ദ്രങ്ങളിലാണ് (സർക്കാർ 1166, എയ്ഡഡ് 1421, അൺഎയ്ഡഡ് 372) പരീക്ഷ.
ഗൾഫിൽ ഒമ്പത് കേന്ദ്രങ്ങളിൽ 574 പേരും ലക്ഷദ്വീപിൽ ഒമ്പത് കേന്ദ്രങ്ങളിൽ 882 പേരും പരീക്ഷയെഴുതും. കൂടുതൽ പേർ പരീക്ഷയെഴുതുന്നത് ഇത്തവണയും മലപ്പുറം എടരിക്കോട് പി.കെ.എം.എം.എച്ച്.എസിലാണ്; 2104 കുട്ടികൾ.
കുറവ് മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ രണ്ടാർക്കര എച്ച്.എം.എച്ച്.എസ്.എസിലാണ്; ഒരാൾ. കൂടുതൽ വിദ്യാർഥികളുള്ള ജില്ലയും വിദ്യാഭ്യാസ ജില്ലയും മലപ്പുറമാണ്. റവന്യൂ ജില്ലയിൽ 78237 പേരും വിദ്യാഭ്യാസ ജില്ലയിൽ 27485 പേരും പരീക്ഷയെഴുതും. കുറവ് കുട്ടികൾ ഉള്ള ജില്ല പത്തനംതിട്ടയും (10529) വിദ്യാഭ്യാസ ജില്ല കുട്ടനാടും (1955) ആണ്.
പരീക്ഷ എഴുതുന്നവർ
തിരുവനന്തപുരം 35,116
കൊല്ലം 30,955
പത്തനംതിട്ട 10,529
ആലപ്പുഴ 21,953
കോട്ടയം 19,480
ഇടുക്കി 11,426
എറണാകുളം 32,816
തൃശൂർ 35,964
പാലക്കാട് 39,423
മലപ്പുറം 78,237
കോഴിക്കോട് 43,743
വയനാട് 12,241
കണ്ണൂർ 35,281
കാസർകോട് 19,803
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.